
വടകര: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തരംഗം യുഡിഎഫിന് അനുകൂലമാണെന്ന് വ്യക്തമാവുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ കാലിടറിയ സാഹചര്യത്തിൽ സിപിഎമ്മിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് കെ.കെ രമ. ധർമടത്ത് പിണറായി വിജയന്റെ വോട്ടുനില പിന്നിലേക്കുപോയ സാഹചര്യത്തിൽ ടി.പി ചന്ദ്രശേഖരൻ വധക്കേസ് സൂചിപ്പിച്ചാണ് പോസ്റ്റ്. വടകരയിൽ ഏകദേശം പതിമൂന്നായിരത്തോളം വോട്ടുകൾക്ക് കെ കെ രമ മുന്നിലാണ്.
കെ.കെ രമയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്,
'പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ!
ഇതു മതി !!
കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു...
രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ.'
വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫിന്റെ ലീഡ് നില നൂറിനടുത്താണ് ലീഡ് നിലയിൽ എൽഡിഎഫ് ഏറെ പുറകിലാണ്. എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ പോലും അടിതെറ്റുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ധർമ്മടത്ത് പിണറായി വിജയനെ തുടക്കം മുതൽ വിറപ്പിച്ചാണ് യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദിന്റെ മുന്നേറ്റം. ഇത്തവണ തളിപ്പറമ്പിൽ അബ്ദുൾ റഷീദ് സ്ഥാനാർഥിയാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ സിപിഎം വിമതൻ ടി.കെ.ഗോവിന്ദന് സീറ്റുകൊടുക്കണമെന്ന പുതിയ സമവാക്യം യുഡിഎഫിൽ ഉടലെടുത്തപ്പോൾ റഷീദിന് സീറ്റ് നഷ്ടമായി. തളിപ്പറമ്പ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന അബ്ദുൾ റഷീദ് തുടർന്ന് ധർമടത്തെ സ്ഥാനാർഥിയാകുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |