ആക്രിയില്ല, അഴകുള്ള ഉദ്യാനം

Saturday 09 May 2026 12:02 AM IST
കോ​ഴി​ക്കോ​ട് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഓ​ഫീ​സി​ന് ​സ​മീ​പ​ത്തെ​ ​വേ​സ്റ്റ് ​ടു​ ​ വ​ണ്ട​ർ​ ​പാ​ർ​ക്ക്

കോർപ്പറേഷന് സമീപം ഒരുങ്ങി

'വേസ്റ്റ് ടു വണ്ടർ'പാർക്ക്

കോഴിക്കോട്: കോ​ർപ്പ​റേ​ഷ​ൻ ഓ​ഫീസി​ന് പി​ന്നിലെ പാഴ്‌വസ്തുക്കൾ കൂട്ടിയിട്ടയിടം കണ്ടാൽ ഇപ്പോൾ ശരിക്കും വണ്ടറടിക്കും. തുരുമ്പിച്ച ഇരുമ്പു കഷണങ്ങളില്ല, പഴകിയ ടയറുകളില്ല, പകരം വിസ്മയിപ്പിക്കും ഉദ്യാനം. കുന്നുകൂടിക്കിടന്ന മണ്ണും മാലിന്യവുമെല്ലാം നീക്കി പാഴ് വസ്തുക്കൾക്കെല്ലാം നിറംപകർന്ന് 'വേസ്റ്റ് ടു വണ്ടർ'പാർക്ക് ഒരുക്കിയിരിക്കുകയാണ് കോർപ്പറേഷൻ. ഉപേക്ഷിച്ച ബൈക്കിന്റെ ഭാഗങ്ങൾ കൊണ്ടുണ്ടാക്കിയ റോബോട്ട്, ടയറുകൾ ഉപയോഗിച്ചുള്ള ചെടിച്ചട്ടികൾ, പഴകിയ ഇരുമ്പ് വീപ്പയും പെെപ്പുകളും ചേർത്ത് നിർമിച്ച കിണർ... അങ്ങനെ.. അങ്ങനെ അതിശയിപ്പിക്കും കാഴ്ചകളാണ് നിറയെ. പഴകിയ ഫ്രിഡ്ജുകളും സ്ലാബുകളുമാണ് ഇരിപ്പിടങ്ങൾ. ഉ​പേക്ഷിച്ച ഉ​ന്തു​വ​ണ്ടി, പ​ല​ത​രം ആ​ക്രി​ സാ​ധ​ന​ങ്ങ​ൾ, കു​പ്പി​ക​ൾ, പ​ഴ​യ ബ​ൾ​ബ് എന്നിവയെല്ലാം നിറമുള്ള കാഴ്ചകളാണ്. പാർക്കിലെത്തുന്നവർക്ക് മാലിന്യം നിക്ഷേപിക്കാൻ പ്രത്യേക സൗകര്യങ്ങളും നടപ്പാതയുമുണ്ട്. ലഹരിയല്ല ജീവിതമെന്ന സന്ദേശം പകരുന്ന ലഹരി വിരുദ്ധ കോർണറുകളുമുണ്ട്. പാർക്കിലെത്തുന്നവർക്ക് വായിക്കാൻ പുസ്തകങ്ങളും വായന കോർണറുമുണ്ട്. പുസ്തകങ്ങൾ സൂക്ഷിക്കാൻ പാഴ്വസ്തുക്കളിൽ ഉണ്ടാക്കിയ ഷെൽഫുകളുമുണ്ട്. സന്ദർശകർക്ക് അഭിപ്രായം കുറിക്കാൻ ഒപ്പീനിയൻ ബോർഡും മരത്തിൽ തൂക്കിയിട്ടുണ്ട്. ഉപയോഗം കുറയ്ക്കുക, പുനരുപയോഗിക്കുക, പുനഃചംക്രമണം, പുനർവിചിന്തനം, ആവർത്തനം എന്ന ആശയത്തിലൂന്നിയാണ് പാർക്കിന്റെ നിർമ്മാണം.

വരും തണൽ മരങ്ങളും

പുൽത്തകിടിയും

പാ​ർ​ക്കിൽ വെയിലേൽക്കാതിരിക്കാൻ തണൽ മരങ്ങൾ വെക്കുകയോ മറ്റ് സംവിധാനങ്ങൾ ഒരുക്കുകയോ ചെയ്യും. വെളിച്ചവും ഇ​രി​ക്കാ​നാ​യി പു​ൽ​ത്ത​കി​ടി​യും ഒ​രു​ക്കും. മാലിന്യനിർമാർജനവും ശുചിത്വവും ലക്ഷ്യമിട്ടുള്ള സ്വച്ഛ് സർവേക്ഷൺ കാമ്പെയിന്റെ ഭാഗമായാണ് കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലുള്ള പാർക്ക് . ശുചീകരണ തൊഴിലാളികളാണ് പാർക്കിന്റെ നിർമ്മാണത്തിന് പിന്നിൽ.

'രണ്ട് ദിവസത്തിനകം പാർക്കിന്റെ പണി പൂർത്തിയാകും. നഗരത്തിലെ മാലിന്യം

നിറഞ്ഞ ഇടങ്ങൾ മനോഹരമാക്കുകയാണ് ലക്ഷ്യം'. ഡോ. മുനവർ റഹ്‌മാൻ, ഹെൽത്ത് ഓഫീസർ