SignIn
Kerala Kaumudi Online
Friday, 08 May 2026 2.49 PM IST

നൂറുമേനി വിളവിലും കർഷകർക്ക് കണ്ണീർമാത്രം

Increase Font Size Decrease Font Size Print Page
w

കർഷകർക്ക് മേൽ നിരാശയുടെ കാർമേഘം പെയ്തിറങ്ങുകയാണ്, സംസ്ഥാനത്തെ നെല്ല് സംഭരണം അനിശ്ചിതത്വത്തിൽ. മികച്ച നെല്ല് ഉത്‌പാദനം ഉണ്ടായിട്ടും സംസ്ഥാനത്ത് പാലക്കാട്,​ ആലപ്പുഴ,​ തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ നെല്ല് സംഭരണം മുടങ്ങിക്കിടക്കുകയാണ്. മില്ലുടമകളുടെ ചൂഷണവും സംസ്ഥാന സർക്കാരിന്റെ അനാസ്ഥയും മൂലമാണ് നെല്ല് സംഭരണം നിലച്ചതെന്നാണ് കർഷകർ പറയുന്നത്. വേനൽ മഴ എത്തിയതോടെ നെല്ല് നശിക്കുമെന്ന ഭീതിയിലാണ് പാലക്കാട്ടെ കർഷകർ. നെല്ല് സംഭരിച്ച വകയിൽ സപ്ലൈകോ സംസ്ഥാനത്തെ 73,062 കർഷകർക്ക് നൽകാനുള്ളത് 785.1 കോടി രൂപയാണ്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിൽ നിന്ന് പണം ലഭിക്കുന്നതിന് കാലതാമസമുണ്ടാകുന്ന സാഹചര്യത്തിലാണ് പി.ആർ.എസ് വായ്പാ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോയത്. സപ്ലൈകോ നൽകുന്ന പാഡി രസീത് ഷീറ്റുമായി ബാങ്കുകളിലെത്തുന്ന കർഷകന് ബാങ്കുകൾ വായ്പ അനുവദിക്കും. ഈ സീസണിൽ എസ്.ബി.ഐ, കാനറ ബാങ്ക് കൺസോർഷ്യമായാണ് സപ്ലൈകോ കരാർ ഒപ്പുവെച്ചത്. പരമാവധി 450 കോടി രൂപ പി.ആർ.എസ് വായ്പയായി നൽകാനായിരുന്നു കരാർ. ഈ പരിധി കഴിഞ്ഞാൽ വായ്പ നൽകുന്നത് നിറുത്തും. എന്നാൽ,​ കരാർ പ്രകാരമുള്ള വായ്പ പരിധി കഴിഞ്ഞിട്ടും സപ്ലൈകോ പണം തിരിച്ചടയ്ക്കാത്തതോടെ മാർച്ച് 18 മുതൽ കർഷകർക്ക് വായ്പ നൽകുന്നത് ബാങ്കുകൾ നിറുത്തി. ഇതോടെ ബാങ്കുകളിൽ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നും പലിശയ്ക്കും മറ്റും ലക്ഷങ്ങൾ കടം വാങ്ങി കൃഷി ഇറക്കിയ പതിനായിര കണക്കിന് കർഷക കുടുംബങ്ങളാണ് പെരുവഴിയിലായത്.

പാലക്കാട് ജില്ലയിൽ മാത്രം 443 കോടി രൂപ വിതരണം ചെയ്യാനുണ്ട്. ആലപ്പുഴ, തൃശൂർ, കോട്ടയം, മലപ്പുറം ജില്ലകളിലെ കർഷകരും പ്രതിസന്ധി നേരിടുകയാണ്. ആലപ്പുഴ ജില്ലയിൽ മാത്രം നെല്ലുവില ഇനത്തിൽ 13,731 കർഷകർക്ക് ലഭിക്കാനുള്ളത് 173.36 കോടി രൂപയാണ്. ഒരു മാസമായി ഈ പണം കാത്തിരിക്കുകയാണു കർഷകർ. പാലക്കാട് ജില്ലയിൽ വലിയൊരു വിഭാഗം കർഷകർക്ക് ഇനിയും സംഭരണ സ്ലിപ്പുകൾ പോലും ലഭിച്ചിട്ടില്ല. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും സപ്ലൈകോയ്ക്കും കർഷകർ പരാതി നൽകിയെങ്കിലും അധികൃതർ കൈമലർത്തുകയാണ്. ജീവിത ചെലവിന് പോലും പണം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്തെ പതിനായിരക്കണക്കിന് വരുന്ന കർഷകർ ഉള്ളത്. ഇതിനിടെ കേന്ദ്രസർക്കാർ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് 203 കോടി നൽകിയിട്ടുണ്ടെന്നും ഇത് വൈകാതെ നൽകാനാകുമെന്നും സപ്ലൈകോ അധികൃതർ പറയുന്നുണ്ട്.

കേരളത്തിന് കിട്ടാനുള്ളത് 1448 കോടി രൂപ

നെല്ല് സംഭരിച്ച വകയിൽ 2017 മുതലുള്ള കുടിശ്ശിക കൂടി ചേർത്ത് കേന്ദ്രത്തിൽ നിന്ന് കേരളത്തിന് കിട്ടാനുള്ളത് 1448 കോടി രൂപ. മുൻകൂറായി 328 കോടി രൂപ ആവശ്യപ്പെട്ട് കഴിഞ്ഞവർഷം അവസാനം കേരളം നൽകിയ കത്ത് പരിഗണിച്ച് കേന്ദ്രം നൽകിയത് 203.94കോടി രൂപമാത്രം. സംസ്ഥാനം ഒരു സാമ്പത്തിക വർഷത്തേക്ക് നീക്കിവെച്ച മൊത്തം പ്രോത്സാഹന ബോണസുൾപ്പെടെ ഉപയോഗപ്പെടുത്തിയാണ് കഴിഞ്ഞ ഒന്നാംവിള സീസണിലും രണ്ടാംസീസണിലും കർഷകർക്ക് തുക നൽകിയത്. സംഭരിക്കുന്ന നെല്ല് മില്ലുടമകൾ അരിയാക്കി സപ്ലൈകോയ്ക്ക് നൽകുകയും അത് റേഷൻകട വഴി വിതരണം ചെയ്ത് ബിൽ നൽകുകയും ചെയ്തശേഷമാണ് കേന്ദ്രസർക്കാർ സംഭരണത്തുക നൽകുന്നത്. ഇതിന് ശരാശരി എട്ടുമാസം എടുക്കും. ഇതിനായി മുമ്പ് നിശ്ചിത തുക മുൻകൂർ അനുവദിക്കുന്ന പതിവുണ്ട്. ഈ തുക കുറച്ചാണ് സംഭരണത്തുക അനുവദിക്കുക. ഇത്തവണ മുൻകൂർ തുകയും കേന്ദ്രം നൽകിയിട്ടില്ല. കേരളത്തിൽ ഉത്പ്പാദിപ്പിക്കുന്ന നെല്ലിന്റെ 95 ശതമാനവും സംസ്ഥാന സർക്കാരാണ് സംഭരിക്കുന്നത്. 30 രൂപയ്ക്കാണ് കേരളത്തിൽ ഒരു കിലോ നെല്ല് സംഭരിക്കുന്നത്. ഇതിൽ 6.31 രൂപയാണ് സംസ്ഥാനത്തിന്റെ പ്രോത്സാഹന ബോണസ്. ശരാശരി 6.5 ലക്ഷം ടൺ നെല്ലാണ് ഒരുവർഷം സംഭരിക്കുന്നത്. കൈകാര്യ ചെലവായി 12 പൈസ നൽകുന്നു. 2.50 ലക്ഷത്തോളം കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നു. കർഷകർക്ക് വിവിധ സബ്സിഡികൾ, ജലസേചന നിരക്കിൽ ഇളവ് എന്നിവയും നൽകുന്നുണ്ട്. ജനുവരി മുതൽ പ്രോത്സാഹന ബോണസ് നൽകരുതെന്ന് കേന്ദ്രം നിർദ്ദേശിച്ചിരുന്നെങ്കിലും സംസ്ഥാന സർക്കാർ അത് തള്ളി. ഒന്നാംവിള സീസണിലും സംസ്ഥാനവിഹിതം നൽകുന്നുണ്ട്.

ഇടമഴയില്ല,​ പ്രാരംഭജോലി തുടങ്ങാനാവാതെ കർഷകർ

കേന്ദ്രസർക്കാർ നിരന്തരം സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുകയാണെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറയുന്നു. സംസ്ഥാന സർക്കാർ പരമാവധി കർഷകാനുകൂല നിലപാടുകൾ സ്വീകരിച്ചിട്ടും കർഷകർക്ക് സംഭരിച്ച നെല്ലിന്റെ വില നൽകാൻ പല ഘട്ടത്തിലും കാലതാമസമുണ്ടായി. അന്യായവും അയുക്തികവുമായ കാരണങ്ങൾ പറഞ്ഞാണ് താങ്ങുവില ഇനത്തിൽ പണം തടഞ്ഞത്. നിരന്തരമായ സമ്മർദ്ദത്തെ തുടർന്നാണ് ഇപ്പോൾ 203 കോടി രൂപ അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലങ്കോട് കനത്ത ചൂടും വേനൽമഴയില്ലാത്തതും കാർഷികമേഖലയെ പ്രതിസന്ധിയിലാക്കി. ഇടമഴ കിട്ടാത്തതിനാൽ കർഷകർക്ക് നെൽകൃഷിയുടെ പ്രാരംഭ ജോലി പോലും തുടങ്ങാനായിട്ടില്ല. ഏപ്രിലിലെ ആദ്യ വേനൽമഴയിലാണ് കർഷകർ നിലമൊരുക്കാറുള്ളത്. മഴയ്ക്കുശേഷം നിലം ഉഴുതുമറിക്കും. ഇത് വയലിൽ വീണുകിടക്കുന്ന നെല്ല്, കള എന്നിവ മുളയ്ക്കാൻ സഹായമാകും. പിന്നീട് മേയ് ആദ്യത്തെ വേനൽമഴയിൽ പൊടിവിത നടത്തും. പൊടിവിത കൃഷിച്ചെലവ് കുറയ്ക്കുകയും നല്ല വിളവ് നൽകുകയും ചെയ്യും. പൊടിയിൽ ഞാറ്റടി തയ്യാറാക്കാനും വയലുകളിൽ ഡെയ്ഞ്ച പോലുള്ള പച്ചിലവളങ്ങൾ വിതയ്ക്കാനും കഴിയും. വയലുകളിൽ കാലി വളം ചേർക്കുന്നതും വരമ്പുകൾ ബലപ്പെടുത്തുന്നതും ഈ വേളയിലാണ്. പൊടിവിത നടത്തി 20 ദിവസം കഴിഞ്ഞ് വിത്ത് മുളച്ച് നെൽച്ചെടികളാകും. ഇടവപ്പാതിയിലെ കനത്തമഴയിൽ വെള്ളം നിറഞ്ഞാൽ ഞാറ്റടി തയ്യാറാക്കിയ വയലുകളിൽ പറിച്ചുനടീൽ നടത്താം. പൊടിവിത നടത്തിയ വയലുകളിൽ കളകൾ പറിച്ചുമാറ്റി വളം ചേർക്കാം. വേനൽമഴ സമയംതെറ്റിയാൽ കാർഷിക മേഖലയിൽ വിളയിറക്കാനും പരിചരിക്കാനും കൃത്യമായി കഴിയാത്തതിനാൽ ചെലവ് കൂടും. ഉത്പാദനം കുറയുകയും ചെയ്യും. പാലക്കാട്, തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിൽ കാലാവസ്ഥയെ ആശ്രയിച്ചാണ് നെൽകൃഷി. മലമ്പുഴ അണക്കെട്ടിൽ നിന്നാണ് പാലക്കാട് ജില്ലയിലെ 25,000 ഹെക്ടർ കൃഷിക്ക് വെള്ളം നൽകുന്നത്. കടുത്ത വേനലിൽ അണക്കെട്ടിൽ ജലം കുറഞ്ഞതിനാൽ ഒന്നാംവിളയ്ക്ക് വെള്ളമെത്തിക്കാനും കഴിയാതായി. ഇത് ജില്ലയിലെ കർഷകരെ കൂടുതൽ പ്രയാസത്തിലാക്കി.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.