
തിരുവനന്തപുരം: കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന ജനശതാബ്ദി എക്സ്‌പ്രസിന് ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്രറെയിൽവേ മന്ത്രി അശ്വിനിവൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം ഉന്നയിച്ചിരുന്നു.സ്റ്റോപ്പ് അനുവദിച്ചുള്ള അറിയിപ്പ് രാജീവ് ചന്ദ്രശേഖറിന് ലഭിച്ചു. ഇത് പ്രാബല്യത്തിൽ വരുന്ന തീയതി റെയിൽവേ അറിയിക്കും.
എറണാകുളം ടൗൺ സ്റ്റേഷൻ വിട്ടാൽ തൃശൂരിലാണ് ജനശതാബ്ദിക്ക് സ്റ്റോപ്പുള്ളത്. ആലുവയിൽ സ്റ്റോപ്പ് ലഭിക്കുന്നത് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടും. കോട്ടയം വഴിയുള്ള കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദിക്ക് 14 സ്റ്റോപ്പുകളാണുള്ളത്. ആലുവയിൽ കൂടി സ്റ്റോപ്പ് വരുന്നതോടെ 15 ആകും.
സംസ്ഥാനത്ത് രണ്ട് ജനശതാബ്ദി ട്രെയിനുകളാണുള്ളത്. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് ആലപ്പുഴ വഴിയുള്ള രണ്ടാമത്തെ ജനശതാബ്ദിക്ക് നേരത്തെ ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |