
ന്യൂഡൽഹി: മുഖ്യമന്ത്രിയാകുമെന്ന് കരുതുന്ന ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് (പിഎ) ചന്ദ്രനാഥ് രഥിന്റെ കൊലപാതകത്തിൽ നടുങ്ങി പശ്ചിമബംഗാൾ. ഐ.ജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിച്ച് പ്രതികൾക്കായി തെരച്ചിൽ വ്യാപകമാക്കി. തിരഞ്ഞെടുപ്പിനുശേഷം അക്രമം വ്യാപകമായ ബംഗാളിൽ ചന്ദ്രനാഥിന്റെ കൊലപാതകം വൻ കോളിളക്കം സൃഷ്‌ടിച്ചിട്ടുണ്ട്. കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബി.ജെ.പി ആരോപിച്ചു. നിക്ഷ്‌പക്ഷ അന്വേഷണം വേണമെന്ന് തൃണമൂലും ആവശ്യപ്പെട്ടു. ഗൂഢാലോചനയടക്കം എസ്.ഐ.ടി അന്വേഷിക്കും. കൊലപാതകം നടന്ന നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യഗ്രാം മേഖലയിൽ നിന്ന് ക്രിമിനൽ പശ്ചാത്തലമുള്ള നിരവധി പേരെ അറസ്റ്റ് ചെയ്തു. കൊലയാളികൾ പുറത്തു നിന്നുള്ളവരായാലും പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ദിവസം രാത്രി 10.30നാണ് ചന്ദ്രനാഥ് കൊല്ലപ്പെട്ടത്. കൊൽക്കത്തയിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേ ചന്ദ്രനാഥ് സഞ്ചരിച്ച സ്കോർപിയോ കാറിനെ പിന്തുടർന്നെത്തിയ കാർ വട്ടം പിടിച്ച് തടഞ്ഞു. പിന്നാലെ ബൈക്കിലെത്തിയ അക്രമികൾ കാറിന്റെ ഇടതുവശത്തിരുന്ന ചന്ദ്രനാഥിനു നേരെ വെടിയുതിർക്കുകയായിരുന്നു. ഡ്രൈവർക്കും വെടിയേറ്റു. നെഞ്ചിലും വയറിലും മുഖത്തും വെടിയേറ്റ ചന്ദ്രനാഥിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാല് വെടിയുണ്ടകൾ തറച്ചിരുന്നു. ഗുരുതരാവസ്ഥയിലുള്ള ഡ്രൈവറെ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊൽക്കത്ത ആശുപത്രിയിലേക്ക് മാറ്റി. ചന്ദ്രനാഥിനെ പിന്തുടർന്ന കാറും അക്രമികൾ ഉപയോഗിച്ചെന്നു കരുതുന്ന ബൈക്കും പൊലീസ് കണ്ടെടുത്തു.
തന്നോടുള്ള പ്രതികാരമെന്ന്
സുവേന്ദു
സുവേന്ദുവിന്റെ ഔദ്യോഗിക കാര്യങ്ങൾ ഏകോപിപ്പിച്ചിരുന്നത് മുൻ വ്യോമസേനാ ഉദ്യോഗസ്ഥനായിരുന്ന ചന്ദ്രനാഥാണ്.
2019 മുതൽ സുവേന്ദുവിനൊപ്പം. ഭവാനിപ്പൂരിൽ മമതയെ പരാജയപ്പെടുത്തിയ ദേഷ്യം തൃണമൂൽ പി.എയോട് തീർത്തതാണെന്ന് സുവേന്ദു ആരോപിച്ചു. കൊലപാതകം മുൻനിശ്ചയിച്ച പ്രകാരം നടത്തിയതാണ്. സംഭവത്തെ അപലപിച്ച തൃണമൂൽ കോടതി മേൽനോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു. ബി.ജെ.പി പ്രവർത്തകർ സംസ്ഥാനത്തുടനീളം പ്രതിഷേധിച്ചു. കൊലപാതകം നടന്ന മധ്യഗ്രാമിൽ സംഘർഷാവസ്ഥയുണ്ടായി. മേഖലയിൽ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |