
രാമേശ്വരം: ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് 10 മണിക്കൂർ കൊണ്ട് നീന്തിക്കടന്ന് ദമ്പതികൾ. ബംഗളൂരുവിലെ ടെക്കികളായ ഡാനിഷ് അബ്ദിയും വൃഷാലി പ്രസാദെയുമാണ് ശ്രീലങ്കയിലെ തലൈമാന്നാറിൽ നിന്ന് ഇന്ത്യയിലെ ധനുഷ്‌കോടിയിലേക്ക് കടലിലൂടെ നീന്തിക്കയറിയത്. 10 മണിക്കൂർ 45 മിനിട്ട് നീണ്ട സാഹസികത രാമസേതു പാതയിലൂടെ ഏകദേശം 32 കിലോമീറ്റർ ദൂരം നീന്തി ലക്ഷ്യസ്ഥാനത്ത് എത്തുകയായിരുന്നു. ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് ഓപ്പൺ വാട്ടർ സ്വിമ്മിംഗ് നടത്തുന്ന ആദ്യത്തെ ദമ്പതികളാണ് ഇരുവരും.
യാത്രയിലുടനീളം പാരാമെഡിക്കൽ സംഘവും സുരക്ഷാ ബോട്ടുകളും ഇവരെ നിരീക്ഷിച്ചുകൊണ്ട് ഒപ്പമുണ്ടായിരുന്നു. കായികപരമായ നേട്ടം എന്നതിലുപരി ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള സാംസ്‌കാരിക ബന്ധത്തെ എടുത്തുകാണിക്കാനും ഈ ഉദ്യമത്തിലൂടെ ലക്ഷ്യമിട്ടതായി ദമ്പതികൾ കൊളംബോയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞിരുന്നു.
റെക്കാഡ് നേട്ടത്തിന് പിന്നാലെ ദമ്പതികൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായി. 'ഞങ്ങൾക്കിത് സാധിച്ചു. ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് കടലിലൂടെ, വളരെ പ്രയാസമേറിയ ദിവസമായിരുന്നു. 12 മണിക്കൂർ ഉറക്കത്തിന് ശേഷം കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാം'- എന്നായിരുന്നു ദമ്പതികളുടെ പോസ്റ്റ്.
30കാരായ ഇരുവരും ഇതിനുമുൻപ് ഇന്ത്യൻ മഹാസമുദ്രത്തിൽ റിലേ നീന്തലുകളിൽ പങ്കാളികളായിട്ടുണ്ടെങ്കിലും, ദമ്പതികളായി ഇത്രയും ദൂരം ഒരുമിച്ച് നീന്തി ലക്ഷ്യസ്ഥാനത്ത് എത്തുന്നത് ആദ്യമാണ്. മണിപ്പാൽ ഹോസ്പിറ്റലിന്റെ പിന്തുണയോടെയായിരുന്നു ഉദ്യമം. ഇരുവരുടെയും റെക്കാഡ് നേട്ടത്തെ പ്രശംസിച്ച് നിരവധി പേർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |