
തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 700 കോടി അഴിമതി ആരോപിച്ച സഹകരണ സംഘങ്ങളിലെ ഏകീകൃത സോഫ്റ്റ്‌വെയർ കരാർ പുതിയ സർക്കാർ റദ്ദാക്കും. ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ ഇതുസംബന്ധിച്ച നിലപാട് അറിയിക്കും.
സഹകരണ സംഘങ്ങളിൽ ഏകീകൃത സോഫ്റ്റ്‌വെയർ നടപ്പാക്കാൻ സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനമായ ദിനേശ് കൺസോർഷ്യത്തിനു കരാർ നൽകാൻ പിണറായി വിജയൻ സർക്കാർ തീരുമാനിച്ചിരുന്നു. ടാറ്റാ കൺസൾട്ടൻസിക്ക് നൽകാൻ സഹകരണ വകുപ്പ് ധാരണയിലെത്തിയ പദ്ധതി, നാലിരട്ടി തുകയ്ക്ക് ദിനേശ് കൺസോർഷ്യത്തിനു നൽകുന്നതിൽ അഴിമതിയുണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം.
4,415 പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ഏകീകൃത സോഫ്റ്റ്‌വെയർ നൽകാൻ 206 കോടിയാണ് ടാറ്റയ്ക്ക് നൽകാൻ ധാരണയായിരുന്നത്. എന്നാൽ ടാറ്റ പിന്മാറിയതോടെ വീണ്ടും ടെൻഡർ വിളിച്ചു. സഹകരണ സ്ഥാപനങ്ങളായ മലബാർ ഇൻഫർമേഷൻ ടെക്‌നോളജി കോ- ഓപ്പറേറ്റീവ് സൊസൈറ്റിയും ദിനേശ് ഇൻഫർമേഷൻ ടെക്‌നോളജിയും ടെൻഡറിൽ പങ്കെടുത്തു.
290 പ്രാഥമിക സഹകരണ സംഘങ്ങൾക്ക് സോഫ്റ്റ്‌വെയർ നൽകാൻ 58 കോടി രൂപയുടെ കരാറാണ് ദിനേശിനു നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇതുപ്രകാരം 4,415 സംഘങ്ങൾക്ക് 914 കോടിയോളം രൂപ ചെലവാകും. ഇതിലൂടെ 700 കോടിയുടെ അഴിമതി നടത്താൻ പോകുന്നുവെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. പിന്നാലെ മലബാർ ഇൻഫർമേഷൻ ടെക്‌നോളജി ഹൈക്കോടതിയെ സമീപിക്കുകയും ടെൻഡർ നടപടികൾ താത്കാലികമായി സ്‌റ്റേ ചെയ്യുകയും ചെയ്തു. പഴയ ടെൻഡർ റദ്ദാക്കി, പുതിയത് ക്ഷണിക്കാനാണ് ശ്രമം.
ടെൻഡർ വ്യവസ്ഥകൾ മാറ്റും
സഹകരണ സ്ഥാപനങ്ങൾക്ക് മാത്രം പങ്കെടുക്കാൻ കഴിയുന്ന തരത്തിലായിരുന്നു ഇടതു സർക്കാരിന്റെ ടെൻഡർ വ്യവസ്ഥകൾ. ഇതു പൂർണമായും മാറ്റി, രാജ്യത്തെ എല്ലാ ഐ.ടി കമ്പനികൾക്കും പങ്കെടുക്കാൻ കഴിയുന്ന തരത്തിലേക്ക് വ്യവസ്ഥകൾ മാറ്റാനാണ് നീക്കം. ദിനേശിനു നൽകിയ കരാറിനെ സംബന്ധിച്ച് സഹകരണ സംഘങ്ങളിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. പൈലറ്റ് പദ്ധതിക്ക് ശേഷം മറ്റു ശാഖകളിൽ പദ്ധതി നടപ്പാക്കുന്നതിലുള്ള ചെലവ് സഹകരണ സംഘങ്ങൾ തന്നെ നൽകേണ്ടി വരുമോയെന്നായിരുന്നു ആശങ്ക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |