
ന്യൂഡൽഹി: 15 വർഷത്തെ തൃണമൂൽ തേരോട്ടത്തിനു അന്ത്യം കുറിച്ച് പശ്ചിമബംഗാളിലെ ബി.ജെ.പിയുടെ കന്നി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി (57) ഇന്ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കും. രാവിലെ 10ന് കൊൽക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ, എൻ.ഡി.എ നേതാക്കൾ, എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും.
ഇന്നലെ സുവേന്ദു അധികാരിയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പ്രഖ്യാപിച്ചത്. പിന്നാലെ, ഗവർണർ ആർ.എൻ.രവിയെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ചു. സുവേന്ദിനൊപ്പം ബി.ജെ.പി ബംഗാൾ ഘടകം അദ്ധ്യക്ഷൻ ദിലീപ് ഘോഷ്, നേതാക്കളായ ലോക്കറ്റ് ചാറ്റർജി, തപസ് റോയ് എന്നിവരും ലോക്‌ഭവനിലെത്തി. മോദി പ്രഖ്യാപിച്ച എല്ലാ ഗ്യാരന്റികളും ബംഗാളിൽ നടപ്പാക്കുമെന്ന് സുവേന്ദു പ്രതികരിച്ചു.
അതേസമയം, മമതാബാനർജി ഇതുവരെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിട്ടില്ല. നിയമസഭയുടെ കാലാവധി അവസാനിച്ച സാഹചര്യത്തിൽ ഗവർണർ സഭ പിരിച്ചുവിട്ടിരുന്നു. അതിനാൽ ഭരണഘടനാ പ്രതിസന്ധിയില്ലെന്നാണ് വിലയിരുത്തൽ. ബംഗാളിൽ കൂടി അധികാരത്തിലെത്തുന്നതോടെ രാജ്യത്തെ ബി.ജെ.പി മുഖ്യമന്ത്രിമാരുടെ എണ്ണം 17 ആകും. വിവിധയിടങ്ങളിൽ അക്രമം തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി.
റൈറ്റേഴ്സ് ബിൽഡിംഗ് അധികാരകേന്ദ്രമാകും
സത്യപ്രതിജ്ഞയ്‌ക്കു ശേഷം ആദ്യ മന്ത്രിസഭായോഗം ചേരും. മമത, മുഖ്യമന്ത്രിയുടെ ഓഫീസായി ഉപയോഗിച്ച ഹൗറയിലെ നബന്ന സെക്രട്ടേറിയറ്റ് കെട്ടിടത്തിലായിരിക്കില്ല സുവേന്ദുവിന്റെ ഓഫീസ്. ചരിത്രമുറങ്ങുന്ന കൊൽക്കത്തയിലെ റൈറ്റേഴ്സ് ബിൽഡിംഗിലായിരിക്കും. 2013ലാണ് ഇവിടെ നിന്ന് നബന്ന മന്ദിരത്തിലേക്ക് മമത മാറിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |