SignIn
Kerala Kaumudi Online
Friday, 08 May 2026 5.29 AM IST

ചൂട് മാറാൻ എ സി വാങ്ങിയവർക്ക് പണികിട്ടിത്തുടങ്ങി; ചെറിയ അശ്രദ്ധ നിങ്ങളെ ഹൃദ്‌രോഗികളാക്കാം, ശ്രദ്ധിക്കൂ

Increase Font Size Decrease Font Size Print Page
ac

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഇന്ത്യയിൽ ചൂട് കൂടുതലാണ്. ചൂട് സഹിക്കാനാവാതെ ഭൂരിഭാഗം വീടുകളിലും എ സി വാങ്ങി. രാവിലെയെന്നോ രാത്രിയെന്നോ ഇല്ലാതെ പലരും എയർ കണ്ടീഷൻ ചെയ്‌ത മുറിയിൽ ഇരിക്കാനാണ് ശ്രമിക്കുന്നത്. പുറത്തിറങ്ങാൻ പോലുമാകാത്ത ചൂടിൽ നിന്ന് മുറിയിലെത്തി എസിയിൽ നിന്നുള്ള തണുത്ത കാറ്റേൽക്കുമ്പോൾ വളരെയധികം ആശ്വാസം തോന്നുകയും ചെയ്യാറുണ്ട്. കൊടും ചൂടിൽ നിന്നും അമിതമായി വിയർക്കുന്നതിൽ നിന്നും ഉടൻതന്നെ ആശ്വാസം നൽകുമെങ്കിലും ഇത് നമ്മൾ മനുഷ്യർക്ക് ശരിക്കും അത്ര നല്ലതല്ല.

എ സി നമ്മുടെ ശരീരത്തിന് ഗുണവും ദോഷവും ചെയ്യും. ഇക്കാര്യം പലർക്കും അറിയില്ല എന്നുള്ളതാണ് സത്യം. ശ്വാസതടസത്തിനും പ്രതിരോധശേഷി കുറയുന്നതിനും ദിവസേന ജീവിതത്തെ ബാധിക്കുന്ന മറ്റ് പല പ്രശ്‌നങ്ങൾക്കും എ സി കാരണമാകുന്നു. പലപ്പോഴും വളരെ ഗുരുതരമായ പ്രശ്‌നങ്ങൾ വരുന്നതുവരെ ആരും ഇതേക്കുറിച്ച് ചിന്തിക്കാറില്ല.

ചൂട് കൂടുന്നു

ഇന്ത്യയിൽ വേനൽക്കാലം ആരംഭിക്കുന്നതിന് മുമ്പുതന്നെ ഇത്തവണ ചൂട് ഗണ്യമായി വർദ്ധിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയർന്നിട്ടുണ്ട്. ഇത് ആളുകൾ വിയർക്കാനും വീർപ്പുമുട്ടൽ അനുഭവിക്കാനും കാരണമാകുന്നു. വെതർ ട്രാക്കറിന്റെ റിപ്പോർട്ട് പ്രകാരം, ഈ ആഴ്‌ചയിൽ ലോകത്ത് ഏറ്റവും ചൂടേറിയ 100 നഗരങ്ങളിൽ 98ഉം ഇന്ത്യയിലാണ്.

അതിനാൽ, വിദ്യാർത്ഥികൾക്ക് നിർജലീകരണം ഉണ്ടാകാതിരിക്കാനും അസുഖങ്ങൾ വരാതിരിക്കാനുമായി പല സ്‌കൂളുകളും അവധിക്കാല ക്ലാസുകൾ ഒഴിവാക്കി. ചില സ്‌കൂളുകളിൽ ഓരോ 45 -60 മിനിട്ട് കൂടുമ്പോഴും കുട്ടികളെ വെള്ളം കുടിക്കാൻ ഓർമിപ്പിക്കുന്ന വാട്ടർ ബെൽ സംവിധാനവും ഏർപ്പെടുത്തി.

1

വളരെ ചൂട് കൂടുതലുള്ള പ്രദേശങ്ങളിൽ ജനങ്ങൾ വീടിനുള്ളിൽ തന്നെ കഴിയണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശിക്കുന്നത്. ചൂട് മൂലമുണ്ടാകുന്ന അസുഖങ്ങളെ തടയുന്നതിനായി മുൻകരുതൽ സ്വീകരിക്കണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കടുത്ത ചൂടിൽ ദീർഘനേരം നിൽക്കുന്നത് സൂര്യാതപം പോലുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും.

