
കൊല്ലം: കിണർ നിർമ്മാണത്തിനിടെ ചെളിയിടിഞ്ഞ് അകപ്പെട്ടുപോയ തൊഴിലാളിയെ രക്ഷപ്പെടുത്തി. കണ്ണനല്ലൂർ വടക്കേമുക്ക് ചതുരവിള വീട്ടിൽ ദാവൂദ് (40) ആണ് അപകടത്തിൽപ്പെട്ടത്.
ഇന്നലെ രാവിലെ 10.45ന് കുണ്ടറ വെള്ളിമണ്ണിൽ സ്വകാര്യ പുരയിടത്തിലായിരുന്നു സംഭവം. ദിവസങ്ങളായി ഇവിടെ പുതിയ കിണറിന്റെ നിർമ്മാണം നടക്കുകയായണ്. മുകളിൽ നാല് അടി വ്യാസമുള്ള തൊടികളും താഴേക്ക് രണ്ടരയടി വരെയുള്ള തൊടികളുമാണ് സ്ഥാപിക്കേണ്ടിയിരുന്നത്. 120 അടിയോളം താഴ്ച എത്തിയപ്പോൾ രണ്ടരയടി വ്യാസമുള്ളവ ഇറക്കുന്ന സമയത്താണ് ദാവൂദിന്റെ ശരീരത്തിലേക്ക് ചെളി ഇടിഞ്ഞു വീണത്. മറ്റൊരു തൊഴിലാളിയായ അബൂബക്കർ ശബ്ദം കെട്ട് കിണറ്റിലേക്ക് ഇറങ്ങി ചെളി നീക്കിത്തുടങ്ങി. പതിനൊന്ന് മണിയോടെ ഫയർഫോഴ്സ് സ്ഥലത്തെത്തി വലയിറക്കി ദാവൂദിനെ പുറത്തെത്തിക്കുകയായിരുന്നു. കുണ്ടറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാവൂദിന്റെ ആരോഗ്യനില തൃപ്തികരമാണ്.
കുണ്ടറ ഫയർ സ്റ്റേഷൻ ഓഫീസർ ദിലീപ്കുമാർ, അസി. സ്റ്റേഷൻ ഓഫീസർ ആർ. പ്രസേന്ദ്രൻ, സിനീയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ അജീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ജില്ലാ ഫയർ ഓഫീസർ രാംകുമാറും സ്ഥലത്തെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |