ന്യൂഡൽഹി: രാജ്യത്തിന്റെ മൂന്നാമത് സംയുക്ത സേനാമേധാവിയായി ലെഫ്റ്റനന്റ് ജനറൽ എൻ.എസ്.രാജാ സുബ്രഹ്മണിയെ കേന്ദ്രസർക്കാർ നിയമിച്ചു. വൈസ് അഡ്മിറൽ കൃഷ്‌ണ സ്വാമിനാഥനാണ് പുതിയ നാവിക സേനാമേധാവി. കേന്ദ്ര സൈനികകാര്യ വകുപ്പ് സെക്രട്ടറിയായും രാജാ സുബ്രഹ്മണി പ്രവർത്തിക്കും. നിലവിലെ സംയുക്ത സേനാമേധാവി ജനറൽ അനിൽ ചൗഹാൻ 30ന് വിരമിക്കും.
2025 ജൂലായിൽ കരസേന ഉപമേധാവി പദവിയിൽ നിന്ന് വിരമിച്ച രാജാ സുബ്രഹ്മണി ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റിൽ സൈനിക ഉപദേഷ്‌ടാവായി പ്രവർത്തിച്ചു വരികയായിരുന്നു. തമിഴ്നാട് സ്വദേശിയാണ്. പരംവിശിഷ്‌ട സേവാമെഡൽ, അതിവിശിഷ്‌ട സേവാമെഡൽ എന്നിവ നൽകി ആദരിച്ചിട്ടുണ്ട്. 1985 ഡിസംബർ 14ന് ഗർഹ്വാൾ റൈഫിൾസിലൂടെയാണ് സർവീസിൽ പ്രവേശിച്ചത്.
അഡ്മിറൽ ദിനേഷ് കുമാർ ത്രിപാഠി 31ന് വിരമിക്കുന്ന ഒഴിവിലാണ് കൃഷ്‌ണ സ്വാമിനാഥന്റെ നിയമനം. 2025 ജൂലായ് 31 മുതൽ വെസ്റ്റേൺ നേവൽ കമാൻഡിന്റെ 34-ാമത് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്- ഇൻ-ചീഫായി പ്രവർത്തിക്കുകയാണ്. കമ്മ്യൂണിക്കേഷൻ ആൻഡ് ഇലക്ട്രോണിക് വാർഫെയറിൽ വിദഗ്ദ്ധനായ ഇദ്ദേഹം ബംഗളൂരു സ്വദേശിയാണ്. പരംവിശിഷ്‌ട സേവാമെഡൽ, അതിവിശിഷ്‌ട സേവാമെഡൽ എന്നിവ നൽകി ആദരിച്ചിട്ടുണ്ട്. 1987 ജൂലായ് ഒന്നിനാണ് സേനയിൽ ചേർന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |