
അടിമാലി: കൊമ്പൊടിഞ്ഞാലിൽ ഒരു കുടുംബത്തിലെ നാല് പേർ വീടിന് തീ പിടിച്ചുവെന്തുമരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം എങ്ങുമെത്താത്തതിൽ പ്രതിഷേധിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ജില്ല പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് ബഹുജന റാലി സംഘടിപ്പിക്കും. 2025 മേയ് 9നാണ് കൊന്നത്തടി കൊമ്പൊടിഞ്ഞാൽ തെള്ളിപ്പട വിൽശുഭ (47) മാതാവ് പൊന്നമ്മ (75) മക്കളായ ആനന്ദ് (9), അഭിനവ് (5) എന്നിവർ ദുരൂഹസാഹചര്യത്തിൽ വീടിനു തീപിടിച്ചു മരിച്ചത്. അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിൽ കേസ് കൈംബ്രാഞ്ചോ, സി.ബി.ഐ യോ അന്വേഷിക്കണമെന്ന് ബന്ധുക്കളും ജനകീയസമിതിയും ആവശ്യപ്പെട്ടു. മരണത്തിൽ ദുരൂഹതകളേറെയെന്ന ആക്ഷേപം ശക്തമാണ്. തീപിടുത്തമുണ്ടായി ഒരു ദിവസം കഴിഞ്ഞാണ് നാട്ടുകാർ വിവരമറിഞ്ഞത്. അപ്പോൾ തന്നെ പ്രധാന തെളിവുകൾ പലതും നശിപ്പിക്കപ്പെട്ടതായും, ഉന്നതരുടെ ഇടപെടൽമൂലം അന്വേഷണം മരവിച്ചതായും ജനകീയ സമിതി ആരോപിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നായിരുന്നു പൊലീസ് നിഗമനം. എന്നാൽ ഇതല്ല കാരണമെന്ന് കെ.എസ്.ഇ.ബി അധിക്യതർ അറിയിച്ചെങ്കിലും യഥാർത്ഥ കാരണം ഇനിയും കണ്ടെത്തിയിട്ടില്ല. ഭർത്താവ് അനിഷിന്റെ മരണശേഷം ശുഭയും, അമ്മയും, മക്കളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഒരു വർഷമായിട്ടും കേസിലെ ദുരൂഹത നീങ്ങാത്ത സാഹചര്യത്തിലാണ് അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സമരപരിപാടികൾക്ക് നേതൃത്വം നൽകുന്നതെന്ന് ജനകീയ സമിതി കൺവീനർ കെ.ടി വിനോദ് കറുകപ്പള്ളിൽ, വൈസ് ചെയർമാൻ അനിൽ ദേവസ്യ എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |