
കൊടുങ്ങല്ലൂർ: സ്വകാര്യ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കി കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലും മുക്കുപണ്ടം പണയം വെച്ചുള്ള തട്ടിപ്പ് വ്യാപകം. തട്ടിപ്പുകാർ പ്രധാനമായും ലക്ഷ്യമിടുന്നത് സ്ഥാപനങ്ങളുടെ വിശ്വാസ്യത പിടിച്ചുപറ്റാനാണ്. ഇതിനായി ആദ്യം ചെറിയ തുകയ്ക്കുള്ള ആഭരണങ്ങൾ പണയം വെക്കുകയും, വളരെ പെട്ടെന്നുതന്നെ അവ തിരിച്ചെടുക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഒന്നിലധികം തവണ ഇടപാടുകൾ നടത്തി സ്ഥാപന ഉടമകളുടെയും അപ്രൈസർമാരുടെയും വിശ്വാസം നേടിയെടുക്കുന്നു. തുടർന്ന് വിശ്വാസം ഉറപ്പിച്ചുകഴിഞ്ഞാൽ വലിയ അളവിൽ മുക്കുപണ്ടം കൊണ്ടുവരികയും ഉയർന്ന തുക കൈക്കലാക്കി മുങ്ങുകയും ചെയ്യുന്നു. മതിലകം, പുതിയകാവ് തുടങ്ങിയ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ സമാനമായ തട്ടിപ്പുകൾ വ്യാപകമാണ്. മുക്കുപണ്ടം നൽകി ലക്ഷങ്ങൾ തട്ടിയെടുക്കുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത വേണമെന്നാണ് വ്യാപാരികളുടെ മുന്നറിയിപ്പ്.
തട്ടിപ്പ് വ്യാജരേഖ ചമച്ച്
പണയം വെക്കുന്നതിനായി നൽകുന്ന ആധാർ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ പലപ്പോഴും ഫോട്ടോ വെട്ടിയൊട്ടിച്ച വ്യാജപ്പതിപ്പുകളായിരിക്കും. മേൽവിലാസം ദൂരസ്ഥലങ്ങളിലേതാകുന്നതിനാൽ തട്ടിപ്പ് തിരിച്ചറിഞ്ഞ് അന്വേഷിച്ചു ചെല്ലുമ്പോഴേക്കും പ്രതികൾ ഒളിവിൽ പോയിട്ടുണ്ടാകും.
പരിശോധനയെ വെട്ടിക്കുന്ന തന്ത്രങ്ങൾ
അപ്രൈസർമാർ സാധാരണയായി ആഭരണങ്ങളുടെ കൊളുത്തിന്റെ ഭാഗമാണ് ഉരച്ചു പരിശോധിക്കാറുള്ളത്. ഇതിനായി കൊളുത്ത് മാത്രം സ്വർണ്ണത്തിലും ബാക്കി ഭാഗങ്ങൾ മുക്കുപണ്ടത്തിലും നിർമ്മിക്കുന്ന രീതിയാണ് തട്ടിപ്പുകാർ ചെയ്യുന്നത്. വളകൾ പോലുള്ള ആഭരണങ്ങളിൽ പുറംഭാഗത്ത് കട്ടിയിൽ സ്വർണ്ണം പൂശുന്നതിനാൽ മുറിച്ചു നോക്കാതെ തട്ടിപ്പ് കണ്ടെത്തുക അസാധ്യമാണ്. പണയം വയ്ക്കാനെത്തുന്നവർ ആശുപത്രി ആവശ്യങ്ങൾ പോലുള്ള വൈകാരികമായ കാരണങ്ങൾ പറഞ്ഞ് പണം കൈപ്പറ്റും. പൊലീസിൽ പരാതിപ്പെട്ടാലും രക്ഷയില്ലെന്ന് വ്യാപരികൾ പറയുന്നു.
പൊലീസിൽ പരാതിപ്പെട്ടാലും രക്ഷയില്ല. മുക്കുപണ്ട മാഫിയയെ പൂർണ്ണമായും ഉന്മൂലനം ചെയ്യുന്നതിനായി ശക്തമായ നിയമനിർമ്മാണം വേണം. നിലവിലുള്ള നിയമത്തിലെ സെക്ഷൻ 18 (8)ൽ ആവശ്യമായ ഭേദഗതികൾ വരുത്തണം.ആൾ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷൻ കൊടുങ്ങല്ലൂർ താലൂക്ക് സമ്മേളനം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |