ദാരിദ്ര്യം മുതലെടുത്ത് അവയവമാഫിയ; വൃക്കകളുണ്ട്, കരിഞ്ചന്തയിൽ !

Saturday 09 May 2026 12:00 AM IST

തൃശൂർ: തൃശൂരിന്റെ തീരദേശം അവയവ കൈമാറ്റ മാഫിയയുടെ കേന്ദ്രമായി മാറുന്നു. കയ്പമംഗലം, കൊടുങ്ങല്ലൂർ ഉൾപ്പെടെയുള്ള തീരദേശ മേഖലയാണ് ആശങ്ക ജനിപ്പിക്കുംവിധം അവയവ കച്ചവട കേന്ദ്രമാകുന്നുവെന്ന് സംശയിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവി പ്രൊഫ. ഡോ. ഹിതേഷ് ശങ്കർ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിപ്പിട്ടത്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പട്ടിക വിഭാഗക്കാർ ഉൾപ്പെടെയുള്ള ജനവിഭാഗത്തെയാണ് ചൂഷണം ചെയ്യുന്നത്. ദാതാക്കളിൽ ഭൂരിഭാഗവും സ്ത്രീകളാണ്. ഒന്നര ലക്ഷം മുതൽ നാല് ലക്ഷം രൂപ വരെ ഓഫർ ചെയ്താണ് ഓരോ ദാതാവിനെയും കണ്ടെത്തുന്നതെന്നാണ് വിവരം. എന്നാൽ അവയവം സ്വീകരിക്കുന്നവരിൽ നിന്നും പത്ത് മുതൽ 15 ലക്ഷം രൂപ വരെ വാങ്ങിച്ച് വീതം വയ്ക്കുകയാണ് ശൃംഖലയിലെ ഇടനിലക്കാർ.

ഓരോ മാസവും എട്ട് മുതൽ ഒമ്പത് വരെ ഫയലുകളാണ് അവയവ കൈമാറ്റത്തിനുള്ള അനുമതി തേടി തൃശൂരിലെ ജില്ലാതല അംഗീകാര സമിതിക്ക് മുൻപിലെത്തുന്നതത്രെ. ഈവിധം ഒരു വർഷം ശരാശരി അറുപതോളം പേരുടെ അപേക്ഷ സമിതിക്ക് അംഗീകരിക്കേണ്ടി വരുന്നുവെന്നാണ് ഇപ്പോഴത്തെ കണക്ക്.

കഴിഞ്ഞ പത്തുവർഷത്തിനിടെയാണ് അവയവ കൈമാറ്റ മാഫിയ സജീവമായത്. ഓരോ മാസവും ഒന്നോ രണ്ടോ പേരുടെ അവയവ മാറ്റത്തിന് മാത്രം അനുമതി തേടി വന്നിരുന്ന സ്ഥാനത്താണ് എട്ടിരട്ടിയോളം അധികവർദ്ധനവ്. ആശുപത്രികൾ ഏറെയുള്ള തൃശൂരിലും എറണാകുളത്തുമാണ് കൂടുതൽ അപേക്ഷകൾ എത്തുന്നത്. തീരദേശ ജനതയുടെ അറിവില്ലായ്മയും ദാരിദ്ര്യവും മുതലെടുത്താണ് ചൂഷണം.

വിളവ് തിന്ന് വേലിയും ?

'ആത്മാർത്ഥ ദാനം' എന്ന പേരിൽ ജീവിച്ചിരിക്കുന്ന വ്യക്തി അവയവ കൈമാറ്റം നടത്തുന്ന പ്രക്രിയയിലാണ് സാമ്പത്തിക ഇടപാടും ചൂഷണവും കൂടുതൽ. ദാതാവിന് ഒരു പരിചയവുമില്ലാത്തയാൾക്കായാണ് സ്ത്രീകൾ പലപ്പോഴും അവയവം നൽകുന്നതത്രെ. ഭർത്താവിന്റെ പരിചയക്കാരനെന്ന് പറഞ്ഞ് കൃത്രിമ കെട്ടുകഥകളാണ് സമിതിക്ക് മുൻപിലെത്തുന്നതെന്നാണ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ ഡോ. ഹിതേഷ് ശങ്കർ പറയുന്നത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, ഫോറൻസിക് വിഭാഗം പ്രൊഫസർ, ഹെൽത്ത് സെക്രട്ടറിയുടെ നോമിനി, ജി.എച്ച്.എസ് നോമിനി, ഗവ. സർജൻ, സോഷ്യൽ ആക്ടിവിസ്റ്റ് എന്നിവർ ഉൾപ്പെടുന്നതാണ് അവയവ കൈമാറ്റത്തിനുള്ള ജില്ലാതല അംഗീകാര സമിതി. തൃശൂരിൽ ഹെൽത്ത് സെക്രട്ടറിയുടെ നോമിനി ആയിരുന്നയാൾ പിന്നീട് സോഷ്യൽ ആക്ടിവിസ്റ്റ് എന്ന പേരിൽ വീണ്ടും സമിതിയിൽ പ്രത്യക്ഷപ്പെട്ടത് സംശയാസ്പദം.

സാമ്പത്തിക ക്രമക്കേടോ, ചൂഷണമോ സംശയിക്കുന്ന കേസുകളിൽ പോലും അനുമതി നൽകണമെന്ന പേരിൽ ഫോൺ കോൾ സമ്മർദ്ദം സമിതി അംഗങ്ങൾക്ക് മേൽ ഉണ്ടാകാറുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. സംഘടിത ശ്രമങ്ങളുടെ സൂചനയാണിതെന്നാണ് ഡോ. ഹിതേഷ് ശങ്കറിന്റെ ആരോപണം. സാമ്പത്തിക ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയ കേസുകൾ പോലും കോടതി ഉത്തരവിന്റെ പിൻബലത്തിൽ അനുമതി നേടി പോകാറുണ്ടെന്നത് ഞെട്ടിപ്പിക്കാറുണ്ടെന്നും ഹിതേഷ് കേരളകൗമുദിയോട് പറഞ്ഞു.

രണ്ടുമാസത്തിനിടെ 16 അവയവ മാറ്റത്തിനുള്ള അപേക്ഷകളാണ് ജില്ലാതല സമിതി തള്ളിയത്. തൃശൂർ കേന്ദ്രീകരിച്ച് ഒരു അവയവ മാഫിയ പ്രവർത്തിക്കുന്നുവെന്നാണ് എന്റെ ബോധ്യം. സ്ത്രീകളും ദരിദ്രരുമാണ് ഇരകൾ.

- ഡോ. ഹിതേഷ് ശങ്കർ, ഫോറൻസിക് വിഭാഗം മേധാവി, തൃശൂർ മെഡിക്കൽ കോളേജ്