
കണ്ണൂർ: കൂത്തുപറമ്പ്, അഴീക്കോട് മണ്ഡലങ്ങളിലെ പരാജയ കാരണം കണ്ടെത്താൻ കമ്മിഷനെ നിശ്ചയിക്കാൻ ജില്ലാ മുസ്ലിം ലീഗ് നേതൃയോഗം തീരുമാനിച്ചു. യു.ഡി.എഫ് ഏറ്റവും കുറഞ്ഞ വോട്ടിന് പരാജയപ്പെട്ട അഴീക്കോടും പാർട്ടി നേതാവ് നേരിട്ട് കാലുവാരി തോൽപ്പിച്ച കൂത്തുപറമ്പിലുമുണ്ടായ സംഘടനാ വീഴ്ചയാണ് കമ്മിഷൻ അന്വേഷിക്കുക.
അഴീക്കോട് നേരിട്ട പരാജയത്തിൽ കോൺഗ്രസിനെതിരെ മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് കൂടിയായ സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരി തന്നെ രംഗത്തെത്തിയിരുന്നു. കോൺഗ്രസിന് സ്വാധീനമുള്ള പള്ളിക്കുന്ന്, പുഴാതി, നാറാത്ത് മേഖലകളിൽ വോട്ട് ചോർച്ച ഉണ്ടായതാണ് പരാജയ കാരണമെന്നായിരുന്നു ആരോപണം. 349 വോട്ടിനാണ് സിറ്റിംഗ് എം.എൽ.എ കെ.വി സുമേഷിനോട് ചേലേരി തോറ്റത്.
കൂത്തുപറമ്പിൽ ജയന്തി നടരാജൻ 1,286 വോട്ടിനാണ് എൽ.ഡി.എഫിലെ പ്രവീണിനോട് തോറ്റത്. തുടക്കം തൊട്ടു തന്നെ സ്ഥാനാർത്ഥിത്വത്തിന് കണ്ണുവെച്ച മണ്ഡലം ജനറൽ സെക്രട്ടറി പി.കെ ഷാഹുൽ ഹമീദ് ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചെന്ന് ആരോപണമുയർന്നിരുന്നു.
അഴീക്കോട്ട് അഡ്വ. എസ്. മുഹമ്മദ്, ടി.എൻ.എ ഖാദർ, ഫാറുഖ് വട്ടപ്പൊയിൽ എന്നിവരും കൂത്തുപറമ്പിൽ അഡ്വ. കെ.എ ലത്തീഫ്, മുസ്ലീഹ് മഠത്തിൽ, കൊടിപ്പൊയിൽ മുസ്തഫ എന്നിവരുമാണ് കമ്മിഷൻ അംഗങ്ങൾ. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ ദിവസം നടന്ന മുസ്ലിം ലീഗ് നേതൃയോഗം നിർദ്ദേശിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |