SignIn
Kerala Kaumudi Online
Tuesday, 12 May 2026 5.37 AM IST

പാൻ ഇന്ത്യൻ ഹിഷാം

Increase Font Size Decrease Font Size Print Page
d

'ഹൃദയം' തൊടുന്നതാണ് ഹിഷാ അബ്ദുൾ വഹാബിന്റെ ഈണം. പാൻ ഇന്ത്യനായി ഹിഷാബിന്റെ ഈണം മാറി . ബോളിവുഡിൽ സംവിധായകൻ സഞ്ജയ് ലീല ബൻസാലി വരെ ആ ഈണത്തിന്റെ ആരാധകനായി . തെലുങ്കിൽ വിജയ് ദേവര കൊണ്ടയുടെ പ്രിയപ്പെട്ട ഈണക്കാരൻ. 'സോൾട്ട് മാംഗോ ട്രീ'യിൽ നിന്ന് ആരംഭിച്ചതാണ് സിനിമായാത്ര. മൃദുലമായ മെലഡികളും ഹൃദയസ്പർശിയായ പശ്ചാത്തലസംഗീതവും തീർത്ത് യുവതലമുറയുടെ പ്രിയ സംഗീതജ്ഞനായി മാറിയ ആലപ്പുഴയുടെ സ്വന്തം ഹിഷാമിന് 'മെലഡി മാൻ' എന്ന വിളിപ്പേരിട്ടു ശ്രോതാക്കൾ. ആഗ്രഹിച്ചതും സ്വപ്നം കണ്ടതുമായ വഴിയിൽ വിജയയാത്രയുമായി ഇന്ത്യൻ സിനിമാസംഗീതരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഹിഷാം അബ്ദുൾ വഹാബ് വിശേഷങ്ങൾ പങ്കിടുന്നു.

കരിയറിലെ ഏറ്റവും മികച്ച സമയമാണോ ഇപ്പോൾ?

തീർച്ചയായും, ഇന്ത്യയിലെ അഞ്ച് ഭാഷയിൽ വർക്ക് ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. ഏറ്റവുംമികച്ച സമയം തന്നെ എന്നാണ് വിശ്വാസം. നല്ല സമയത്തിൽ വിശ്വസിച്ച് കൊണ്ട് തന്നെയാണ് സഞ്ചരിക്കുന്നത്. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ഭാഷയിൽ ഒരേ പോലെ സാന്നിദ്ധ്യം അറിയിക്കാൻ കഴിയുന്നു. അതിന്റെ സന്തോഷം വലുതാണ്. ഒൗസേപ്പച്ചൻ സാറിനുശേഷം മലയാളത്തിൽനിന്ന് ഹിന്ദി സിനിമയിൽ എത്തുന്ന മലയാളി സംഗീത സംവിധായകൻ എന്ന വിശേഷണം വലിയ ഉത്തരവാദിത്വം നൽകുന്നു.

എല്ലാ ഭാഷയിലും മെലഡി മാജിക് ?

ഏതൊരു സംഗീത സംവിധായകന്റെയും ഉള്ളിൽ മെലഡി ഉണ്ടാകും. ആ മെലഡി എങ്ങനെ രൂപീകരിക്കുന്നു എന്നതിലാണ് കാര്യം. നിലവിൽ ഇതുവരെ ചെയ്ത 90 ശതമാനം സിനിമയും മെലഡി - റൊമാൻസ് ഓറിയന്റഡ് അല്ലെങ്കിൽ വിഷമം, വിരഹം, സന്തോഷം, സെലിബ്രേഷൻ, ഫാമിലി പശ്ചാചത്തലം അല്ലെങ്കിൽ രണ്ട് ലവേഴ്സ് തമ്മിൽ റിലേഷൻഷിപ്പ്. ഇങ്ങനെ ഈ ആംബിയൻസ് പാട്ടുകളാണ് കൂടുതലും കമ്പോസ് ചെയ്തതത്. അത്തരം അനുഭൂതി സൃഷ്ടിക്കാൻ മെലഡിക്ക് മാത്രമേ സാധിക്കൂ.

ഹൃദയത്തിന് ശേഷം എങ്ങനെ എല്ലാം പാട്ട് ജീവിതം മാറി?

ഒരുപാട് സന്തോഷം നിറഞ്ഞു.എന്നാൽ ഒരുപാട് കയറ്റവും ഇറക്കവും നിറഞ്ഞ സംഗീത യാത്രയിലൂടെ തന്നെയാണ് ഇപ്പോഴും സഞ്ചരിക്കുന്നത്. ഹൃദയത്തിലെ പാട്ടുകൾ കേട്ട് എന്നെ സമീപിച്ച സംവിധായകരുടെ സിനിമകൾ പലതും ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു . ഹൃദയത്തിനുശേഷം നേരെ തെലുങ്കിൽ പോയി. വിജയ് ദേവരകൊണ്ടയുടെ കുഷി യും നാനിയുടെ ഹായ് നാന്നയും രശ്മിക മന്ദാനയുടെ ഗേൾഫ്രണ്ടും ചെയ്തു. കന്നഡയിൽ ഗോൾഡൻ സ്റ്റാർ ഗണേശിന്റെ സിനിമ. തമിഴിൽ സൂരിയും അർജുൻ ദാസും അഭിനയിക്കുന്ന രണ്ട് സിനിമകൾ ചെയ്യാൻ സാധിച്ചു. അതിനുശേഷം ഹിന്ദിയിൽ സഞ്ജയ് ലീല ബൻസാലി നിർമ്മിച്ച ദോ ദീവാനെ സെഹേർ മേം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കാൻ പറ്റി. ഇപ്പോൾ തിയേറ്ററിൽ പ്രദർശിപ്പിക്കുന്ന ഷറഫുദ്ദീന്റെ "മധുവിധു" . അങ്ങനെ ഒത്തിരി സന്തോഷങ്ങൾ.

ഇപ്പോഴും അവസരങ്ങൾ ചോദിക്കാറുണ്ടോ?

എല്ലാ ദിവസവും ചോദിക്കാറുണ്ട്. ഒരു ദിവസം സത്യൻ അന്തിക്കാട് സാറിനെ വിളിക്കും. അടുത്ത ദിവസം അൻവർ റഷീദിനെ . തൊട്ടടുത്ത ദിവസം അമൽ നീരദിനെ വിളിക്കും. പിന്നത്തെ ദിവസം വിനീത് ഏട്ടനെ വീണ്ടും വിളിക്കും. ഒപ്പം ജോലി ചെയ്യാൻ എനിക്ക് ആഗ്രഹം തോന്നുന്ന പ്രിയപ്പെട്ട എല്ലാ സംവിധായകരെയും അവർക്ക് ശല്യമാവാത്ത രീതിയിൽ എപ്പോഴും, സമീപിച്ചുകൊണ്ടിരിക്കും. അതുപോലെ മഹേഷ് ഏട്ടനെ ( മഹേഷ് നാരായണൻ)​ സമീപിക്കും. നമ്മുടെ ഒരു ഇൻസ്പിറേഷനും, ഹൈ വരുന്നത് അവിടെയാണ്. അവസരം ചോദിക്കുന്നത് ജോലിയുടെ ഭാഗമായാണ് കണക്കാക്കുന്നത്.

പ്രിയ പാതി ആയിഷ സംഗീത വഴിയിൽ ചെലുത്തിയ സ്വാധീനം. ?

ആയിഷ എന്റെ ജീവിതത്തിന്റെ പാതി തന്നെയാണ് . എന്തെങ്കിലും ആയി തീരാൻ കഷ്ടപ്പെടുന്ന സമയം അവൾ കണ്ടിട്ടുണ്ട്. ഒന്നിച്ചു കഷ്ടപ്പെട്ടിട്ടുണ്ട്. അവളുടെ ഭണ്ഡാരപ്പെട്ടി പൊട്ടിച്ച് പൈസ എണ്ണി പെറുക്കി തന്ന് ഒരു മാസം ജീവിച്ചിട്ടുണ്ട്. വാടകയ്ക്ക് താമസിച്ച വീടിന്റെ ഉടമ നോമ്പ് കാലത്ത് കൊണ്ടുവന്ന ചക്ക കൊണ്ട് മാത്രം പലഹാരങ്ങൾ ഉണ്ടാക്കി ഒരു മാസം നിന്നിട്ടുണ്ട്.മുൻപ് കമ്പോസ് ചെയ്യാൻ ഒരു മുറിയാണ് ഉള്ളത് ആ സമയത്ത് അവൾ നിലത്ത് പായ വിരിച്ച് കിടക്കും. ഒരാൾ കൂടെ ഉള്ളത് ശക്തയാണ്. വീട്ടുകാരും ഒപ്പം ജോലി ചെയ്യുന്നവരും എല്ലാം ഉണ്ടാവാം,എന്നാൽ ഭാര്യയും ഭർത്താവും എന്ന ബന്ധത്തിന്റെ അർത്ഥം അപ്പോഴാണ് തിരിച്ചറിയുന്നത്. പരസ്പരം പകരത്തിന് പകരമില്ലാതെ ഉണ്ടാവുക എന്നത് വളരെ വലുതാണ്.

ഗായകനിൽ നിന്ന് സംഗീത സംവിധായകനിലേക്ക് മാറണം എന്ന തീരുമാനം എപ്പോഴായിരുന്നു?

സത്യം പറഞ്ഞാൽ, ഗായകനും, സംഗീത സംവിധായകനപ്പുറം ഞാൻ എന്നെ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നത് സംഗീതജ്ഞൻ ആയാണ്. എന്റെ ഉള്ളിൽ ഗായകനും സംഗീതജ്ഞനും ഒരുമിച്ചാണെന്ന് വിശ്വസിക്കുന്നു. പാടുമ്പോൾ ഞാൻ സംഗീതം ചെയ്ത മെലഡി എന്റെ ശബ്ദത്തിൽ പുറത്തുവരുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ദർശന. അതുപോലെ, ഒട്ടനവധി പാട്ടുകൾ ഞാൻ കമ്പോസ് ചെയ്ത് ഞാൻ തന്നെ പാടിയിട്ടുണ്ട്. സോൾട്ട് മാംഗോ ട്രീയിലെ കാട്ടുമേൽലഞ്ചാറ് അപ്പൂപ്പൻ താടികൾ..., അവസാനം മധുവിധുവിൽ വരെ എത്തി നിൽക്കുന്നു. ഇതിൽ പാടിയ പാട്ടുണ്ട്. കമ്പോസ് ചെയ്ത് പാടിയ പാട്ടുകളുമുണ്ട്.


എങ്ങനെയാണ് വിജയ് ദേവര കൊണ്ടയുടെ പ്രിയ സംഗീത സംവിധായകനാകുന്നത് ?​

ഞാൻ കണ്ടതിൽ ഏറ്റവും കഠിനാധ്വാനിയായ നടൻ. കുഷിയിൽ ആണ് നേരിട്ട് കാണുന്നത്. അതിലെ പാട്ടുകൾ എല്ലാം ഹിറ്റായി, അവിടെനിന്ന് തുടങ്ങിയതാണ് ഞങ്ങളുടെ ബന്ധം. അതിനുശേഷം വിജയ് യുടെ സഹോദരന്റെ എപിക് എന്ന ചിത്രത്തിന് സംഗീതം നൽകി. രശ്മികയുടെ ഗേൾഫ്രണ്ടിലെ പാട്ടുകളും ഹിറ്റായി. ഹായ് നാന്നയുടെ സംവിധായകൻ ശൗര്യ രണ്ടു വർഷം വിജയ് ദേവരകൊണ്ടക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. ആ സിനിമയുടെയും ഭാഗമാകാൻ പോകുന്നു.

TAGS: MUSIC DIRECTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA