
ചെന്നൈ: പനയൂരിലെ ടി.വി.കെ അസ്ഥാനത്ത് ഇന്നലെ രാത്രി വൈകിയും പാർട്ടി ജനറൽ സെക്രട്ടറി ബുസി ആനന്ദിന്റെ നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.
രാവിലെ വിജയ് ലോക്‌ഭവനിലെത്തി രാജേന്ദ്ര ആർലേക്കറിനെ കണ്ടിട്ടും വഴങ്ങാത്ത പശ്ചാത്തലത്തിലാണ് ടി.വി.കെ അടക്കമുള്ള ചെറു കക്ഷികളുടെ നേതാക്കളുമായി ചർച്ച നടത്തിയത്. നിയമ വിദഗ്ധരേയും കണ്ടുവെന്നാണ് സൂചന. വീണ്ടും ഒരു തിരഞ്ഞെടുപ്പ് വന്നാൽ ടി.വി.കെ സീറ്റുകൾ തൂത്തുവാരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. വിജയ്‌യെ മുഖ്യമന്ത്രിയാകാൻ അനുവദിക്കണമെന്ന് നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു ആവശ്യപ്പെട്ടതും വലിയ ചർച്ചയായി.
തിരഞ്ഞെടുപ്പ് ഫലം വന്നതു മുതൽ വിജയ്‌ക്ക് നൽകിയിരുന്ന മുഖ്യമന്ത്രിക്കു തുല്യമായ പൊലീസ് സുരക്ഷ ഇന്നലെ പിൻവലിച്ചു.'കോൺവോയ്' വാഹനങ്ങളും തിരിച്ചെടുത്തിട്ടുണ്ട്.
ഡി.എം.കെ- അണ്ണാ ഡി.എം.കെ
സഖ്യത്തിന് സമ്മർദ്ദം
അണ്ണാ ഡി.എം.കെ സർക്കാരിനെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയമായി അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിൽ സ്റ്റാലിൻ ഉറച്ചുനിൽക്കുന്നുണ്ടെങ്കിലും, മുതിർന്ന ഡി.എം.കെ നേതാക്കൾ, അത്തരമൊരു നിർദ്ദേശം പരിഗണിക്കാൻ അദ്ദേഹത്തിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
വിജയ് സർക്കാർ രൂപീകരിച്ചുകഴിഞ്ഞാൽ, അടുത്ത 15 വർഷത്തേക്ക് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കുക ബുദ്ധിമുട്ടായിരിക്കുമെന്നും അത്തരമൊരു സാഹചര്യം തടയാൻ ദ്രാവിഡ പാർട്ടികൾ തീരുമാനമെടുക്കണമെന്നുമാണ് മുതിർന്ന ഡി.എം.കെ നേതാവ് പറഞ്ഞത്.
സ്റ്റാലിൻ നിയമസഭയിൽ ഇല്ലാത്ത പശ്ചാത്തലത്തിൽ ഡി.എം.കെയ്ക്കും അണ്ണാ ഡി.എം.കെയ്ക്കും പൊതുമിനിമം പരിപാടി രൂപീകരിക്കാനും സംയുക്തമായി ഭരണം നടത്താനും കഴിയുമെന്നാണ് ഡി.എം.കെയ്ക്കുള്ളിലെ വാദം.
ഈ പശ്ചാത്തലത്തിലാണ് സ്റ്റാലിൻ ഇടതു നേതാക്കളെയും തോൽ തിരുമാവളവനെയും കൂടിയാലോചനകൾക്കായി ക്ഷണിച്ചതെന്നാണ് അഭ്യൂഹം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |