
വിജയ് ദേവരകൊണ്ടയുടെ പിറന്നാൾ ദിനത്തിൽ ആക്ഷനും പ്രണയവും ഒരുമിച്ച് ചേരുന്ന റൗഡി ജനാർദ്ദന എന്ന ചിത്രത്തിന്റ സ്പെഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു. പിസ്റ്റൾ പിടിച്ച് വിജയ് ദേവരകൊണ്ടയുടെ മാസ് ലുക്കാണ് പോസ്റ്ററിലെ പ്രധാന ആകർഷണം. അതേസമയം നായികയായ കീർത്തി സുരേഷ് വിജയിന്റെ നെഞ്ചിൽ കാൽവെച്ച് നിൽക്കുന്ന ദൃശ്യവും കൗതുകമുണർത്തുന്ന തരത്തിൽ അവതരിപ്പിക്കുന്നു. ഇരുവരുടെയും കഥാപാത്രങ്ങൾ തമ്മിൽ ശക്തമായ ബന്ധവും പ്രണയവും സംഘർഷവും ഒരുപോലെ സൂചിപ്പിക്കുന്ന തരത്തിലാണ് പോസ്റ്റർ. രവി കിരൺ കോല സംവിധാനം ചെയ്യുന്ന ചിത്രം ഗ്രാമീണ ആക്ഷൻ ഡ്രാമയാണ്.
ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് നിർമ്മിക്കുന്നത്. ഡിസംബറിൽ ലോകമെമ്പാടുമായി ചിത്രം തിയേറ്ററുകളിൽ എത്തും. ആനന്ദ് സി. ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ക്രിസ്റ്റോ സേവ്യർ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ ഡിനോ ശങ്കർ . വിജയ് ദേവരകൊണ്ട നായകനായി രാഹുൽ സങ്ക്രിത്യൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് രണബാലി അണിയറയിൽ ഒരുങ്ങുന്നു. 'രണബാലി' എന്ന പോരാളിയായി തീപ്പൊരി ലുക്കിലാണ് വിജയ് ദേവരകൊണ്ട എത്തുക. രശ്മിക മന്ദാന 'ജയമ്മ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
'ഗീതാ ഗോവിന്ദം', 'ഡിയർ കോമ്രേഡ്' എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ്‌യും രശ്മികയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. 'ദി മമ്മി' എന്ന ചിത്രത്തിലൂടെ ലോകപ്രശസ്തനായ ഹോളിവുഡ് നടൻ അർനോൾഡ് വോസ്ലൂ ആണ് പ്രധാന വില്ലൻ. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ഗുൽഷൻ കുമാർ, ഭുഷൻ കുമാർ, ടി സീരീസ് എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. ശൗരു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദേവരകൊണ്ട ഇപ്പോൾ അഭിനയിക്കുന്നത്.പി. ആർ .ഒ : പ്രതീഷ് ശേഖർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
