
തിരുവനന്തപുരം: 50 ശതമാനം പോലുമെത്താതെ ക്ലാർക്ക്-ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ്-ക്ലാർക്ക് തസ്തിക നിയമനം. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലെ അലംഭാവമാണ് നിയമനം കുറയാൻ കാരണം.
13 ജില്ലകളിലെ റാങ്ക് ലിസ്റ്റുകൾ കാലാവധി തികച്ചതിനു ശേഷമുള്ള കണക്കനുസരിച്ചാണിത്. ഇടുക്കി ജില്ലയിലെ ലിസ്റ്റ് 18ന് റദ്ദാകും.
14 ജില്ലകളിലെ റാങ്ക് ലിസ്റ്റിൽ നിന്നും ഇതുവരെ നിയമനശുപാർശ നൽകിയത് 937 പേർക്കു മാത്രം.1959 പേരാണ് റാങ്ക് ലിസ്റ്റിൽ ആകെയുള്ളത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഓരോ ജില്ലയിലെയും റാങ്ക്പട്ടികയിൽ ഉദ്യോഗാർത്ഥികളുടെ എണ്ണം കുറവാണ്. ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ മുഴുവൻ പേർക്കും നിയമനം ലഭിക്കുമായിരുന്നു എന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.
തിരുവനന്തപുരമാണ് ഏറ്റവും കൂടുതൽ നിയമനം നടന്ന ജില്ല . 155 പേർക്കാണ് ഇവിടെ നിയമനം നൽകിയത്. കോഴിക്കോട്ട് 102 പേർക്ക് നിയമനം ലഭിച്ചു. വയനാട്ടിൽ 23 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്.
നിലവിൽ 15 വകുപ്പുകളിൽ മാത്രമാണ് ഈ തസ്തിക നിലവിലുള്ളത്. ഇപ്പോൾ എൽ.ഡി ക്ലാർക്കായി ജോലിയിൽ പ്രവേശിക്കുന്നവർ പ്രൊബേഷൻ പൂർത്തിയാക്കുന്നതിന് വേഡ് പ്രോസസിംഗിൽ യോഗ്യത നേടണമെന്നാണ് നിബന്ധന. എൽ.ഡി ക്ലാർക്ക് തസ്തികയിലുള്ളവരെല്ലാം വേഡ് പ്രോസസിംഗ് യോഗ്യത നേടുന്നതോടെ ഈ വകുപ്പുകളിൽ ക്ലാർക്ക്-ടൈപ്പിസ്റ്റ് തസ്തിക ഇല്ലാതാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |