
ന്യൂഡൽഹി: തമിഴ്നാട്ടിൽ വിജയ്‌യുടെ ടി.വി.കെയ്‌ക്ക് കോൺഗ്രസ് പിന്തുണ നൽകിയതിനു പിന്നാലെ 'ഇന്ത്യ' സഖ്യത്തിൽ പൊട്ടിത്തെറി. സഖ്യവുമായുള്ള ബന്ധം ഉപേക്ഷിച്ച് ഡി.എം.കെ. ലോക്‌സഭയിൽ കോൺഗ്രസ് എം.പിമാർക്കൊപ്പം ഡി.എം.കെയ്ക്ക് ഇരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി കനിമൊഴി എം.പി സ്‌പീക്കർ ഓം ബിർളയ്‌ക്ക് കത്തുനൽകി. ഡി.എം.കെയിലെ 22 എം.പിമാർക്ക് പ്രത്യേക ഇരിപ്പിടം അനുവദിക്കണമെന്നാണ് ആവശ്യം.
പ്രതിപക്ഷ മുന്നണിയേ നിലവിലില്ല എന്ന മട്ടിലാണ് ഡി.എം.കെ നേതാക്കൾ ഇപ്പോൾ പ്രതികരിക്കുന്നത്. പ്രതിസന്ധി സമയത്ത് കോൺഗ്രസ് പിന്നിൽ നിന്ന് കുത്തിയെന്ന വികാരമാണ് ഡി.എം.കെയ്ക്കുള്ളത്. അതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്നാണ് സൂചന. അതേസമയം, ഡി.എം.കെയിലെ 22 എം.പിമാർ സഖ്യവുമായി സഹകരിക്കാത്തത് ദേശീയ തലത്തിൽ പ്രതിപക്ഷ സഖ്യത്തിന് വലിയ തിരിച്ചടിയാണ്. ബി.ജെ.പിയെ എതിർക്കുന്നതിൽ പ്രതിപക്ഷത്തിന്റെ സുപ്രധാന മുഖങ്ങളിൽ ഒന്നാണ് ഡി.എം.കെ.
ബംഗാളിൽ തൃണമൂൽ കോൺഗ്രസും, ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയും കോൺഗ്രസുമായി നല്ല ബന്ധത്തിലല്ല. അതിനു പിന്നാലെയാണ് ഡി.എം.കെയുടെ പിൻവാങ്ങലും. വനിതാ സംവരണ ബിൽ പരാജയപ്പെടുത്താൻ ഐക്യ പ്രതിപക്ഷമായി നിന്നതിന് ഒരു മാസം തികയും മുമ്പാണ് സഖ്യത്തിൽ രൂക്ഷമായ പ്രതിസന്ധി ഉടലെടുത്തത്. ഡി.എം.കെ പിന്മാറുന്നത് സഖ്യത്തിന്റെ തകർച്ചയുടെ തുടക്കമായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. കോൺഗ്രസ് ഒറ്റപ്പെടുന്ന സാഹചര്യത്തിനും ഇടയാക്കിയേക്കും.
ഡി.എം.കെയ്ക്ക്
അഖിലേഷിന്റെ പിന്തുണ
തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ മമത ബാനർജിക്കും ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിനുമൊപ്പമുള്ള ചിത്രം എക്സിൽ പങ്കുവച്ച് ഇരുവർക്കും പിന്തുണ പ്രഖ്യാപിച്ച് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. പ്രതിസന്ധി ഘട്ടങ്ങളിൽ കൈവിടുന്നവരല്ല ഞങ്ങളെന്നും കുറിച്ചു. തമിഴ്നാട്ടിലെ കോൺഗ്രസ് നീക്കത്തിനു മറുപടിയാണിതെന്നാണ് വിലയിരുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |