കൊല്ലം നഗരത്തിൽ 2 കുടിവെള്ള പദ്ധതികൾ

Saturday 09 May 2026 12:31 AM IST

കൊല്ലം: അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടു കുടിവെള്ള പദ്ധതികൾക്ക് ഇന്നലെ ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗം അംഗീകാരം നൽകി. ഞാങ്കടവ് കുടിവെള്ള പദ്ധതിയിൽ നിന്ന് ആഞ്ചാലുംമുട്ടിലേക്കും മങ്ങാട്, കിളികൊല്ലൂർ, കരിക്കോട് മേഖലയിലും കുടിവെള്ളം

എത്തിക്കുന്ന പദ്ധതികളാണ് കൗൺസിൽ യോഗം അംഗീകരിച്ചത്. അഷ്ടമുടിക്കായലിന് അടിയിലൂടെ പൈപ്പ് ലൈൻ സ്ഥാപിച്ചാണ് മതിലിൽ, കടവൂർ, അഞ്ചാലുംമൂട് മേഖലയിൽ കുടിവെള്ളം എത്തിക്കുന്നത്. അഞ്ചാലുമൂട്ടിൽ സംഭരണി നിർമിക്കും. 13.3 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. പുളിയത്ത്മുക്ക്, ഈഴവപാലം വഴിയാണ് കരിക്കോട് മങ്ങാട്, കിളികൊല്ലൂർ മേഖലയിൽ കുടിവെള്ളം എത്തിക്കുന്നത്. ഇതിന് 7 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നു. മേയർ എ.കെ.ഹഫീസ് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരസമിതി അദ്ധ്യക്ഷൻ എം.എസ്.ഗോപകുമാർ പദ്ധതി വിശദീകരിച്ചു.