എ സിയിൽ ആശ്വാസം തേടുന്നവർ

അസഹനീയമായ ചൂട് കാരണം മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരിൽ ഭൂരിഭാഗവും എയർ കണ്ടീഷൻ ചെയ്‌ത മുറികളിൽ അഭയം തേടുകയാണ്. ചൂടിൽ നിന്ന് ആശ്വാസം നേടാൻ എ സി മുറിക്കുള്ളിൽ പലരും ഒതുങ്ങിക്കൂടുമ്പോൾ വൈദ്യുതിയുടെ ആവശ്യകതയും ക്രമാതീതമായി വർദ്ധിച്ചു. എന്നാൽ, ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങൾ വരുന്നത് വലിയ രീതിയിൽ കുറയ്‌ക്കാൻ സഹായിച്ചത് എ സി ആണെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ അഭിപ്രായം.

ചൂടിനെ ചെറുക്കുന്നതിനൊപ്പം പൊടി, പൂമ്പൊടി, വായുവിലൂടെ പകരുന്ന രോഗാണുക്കൾ എന്നിവ മുറിയിലേക്ക് കടക്കുന്നത് തടയാൻ എ സി സഹായിക്കുന്നു. ഇതിലൂടെ ന്യുമോണിയ, ആസ്‌ത്മ, ക്രോണിക് ഒബ്‌സ്‌ട്രക്‌ടീവ് പൾമണറി ഡിസീസ് പോലുള്ള അസുഖങ്ങൾ കുറയുന്നു. മാത്രമല്ല, ഹൃദയ, ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്ന കണികകളെയും തടയുന്നു. എ സി പ്രവർത്തിക്കുമ്പോൾ തന്നെ ഇവ മുറിക്കുള്ളിലെ ഇത്തരം പദാർത്ഥങ്ങളെയും ചൂട് വായുവിനൊപ്പം പുറന്തള്ളുന്നുവെന്ന് ഇല്ലിനോയിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സിവിൽ, ആർക്കിടെക്ചറൽ, എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് പ്രൊഫസർ ബ്രെന്റ് സ്റ്റീഫൻസ് പറഞ്ഞു.

2

അമിത ഉപയോഗം ദോഷകരം

അമിതമായാൽ അമൃതും വിഷം എന്ന പഴഞ്ചൊല്ല് പോലെ എ സി മുറികളിൽ ഏറെനേരം ഇരിക്കുന്നത് ഗുണം മാത്രമല്ല, ആരോഗ്യത്തിന് വലിയ ദോഷങ്ങളും സമ്മാനിക്കും. സിക്ക് ബിൽഡിംഗ് സിൻഡ്രം എന്നാണ് ഇതിനെ പറയുന്നത്. തലവേദന, തലകറക്കം, മൂക്കൊലിപ്പ്, നിർത്താതെയുള്ള ചുമ, ശ്വാസതടസം, ചർമത്തിൽ ചുവന്ന് തടിച്ച പാടുകൾ, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ക്ഷീണം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. എ സി മുറിയിൽ ഏറെനേരെ ഇരിക്കുംതോറും ഈ ലക്ഷങ്ങൾ കൂടിവരും. മാത്രമല്ല, എ സി ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ അത് മുറിക്കുള്ളിൽ രോഗാണുക്കൾ പടരുന്നതിന് കാരണമാകും. ഇത് ശ്വാസകോശ, ഹൃദയസംബന്ധമായ രോഗങ്ങൾ വരെ വരുത്തുന്നു.

എ സി മുറിയിൽ ആരോഗ്യത്തോടെയിരിക്കാം

  • എ സി ശരിയായി പ്രവർത്തിക്കാൻ ഫിൽറ്ററുകളുടെ ഭാഗം ഇടയ്‌ക്കിടെ വൃത്തിയാക്കുക.
  • എപ്പോഴും 24നും 26നും ഇടയിൽ താപനില നിലനിർത്തുക.
  • ദാഹിച്ചില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക.
  • എപ്പോഴും എ സി മുറിയിൽ തന്നെ ഇരിക്കാതെ ഇടയ്‌ക്ക് ഇടവേളകൾ എടുക്കുക.

TAGS: EXPLAINER, AC, HIGH TEMPERATURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.