കോതമംഗലം: കൊടുംവേനലിലെ വരൾച്ചയ്ക്കിടയിൽ വാട്ടർ അതോറിട്ടിയുടെ പമ്പിംഗിലെ പാളിച്ചമൂലം കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. മുനിസിപ്പാലിറ്റിയിലെ തങ്കളം, വലിയപാറ, മലയിൻകീഴ് മേഖലകളിലും കവളങ്ങാട് പഞ്ചായത്തിലെ നെല്ലിമറ്റം, കണ്ണാടിക്കോട്, നെടുമ്പാറ എന്നിവിടങ്ങളിലും പൈപ്പ് വെള്ളം ലഭ്യമല്ല. ഉയർന്ന പ്രദേശങ്ങളിലുള്ളവർ ദുരിതത്തിലായതോടെ വീട്ടാവശ്യത്തിനായി പലരും വില കൊടുത്തു വെള്ളം വാങ്ങേണ്ട അവസ്ഥയിലാണ്. നിലവിൽ മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ ടാങ്കറുകളിൽ ജലമെത്തിച്ച് വിതരണം നടത്തുന്നുണ്ട്.
കോഴിപ്പിള്ളി പുഴയിൽനിന്നുള്ള വെള്ളം ശുദ്ധീകരിച്ചാണ് മുനിസിപ്പാലിറ്റിയിലും വാരപ്പെട്ടി പഞ്ചായത്തിലും വിതരണം ചെയ്യുന്നത്. വേനലിൽ പെരിയാർവാലി കനാൽവഴിയാണ് പുഴയിൽ വെള്ളമെത്തിക്കുന്നത്. എന്നാൽ കനാൽ ശുചീകരണത്തിലെ വീഴ്ചമൂലം പുഴയിൽ നീരൊഴുക്ക് കുറഞ്ഞത് പമ്പിംഗിനെ ബാധിച്ചു. പൈപ്പ് വെള്ളത്തിന്റെ ആവശ്യകത വർദ്ധിച്ചതും പമ്പിംഗ് മുടങ്ങുന്നതും പ്രതിസന്ധി കൂട്ടി. പ്രശ്നം രൂക്ഷമായി ആഴ്ചകൾ കഴിഞ്ഞിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ ഇടപെടൽ ഉണ്ടായില്ലെന്നാണ് പരാതി.
കോതമംഗലത്തെ കുടിവള്ള വിതരണ പദ്ധതിയുടെ ശേഷി വർദ്ധിപ്പിക്കണമെന്ന നിർദ്ദേശം വർഷങ്ങൾക്കുമുമ്പ് ഉദ്യോഗസ്ഥർ സർക്കാരിന് സമർപ്പിച്ചിരുന്നു. കണക്ഷനുകൾ വർദ്ധിച്ചെങ്കിലും പമ്പിംഗ്-വിതരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തിയിട്ടില്ല. കാലപ്പഴക്കമുള്ള പൈപ്പ് ലൈനുകൾ ഉപയോഗിക്കുന്നതിനാൽ പൈപ്പ് പൊട്ടൽ പതിവാകുന്നു. ദേശീയപാത നവീകരണം കാരണം ജലജീവൻ മിഷൻ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് വൈകുന്നതും കവളങ്ങാട് പഞ്ചായത്തിലെ ജലവിതരണത്തെ ബാധിച്ചിട്ടുണ്ട്.
കവളങ്ങാട് പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ വെള്ളം എത്തിച്ചു നൽകുന്നതിൽ ഭരണസമിതി അനാസ്ഥ കാണിക്കുകയാണ്. ജനങ്ങൾ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. അധികാരികൾ കണ്ണ് തുറക്കണം.
ഷിബു പടമ്പറമ്പത്ത്,
മുൻ പ്രസിഡന്റ്
ഗ്രാമപഞ്ചായത്ത്
പെരിയാർവാലി കനാലിന്റെ ശുചീകരണപ്രവർത്തനം നടന്നുവരികയാണ്. ദിവസങ്ങൾക്കകം പുഴയിലേക്ക് യഥേഷ്ടം വെള്ളമൊഴുകും. ഇതോടെ ജലവിതരണത്തിലെ പോരായ്മ പരിഹരിക്കപ്പെടും. ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ ടാങ്കറിൽ വെള്ളം വിതരണം ചെയ്യുന്നുണ്ട്.
ഭാനുമതി രാജു,
ചെയർപേഴ്‌സൺ,
കോതമംഗലം മുനിസിപ്പാലിറ്റി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |