
ന്യൂഡൽഹി: കേരളത്തിൽ ഭരണം കൈവിട്ടെങ്കിലും സി.പി.എമ്മിന് ചിഹ്നവും ദേശീയ പാർട്ടി പദവിയും നഷ്‌ടമായേക്കില്ല. കുറഞ്ഞത് നാല് ലോക്‌സഭ എം.പിമാരും ലോക്‌സഭ തിരഞ്ഞെടുപ്പിൽ നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ നിന്ന് 6% വോട്ടും നിലനിറുത്തുന്ന പാർട്ടിക്ക് ദേശീയ പാർട്ടി പദവി ലഭിക്കും. കെ.രാധാകൃഷ്‌ണൻ (ആലത്തൂർ), ആർ. സച്ചിതാനന്ദം (ഡിണ്ടിഗൽ), എസ്. വെങ്കിട്ടേശൻ (തമിഴ്നാട്ടിലെ മധുര), അമ്രാ റാം (രാജസ്ഥാനിലെ സിക്കർ) എന്നീ നാലു ലോക്‌സഭ എം.പിമാർ പാർട്ടിക്കുണ്ട്. 2024ൽ കേരളത്തിൽ നിന്നു മാത്രം വോട്ടുവിഹിതം 26% ആയിരുന്നു. 2033 വരെ പാർട്ടിയുടെ ദേശീയ പദവിക്ക് ഭീഷണിയില്ലെന്നാണ് വിദഗ്ദ്ധരുടെ സൂചന. തുടർച്ചയായ രണ്ട് പൊതു തിരഞ്ഞെടുപ്പുകൾക്കു ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യം അവലോകനം ചെയ്യുന്നത്. 2023ൽ അവസാനമായി അവലോകനം ചെയ്‌തപ്പോൾ തൃണമൂൽ കോൺഗ്രസ്, എൻ.സി.പി, സി.പി.ഐ എന്നിവയ്ക്ക് പദവി നഷ്‌ടപ്പെട്ടിരുന്നു. നിലവിൽ ബി.ജെ.പി, കോൺഗ്രസ്, ആംആദ്മി പാർട്ടി, സി.പി.എം, ബി.എസ്.പി, എൻ.പി.പി എന്നിവയ്ക്കു മാത്രമാണ് ദേശീയ പാർട്ടി പദവിയുള്ളത്. ചിഹ്നം നിലനിറുത്താം, ദൂരദർശനിലും ആകാശവാണിയിലും സൗജന്യ പ്രക്ഷേപണ സമയം, പാർട്ടി ഓഫീസുകൾ നിർമ്മിക്കാൻ സർക്കാർ സബ്സിഡി, ഭൂമി തുടങ്ങിയ പ്രയോജനങ്ങൾ. ദേശീയ പദവി നഷ്ടമാകില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |