
ചുരത്തിന് മുകളിൽ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. മൂന്നിൽ മൂന്നും യു.ഡി.എഫിന് തന്നെ. കൽപ്പറ്റ, സുൽത്താൻ ബത്തേരി സീറ്റുകൾ നിലനിറുത്തുകയും മാനന്തവാടി മണ്ഡലം എൽ.ഡി.എഫിൽ നിന്ന് പിടിച്ചെടുത്തും കൊണ്ടാണ് നെഹ്റു കുടുംബത്തിന്റെ മണ്ണ് ഒന്നുകൂടി അരക്കെട്ട് ഉറപ്പിച്ചത്. അങ്ങനെ യു.ഡി.എഫ് വയനാട്ടിൽ 2011 ആവർത്തിക്കുകയായിരുന്നു. 2011ൽ മൂന്ന് മണ്ഡലങ്ങളും യു.ഡി.എഫായിരുന്നു നേടിയത്. എന്നാൽ 2006 വയനാട്ടിൽ ആവർത്തിക്കുമെന്ന് പറഞ്ഞ് കൊണ്ടായിരുന്നു എൽ.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. കൽപ്പറ്റയിൽ നിന്ന് എം.വി. ശ്രേയാംസ് കുമാറും,സുൽത്താൻ ബത്തേരിയിൽ നിന്ന് പി. കൃഷ്ണപ്രാദും മാനന്തവാടിയിൽ നിന്ന് കെ.സി. കുഞ്ഞിരാമനും ഇടത് മുന്നണിക്ക് വേണ്ടി നിയമസഭയിലെത്തിയ ചരിത്രമായിരുന്നു അത്. യു.ഡി.എഫിന്റെ ഉരുക്ക് കോട്ടയിൽ നിന്നാണ് ഈ അത്ഭുതം സംഭവിച്ചെതെന്നും ഓർക്കുക. 2006 ആവർത്തിക്കാനുളള എല്ലാ വെടിമരുന്നുകളും ഇടത് മുന്നണിയുടെ പക്കൽ ഉണ്ടായിരുന്നു. ഉരുൾ ദുരിത ബാധിതരെ നെഞ്ചോട് ചേർത്ത് പിടിച്ച സർക്കാരിന്റെ ആത്മാർത്ഥത, അവർക്ക് വേണ്ടിയുളള വയനാട് ടൗൺഷിപ്പ്, തുരങ്കപ്പാത, ചുരം ബദൽ പാതക്ക് വേണ്ടിയുളള ശ്രമങ്ങൾ,വയനാട് മെഡിക്കൽ കോളേജ്, റോഡുകൾ, പാലങ്ങൾ... ഇങ്ങനെ പത്ത് വർഷം കൊണ്ട് സർക്കാർ വയനാട്ടിൽ നടപ്പിലാക്കിയ ക്ഷേമ പ്രവർത്തനങ്ങൾ എല്ലാം ഇടത് മുന്നണി വോട്ടർമാർക്കിടയിലേക്ക് അവതരിപ്പിച്ചു. മാത്രമല്ല, ആപ്പുണ്ടാക്കി രാജ്യം മുഴുവൻ നടന്ന് ഫണ്ട് പിരിച്ചിട്ടും ഉരുൾ ദുരിതബാധിതർക്ക് വീട് നിർമ്മിച്ച് നൽകാത്ത കോൺഗ്രസിന്റെ നയത്തെ തുറന്ന് കാണിക്കുകയും ചെയ്തു. ഈവിഷയം കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലും കത്തിക്കാൻ ഇടത് മുന്നണി വല്ലാത്ത ഒരു ശ്രമം തന്നെ നടത്തി. ഫലമോ? ഉരുൾ ദുരന്തം നടന്ന മേപ്പാടി പഞ്ചായത്തിലെ ഉരുൾ ദുരിതബാധിതർ പോലും ഇടത് മുന്നണിയെ തുണച്ചില്ല. വയനാട് ടൗൺ ഷിപ്പിന്റെ ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ വച്ച് സ്ഥലം എം.എൽ.എകൂടിയായ ടി. സിദ്ദീഖിനെ ഒരുകൂട്ടം ആളുകൾ കൂവി അപമാനിച്ചു. അതിന്റെ പ്രതികാരമാണ് ടി. സിദ്ധീഖ് തിരഞ്ഞെടുപ്പിലൂടെ കാണിച്ച് കൊടുത്തത്. 2011ൽ 5,470 വോട്ടിന് വിജയിച്ച ടി. സിദ്ദീഖ് 2026ൽ 45,031 വോട്ടുകൾക്ക് വിജയിച്ചു! സി.പി.എമ്മുകാരായ ഉരുൾ ദുരിതബാധിതർ പോലും ടി. സിദ്ദീഖിന് വോട്ട് ചെയ്തു. എന്താല്ലെ?.
വെല്ലുവിളിയായി
ടൗൺഷിപ്പും തുരങ്കപാതയും
അതെ, പുതിയ സർക്കാരിന് മുന്നിൽ വെല്ലുവിളികളായി കുറെ പദ്ധതികൾ വയനാട്ടിലുണ്ട്. ടൗൺഷിപ്പും തുരങ്കപാതയും മെഡിക്കൽ കോളേജും രാത്രിയാത്രാ നിരോധവനും എല്ലാം കല്ലുകടിയായി സർക്കാരിന്റെ മുന്നിലുണ്ട്. ഇടത് മുന്നണി നടപ്പിലാക്കിയ പദ്ധതികളോട് യു.ഡി.എഫിന് യോജിപ്പില്ലായിരുന്നു. തുടക്കത്തിൽ തന്നെ എതിർപ്പുമായി യു.ഡി.എഫ് രംഗത്ത് വരികയുണ്ടായി. വയനാട് ടൗൺഷിപ്പിൽ 410 വീടുകളാണ് നിർമ്മിച്ച് നൽകേണ്ടത്. 178 വീടുകളുടെ കൈവശ രേഖയാണ് കഴിഞ്ഞ മാർച്ച് ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ കൽപ്പറ്റയിൽ വച്ച് നടത്തിയ ചടങ്ങിൽ വച്ച് കൈമാറിയത്. ഈ ചടങ്ങിൽ വച്ചാണ് സ്ഥലം എം.എൽ.എയായ ടി. സിദ്ദീഖിന് കൂവൽ ഏൽക്കേണ്ടി വന്നത്. കഴിഞ്ഞ പത്തുവർഷം ഇടത് സർക്കാരിനെ വിമർശിച്ച പല കാര്യങ്ങളും പുതിയ സർക്കാരിന് നടപ്പിലാക്കേണ്ടി വരും. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ടൗൺഷിപ്പും തുരങ്കപാതയുമാണ്. ദുരന്തബാധിതരുടെ പ്രശ്നങ്ങൾ പരാതികൾക്കിടയില്ലാതെ പരിഹരിക്കുകയും വേണം. വയനാട് മെഡിക്കൽ കോളേജിന്റെ കാര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന സമീപനവും പ്രധാനമാണ്.
വയനാട് ടൗൺഷിപ്പ് തന്നെയാണ് അതിൽ പ്രധാനം. വയനാട് ടൗൺഷിപ്പെന്ന വിപുലമായ പദ്ധതി പരാതികൾക്കിടയില്ലാത്ത വിധം പൂർത്തീകരിക്കണം. ദുരന്തബാധിതരുടെ ലിസ്റ്റ് പൂർത്തിയാക്കി അവരെക്കൂടി ടൗൺഷിപ്പ് പദ്ധതിയുടെ ഭാഗമാക്കണം. ചൂരൽമല, പടവെട്ടിക്കുന്ന്, മുണ്ടക്കൈ, റാട്ടപ്പാടി, പുഞ്ചിരിമട്ടം തുടങ്ങിയ പ്രദേശങ്ങളിലെ 173 കുടുംബങ്ങളാണ് അപേക്ഷ നൽകി കാത്തിരിക്കുന്നത്. ഇത്രയും കുടുംബങ്ങളെക്കൂടി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമ്മാണം. ഇവരോടുളള തുടർന്നുളള സമീപനവും വലിയ പ്രശ്നമാണ്.
കോഴിക്കോട് ജില്ലയെ വയനാടുമായി വളരെ എളുപ്പത്തിൽ ബന്ധിപ്പിക്കാൻ ഉതകുന്ന തുരങ്കപാതയുടെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. തുരങ്കപാത യാഥാർത്ഥ്യ മാക്കാനായില്ലെങ്കിൽ സർക്കാർ വലിയ വിമർശനം നേരിടും. പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശനാണ് മുഖ്യമന്ത്രിയെങ്കിൽ തുരങ്കപാത വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നതും കൗതുകകരമാണ്. നേരത്തെ തുരങ്കപാതക്കെതിരെ പരസ്യമായി നിലപാട് സ്വീകരിച്ച നേതാവാണ് വി.ഡി. സതീശൻ. വയനാട് മെഡിക്കൽ കോളേജ് വിഷയത്തിലും പുതിയ സർക്കാർ സ്വീകരിക്കുന്ന നിലപാട് ഉറ്റുനോക്കുകയാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് മടക്കിമലയിൽ ചന്ദ്രപ്രഭാ ചാരിറ്റബിൾ സെസൈറ്റിയിൽ നിന്ന് സൗജന്യമായി കിട്ടിയ അമ്പതേക്കർ ഭൂമിയിൽ മെഡിക്കൽ കോളേജ് നിർമാണം ആരംഭിച്ചിരുന്നു. പാരിസ്ഥിതിക പ്രശ്നം പറഞ്ഞ് മടക്കിമലയിൽ മെഡിക്കൽ കോളേജ് നിർമിക്കാതെ മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കൽ കോളേജ് ആക്കി ഉയർത്തി. അവിടെ ആകട്ടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതുമില്ല. മാനന്തവാടി അമ്പുകുത്തിയിൽ സ്ഥലം ഏറ്റെടുപ്പ് അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോഴാണ് നിയമസഭാ തിരഞ്ഞെടുപ്പ് വന്നത്.
അധികാരത്തിൽ എത്തിയാൽ മെഡിക്കൽ കോളേജ് മടക്കിമലയിൽ തന്നെ സ്ഥാപിക്കുമെന്ന് നേരത്തെ യു.ഡി.എഫ് പ്രഖ്യാപിച്ചിരുന്നു. ഇത് മുന്നിൽക്കണ്ടാണ് കഴിഞ്ഞദിവസം നിയുക്ത മാനന്തവാടി എം.എൽ.എ ഉഷാ വിജയൻ മെഡിക്കൽ കോളേജ് മാനന്തവാടിയിൽ തന്നെ ആയിരിക്കും എന്ന് പ്രഖ്യാപിച്ചത്. മാനന്തവാടിയിൽ നിന്നും മെഡിക്കൽ കോളേജ് കൽപ്പറ്റയിലേക്ക് മാറ്റിയാൽ അത് കൂടുതൽ പ്രതികൂലമായി ബാധിക്കുക ഉഷാ വിജയനെയാണ്. പടിഞ്ഞാറത്തറ പൂഴിത്തോട് ചുരം ബദൽ പാത വിഷയത്തിലും സർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടിവരും. ചുരുക്കത്തിൽ പുതിയ സർക്കാരിന് മുൻപിൽ വയനാടിന്റേതായ നിരവധി പ്രശ്നങ്ങളാണ് പരിഹരിക്കപ്പെടാനുള്ളത്. വന്യമൃഗശല്യത്തിനെതിരെയും പുതിയ സർക്കാർ കാര്യക്ഷമമായ ഇടപെടൽ നടത്തേണ്ടിവരും. രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തിയത് 2009ലാണ്. പരിസ്ഥിതിവാദികൾ കോടതിയിൽ പോയതോടെയാണ് നിരോധനം ഏർപ്പെടുത്തിയത്. അന്ന് കേരളം ഭരിച്ചിരുന്നത് ഇടത് മുന്നണി. നിരവധി സമരങ്ങൾ ഇതിന്റെ പേരിൽ നടമാടി. വർഷം ഇത്രയായിട്ടും രാതിയാത്രാ നിരോധനം എടുത്ത് കളയാൻ കഴിഞ്ഞില്ല. വിഷയം ഇപ്പോഴും സുപ്രീംകോടതിയിലാണ്. ഇരു സംസ്ഥാനങ്ങളും യോജിച്ച് പ്രശ്ന പരിഹാരത്തിലെത്താനായിരുന്നു നിർദ്ദേശം. കർണാടകയിൽ കോൺഗ്രസ് സർക്കാരാണ് അധികാരത്തിൽ. വേണമെങ്കിൽ പ്രശ്നം ഒരു വട്ടമേശയിൽ ഇരുന്ന് പരിഹരിക്കാവുന്നതേയുളളൂ. ഇത്രയും കാലമായി അതുണ്ടായില്ല. ഇനി കേരളത്തിലും ഭരണം യു.ഡി.എഫിന്റേത്. അപ്പോൾ ഇതിന് പരിഹാരം എങ്ങനെ കണ്ടെത്തും എന്നും നമുക്ക് കാത്തിരിക്കാം.
#വാൽക്കഷ്ണം
ഭരണം മാറി. വയനാട് ടൗൺഷിപ്പ് ഏറ്റെടുത്ത് നടത്താനേ ഇനി യു.ഡി.എഫിന് സമയം കിട്ടുകയുളളൂ. ഉരുൾ ദുരിതബാധിതർക്കായി വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് വൻ തോതിൽ ഫണ്ട് പിരിവ് നടത്തിയെന്നത് നേര്. ഉരുൾ ദുരിതബാധതിർക്ക് ഏതായാലും വീടല്ലേ വേണ്ടത്?. അത്,വയനാട് ടൗൺഷിപ്പായാലും മതിയെന്നാണ് ഒരു ഇത്...
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |