
ഇസ്ലാമാബാദ്: ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിൽ കനത്ത പ്രഹരമേറ്റ് ഒരു വർഷം തികയുമ്പോൾ വീണ്ടും പ്രകോപനവുമായി പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ. പാകിസ്ഥാനെതിരെ ഇനി സൈനിക നീക്കത്തിന് മുതിർന്നാൽ പ്രത്യാഘാതം ദൂരവ്യാപകവും വേദനാജനകവുമായിരിക്കുമെന്നാണ് ഭീഷണി.
റാവൽപിണ്ടിയിലെ ജനറൽ ഹെഡ്ക്വാർട്ടേഴ്‌സിൽ വ്യോമസേനാ മേധാവി സഹീർ അഹമ്മദ് ബാബർ സിദ്ദു, നാവികസേനാ മേധാവി അഡ്മിറൽ നാവീദ് അഷ്റഫ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന പരിപാടിയിലാണ് അസിം മുനീറിന്റെ ഭീഷണി . പാകിസ്ഥാന്റെ പരമാധികാരത്തിന് നേരെ ഉയരുന്ന ശത്രുവിന്റെ ഏതൊരു നീക്കത്തെയും മുൻപത്തേക്കാൾ ശക്തമായും വേഗത്തിലും നേരിടുമെന്ന് അസിം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ വർഷം ഏപ്രിലിൽ പഹൽഗാമിൽ പാക് ഭീകരർ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ നടത്തിയത്. മേയ് 7ന് രാത്രി നടത്തിയ മിന്നലാക്രമണത്തിൽ പാകിസ്ഥാൻ അധീന കശ്മീരിലെ ഒമ്പത് ഭീകര താവളങ്ങൾ ഇന്ത്യ തകർത്തിരുന്നു. തുടർന്ന് മെയ് 10ഓടെ പാകിസ്ഥാന്റെ റഡാർ സംവിധാനങ്ങളും വിമാനത്താവളങ്ങളും ഇന്ത്യ ആക്രമിച്ചതോടെയാണ് പാകിസ്ഥാൻ വെടിനിർത്തലിന് അപേക്ഷിച്ചത്.
ഈ തിരിച്ചടിക്ക് പിന്നാലെ പാകിസ്ഥാൻ തങ്ങളുടെ ആണവായുധങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതും പതിവായിരിക്കുകയാണ്. സിന്ധു നദീതീരത്തെ ഇന്ത്യൻ നിർമ്മിതികൾ ലക്ഷ്യം വക്കുമെന്നും രാജ്യം വീഴാൻ പോകുകയാണെന്ന് തോന്നിയാൽ ലോകത്തിന്റെ പകുതിയും കൂടെക്കൊണ്ടുപോകുമെന്നുമുള്ള മുനീറിന്റെ മുൻ ഭീഷണികൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |