SignIn
Kerala Kaumudi Online
Sunday, 10 May 2026 4.17 PM IST

തലൈവാ.... തമിഴകത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വിജയ്; ഏഴ് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്രനിമിഷം

Increase Font Size Decrease Font Size Print Page
vijay

ചെന്നൈ: സർക്കാർ രൂപീകരണത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വം അവസാനിപ്പിച്ചുകൊണ്ട് തമിഴകത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ദളപതി വിജയ് സത്യപ്രതിജ്ഞ ചെയ്‌തു. ഇന്ന് രാവിലെ 10 മണിക്ക് നെഹ്റു സ്റ്റേഡിയത്തിൽ വച്ചായിരുന്നു സത്യപ്രതിജ്ഞ. വിജയ്‌ക്കൊപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, നടി തൃഷ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

തമിഴ്‌നാട് നിയമസഭയിൽ 118 എന്ന ഭൂരിപക്ഷം മറികടക്കാൻ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി നാല് തവണ വിജയ് ഗവർണറുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഒടുവിൽ കോൺഗ്രസിന്റെ അഞ്ച് എംഎൽഎമാരും വിടുതലൈ ചിരുതൈഗൽ കച്ചി (വിസികെ) യുടെ രണ്ട് എംഎൽഎമാരുടെയും സിപിഐയുടെയും സിപിഎമ്മിന്റെയും മുസ്ലീം ലീഗിന്റെയും രണ്ട് വീതം എംഎൽഎമാരുടെയും പിന്തുണ ലഭിച്ചതോടെയാണ് സത്യപ്രതിജ്ഞയ്‌ക്ക് ഗവർണർ അനുമതി നൽകിയത്.

മുൻ മുഖ്യമന്ത്രിമാരായ എംജിആറുമായും ജയലളിതയുമായും പതിറ്റാണ്ടുകളായി അടുത്ത് പ്രവർത്തിച്ചിട്ടുള്ള മുതിർന്ന നേതാവ് കെഎ സെങ്കോട്ടയ്യൻ ടിവികെ മന്ത്രിസഭയിലെ പ്രമുഖരിൽ ഒരാളാണ്. എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തെ പരസ്യമായി ചോദ്യം ചെയ്യുകയും പുറത്താക്കപ്പെട്ട നേതാക്കളെ തിരികെ കൊണ്ടുവരുന്നതിൽ പാർട്ടി പരാജയപ്പെട്ടതിനെ വിമർശിക്കുകയും ചെയ്തതിനെ തുടർന്ന് എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ടയാളാണ് സെങ്കോട്ടയ്യൻ.

വിജയുടെ വിശ്വസ്‌തരിൽ ഒരാളും പാർട്ടിയുടെ പ്രധാന ഭാഗവുമായ ആധവ് അർജുനനാണ് മറ്റൊരു മന്ത്രി. ചെന്നൈയിലെ വില്ലിവാക്കം മണ്ഡലത്തിൽ നിന്ന് വിജയിച്ച അർജുന, ടിവികെയുടെ സംഘടനാ ആസൂത്രണത്തിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ മരുമകൻ കൂടിയാണ് അദ്ദേഹം. മധുരയിലെ തിരുപ്പറംകുണ്ഡ്രത്ത് നിന്ന് വിജയിച്ച നിർമ്മൽ കുമാറും വിജയ്‌യുടെ മന്ത്രിസഭയിലുണ്ട്. മുൻ ബിജെപി പ്രവർത്തകനായിരുന്നു നിർമ്മൽ.

ചെന്നൈയിലെ ടി നഗർ നിയോജകമണ്ഡലത്തിൽ നിന്ന് വിജയിച്ച ടിവികെ ജനറൽ സെക്രട്ടറി ആനന്ദ്, സിനിമാ പ്രവർത്തകൻ രാജ് മോഹൻ, ദന്തഡോക്ടറിൽ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ ഡോ. ടി കെ പ്രഭു, തിരുച്ചെങ്കോഡിൽ നിന്ന് വിജയിച്ച ഡോ. അരുൺ രാജ്, ചെന്നൈയിലെ മൈലാപ്പൂരിൽ നിന്ന് ജയിച്ച പി വെങ്കിട്ടരമണൺ, മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖം വിരുദുനഗർ ജില്ലയിൽ നിന്ന് വിജയിച്ച കീർത്തന എന്നിവരും വിജയ്‌ക്കൊപ്പം ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തു.

TAGS: NEWS 360, NATIONAL, NATIONAL NEWS, TAMILNADU, VIJAY, OATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360