
കോതമംഗലം: വടാട്ടുപാറ പലവൻപുഴയിൽ മുങ്ങിമരിച്ച വിദ്യാർത്ഥികൾക്ക് തങ്കളം മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ സഹപാഠികളുടെയും അദ്ധ്യാപകരുടെയും അശ്രുപൂജ. ഇന്നലെ ഉച്ചയോടെയാണ് മൂന്നുപേരുടെയും മൃതദേഹങ്ങൾ കോളേജിൽ പൊതുദർശനത്തിന് വച്ചത്. തിരുവനന്തപുരം പൂവാർ പൊറ്റയിൽ വിഷ്ണുഭവനിൽ വിജയകുമാറിന്റെ മകൻ വി.ബി. ഹരീഷ് (20), കോട്ടയം കൊടുങ്ങൂർ ചാമംപതാൽ പുതുപ്പറമ്പിൽ പി.ടി.ശാലിനിയുടെ മകൻ അതുൽരാജ് (20), ചങ്ങനാശ്ശേരി മടുക്കുംമൂട് പ്ലാമൂട്ടിൽ ബിജുമോൻ സെബാസ്റ്റ്യന്റെ മകൻ ബിയോൺ ബിജു(21) എന്നിവർക്കാണ് ഞായറാഴ്ചയുണ്ടായ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടത്.
ബിയോണിന്റെയും അതുൽരാജിന്റെയും മൃതദേഹങ്ങളാണ് ആദ്യം കോളേജിൽ എത്തിച്ചത്. പിന്നീട് ഹരീഷിന്റെ മൃതദേഹവും കൊണ്ടുവന്നു. സഹപാഠികളെ അവസാനമായി കാണാനെത്തിയ വിദ്യാർത്ഥികളിൽ പലരും പൊട്ടിക്കരഞ്ഞു. ഡീൻ കുര്യാക്കോസ് എം.പി., ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത എന്നിവരും അന്തിമോപചാരമർപ്പിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് പുഴയിൽ കുളിക്കുന്നതിനിടെയാണ് മൂന്നുപേരും ഒഴുക്കിൽപ്പെട്ട് മരിച്ചത്. ഇന്നലെ രാവിലെ പോസ്റ്റ്മോർട്ടം നടത്തി കൈമാറിയ മൃതദേഹങ്ങൾ കോളേജിലെ പൊതുദർശനത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സഹപാഠികളും മാനേജ്‌മെന്റ് പ്രതിനിധികളും അനുഗമിച്ചു. എം.ബി.എം.എം അസോസിയേഷന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നലെ അവധി നൽകി.
അതുൽരാജിന്റെ മൃതദേഹം മാരംകുന്നിലെ അമ്മാവൻ കൊച്ചുമകന്റെ വീട്ടിലാണ് എത്തിച്ചത്. സംസ്കാരം നാളെ രാവിലെ 10ന് അതുലിന്റെ സ്വപ്നമായ വീട് പണിയാൻ വാങ്ങിയ രണ്ടാം മൈലിലെ ഭൂമിയിൽ നടത്തും.
ബിയോൺ ബിജുവിന്റെ മൃതദേഹം ചങ്ങനാശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 3ന് വെരൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
വി.ബി. ഹരീഷിന്റെ മൃതദേഹം ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്തെത്തിച്ച് വീട്ടുവളപ്പിൽ സംസ്കരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |