
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. കഴിഞ്ഞ ദിവസം ഇസ്രയേലിന്റെ എൽ അൽ (El Al) വിമാനം 250 യാത്രക്കാരുമായി ടെൽ അവീവിലേക്ക് പറന്നുയർന്നു. കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരുമൊക്കെ ചേർന്ന കുടുംബങ്ങൾ. പാട്ടും കൂത്തുമായി ആകെ പൊടിപൂരം. വിനോദയാത്രയല്ല. ഒരിക്കൽ അഭയം നൽകിയ ഭാരതത്തിൽ നിന്ന് സ്വന്തം മണ്ണിലേക്കുള്ള മടക്കം. ഇസ്രയേൽ തിരിച്ചെടുക്കുകയാണ്, നൂറ്റാണ്ടുകൾക്കു മുമ്പ് നഷ്ടപ്പെട്ട സ്വന്തം ഗോത്രമായ ബിനെയി മെനാഷേയെ. ''ഓപ്പറേഷൻ വിങ്സ് ഒഫ് ഡാൺ"എന്നാണ് ദൗത്യത്തിന്റെ പേര്.
മണിപ്പൂർ, മിസോറം സംസ്ഥാനങ്ങളിലുള്ള 5,000 മെനാഷേ വിഭാഗക്കാരെ വടക്കൻ ഇസ്രയേലിൽ പുനരധിവസിപ്പിക്കലാണ് ലക്ഷ്യം. ഇന്ത്യയിൽ താമസിച്ചുവന്ന പതിനായിരം മെനാഷേമാരിൽ പകുതിയോളം പേർ രണ്ടുപതിറ്റാണ്ടിനിടെ ഇസ്രയേലിലേക്ക് കുടിയേറി. വർഷം 1,200പേർ എന്ന നിരക്കിൽ നാലുവർഷം കൊണ്ട് ബാക്കിയുള്ളവരെയും പറിച്ചുനടാനാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യയുമായി ധാരണയായത്. നാട്ടിലെത്തിച്ചാൽ ജൂതമതത്തിലേക്ക് പരിവർത്തനം നടത്തി പൗരത്വം നൽകും. പാർപ്പിട സമുച്ചയങ്ങളൊരുക്കും. ഹീബ്രു ഭാഷയും സംസ്കാരവും പഠിപ്പിച്ച് അനുയോജ്യ തൊഴിൽ നൽകും.
പുരാതന ഇസ്രയേലിൽ 12 ഗോത്രങ്ങളുണ്ടായിരുന്നെന്ന് യഹൂദ മതത്തിന്റെ വിശുദ്ധ ഗ്രന്ഥമായ തനക്ക് (Tanakh) പറയുന്നു. 10 ഗോത്രങ്ങൾ യാക്കോബിന്റെ മക്കളുടെ പേരിലും രണ്ടെണ്ണം അദ്ദേഹത്തിന്റെ ചെറുമക്കളായ എഫ്രയിമിന്റെയും മെനാഷേയുടെയും പേരിലും അറിയപ്പെട്ടു. ബിനെയി വിഭാഗം മെനാഷേയുടെ പിൻഗാമികളാണ്. ബി.സി 722ൽ അസീറിയൻ ആക്രമണത്തിൽ ഇസ്രയേൽ ഗോത്രങ്ങൾ പലതും നാടുകടത്തപ്പെട്ടു. മെനാഷേകൾ പേർഷ്യ, അഫ്ഗാനിസ്ഥാൻ, ടിബറ്റ്, ചൈന വഴി ഒടുവിൽ ഇന്ത്യയുടെ വടക്കുകിഴക്ക് ഭാഗത്തെത്തി. മറ്റു രാജ്യങ്ങളിലേതുപോലെ മത പീഡനം ഇന്ത്യയിൽ അനുഭവിക്കേണ്ടി വന്നില്ല. മണിപ്പൂരിലും മിസോറാമിലും സ്ഥിരതാമസമാക്കി. കൃഷിയാണ് പ്രധാന വരുമാനമാർഗം.
ജൂതരായി ജീവിക്കണം
മണിപ്പൂരിൽ മെനാഷേകളെ കുക്കി ഉപവിഭാഗമായി കണക്കാക്കുന്നു. കുക്കികൾ ക്രിസ്തുമതക്കാരാണ്. എന്നാൽ, ബിനേയി മെനാഷേ വിഭാഗം ജൂത വിശ്വാസം പിന്തുടരുകയാണ്. എന്നാൽ, ജൂതമതം അനുശാസിക്കുന്ന എല്ലാ ആചാരങ്ങളും പിന്തുടരാൻ ഇന്ത്യയിൽ കഴിയില്ലെന്നത് ഇവരെ വിഷമിപ്പിക്കുന്നു. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് ഒരു മിൻയാന്റെ (10 പ്രമുഖ യഹൂദ പുരോഹിതരുടെ സംഘം) നേതൃത്വം ആവശ്യമാണ്. ഇന്ത്യയിൽ പലപ്പോഴും അത് സാദ്ധ്യമാകുന്നില്ല. ഇതിനൊപ്പം, മണിപ്പൂരിൽ ശമിക്കാത്ത കുക്കി- മെയ്തെ കലാപവും ഇവരെ അസ്വസ്ഥരാക്കുന്നു. സമ്പൂർണ ജൂത മതവിശ്വാസികളായി ഇസ്രയേലിൽ കഴിയാൻ അങ്ങനെ തീരുമാനിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
