മലമ്പുഴ: പൂർത്തിയാവാത്തതും കുണ്ടുംകുഴിയും നിറഞ്ഞതുമായ വഴിയിലൂടെ ചോദിച്ചറിഞ്ഞ് മലമ്പുഴ പഞ്ചായത്തിലെ ഒന്നാം വാർഡായ കൊല്ലംകുന്നിലെത്തിയപ്പോൾ സമയം നാലുമണി കഴിഞ്ഞു. ഇടിഞ്ഞുവീഴാറായതും നിർമ്മാണം നടക്കുന്നതുമായ ചെറിയ ചെറ്റപ്പുരകൾ. പലതും മണ്ണ് കൊണ്ട് നിർമ്മിച്ചവയാണ്. അവയ്ക്കിടയിലൂടെ മയിലാടിപ്പുഴയുടെ അടുത്തേക്ക് നടന്നു. നടക്കുന്ന വഴിയത്രയും കുഴികളാണ് എണ്ണി നോക്കി 20 ൽ അധികമുണ്ട്. കുറച്ചുകൂടി മുന്നോട്ടു നടന്നപ്പോഴാണ് കുഴികൾ എന്തിനാണെന്ന് മനസിലായത്. മയിലാടിപ്പുഴയിൽ നിന്ന് ഊറിവരുന്ന ശുദ്ധജലം ശേഖരിക്കാൻ ഉണ്ടാക്കിയ കുഴികളാണ്. അടുത്തേക്ക് നടന്നപ്പോൾ പുഴയുടെ അടുത്തിരുന്ന് ചെറിയ പാത്രം കൊണ്ട് ബക്കറ്റിലേക്കും കുടത്തിലേക്കും വെള്ളം ശേഖരിക്കുന്ന രണ്ട് പെൺകുട്ടികൾ. വർഷങ്ങളായി അവരുടെ കുടുംബം അതിൽ നിന്നാണ് കുടിക്കാൻ ഉൾപ്പെടെ വെള്ളം ശേഖരിക്കുന്നത്. ചുറ്റിലും കണ്ണെത്താ ദൂരത്തോളം മലമ്പുഴ ഡാം പരന്നുകിടക്കുകയാണെങ്കിലും കുടിക്കാൻ മാത്രം വെള്ളമില്ല. വെള്ളം ശേഖരിച്ച് 100 മീറ്ററിൽ അധികം നടക്കണം ടാർപ്പായ വലിച്ചു കെട്ടിയ അവരുടെ വീട്ടിലെത്താൻ. ഏഴാം ക്ലാസുകാരി വിഷ്ണുപ്രിയയും നാലാം ക്ലാസുകാരി അഭിഷ്ണയും വെള്ളം ശേഖരിച്ച് വീട്ടിലേക്ക് നടന്നു. കുട്ടികൾ വെള്ളം ശേഖരിക്കുന്നത് കണ്ട് സങ്കടം തോന്നിയിട്ട് താനാണ് കുഴികൾ കുത്തിക്കൊടുത്തതെന്ന് അയൽവാസിയായ വെള്ളച്ചി പറഞ്ഞു. വിഷ്ണുപ്രിയയുടെ അച്ഛൻ വിഷ്ണു ഫോറസ്റ്റ് ഓഫീസിലെ വാച്ചറാണ്. അമ്മയില്ല. അച്ഛനും അച്ഛച്ഛനും ചെറിയച്ഛനും അമ്മായിയുമടക്കം ആറു പേരാണ് വീട്ടിൽ താമസിക്കുന്നത്. സർക്കാർ വീടുവയ്ക്കാൻ സ്ഥലം നൽകിയെങ്കിലും വന്യമൃഗശല്യമുള്ള ഇടമാണെന്നും ആകെ മൂന്ന് സെന്റാണ് നൽകിയതെന്നും അച്ഛച്ഛനായ വേലായുധൻ പറഞ്ഞു. തൊട്ടടുത്ത വീടുകളിൽ എല്ലാം പഞ്ചായത്ത് കുടിവെള്ളം നൽകുന്നുണ്ട്. ടാങ്ക് നൽകിയെങ്കിലും ആ വീട്ടിലേക്ക് മാത്രം കുടിവെള്ളമെത്തുന്നില്ല. വാഹനമെത്താൻ ബുദ്ധിമുട്ടാണെന്നാണ് പഞ്ചായത്തധികൃതർ പറയുന്നത്.
അനധികൃതമായിട്ടാണ് ആ കുടുംബം അവിടെ താമസിക്കുന്നത് . ഒന്നാം വാർഡിലെ എസ് .ടി നഗറിൽ അവർക്ക് സ്വന്തമായി സ്ഥലമുണ്ട്. അവർ അവിടെ നിന്നും ഇങ്ങോട്ട് മാറി താമസിക്കുകയാണ്. വിഷ്ണുവിന് കല്ലേപ്പുള്ളി എളമരം കാട്ടിൽ 25 സെന്റർ സ്ഥലം സർക്കാർ നൽകിയിട്ടുണ്ട്. ഫെബ്രുവരി 16 മുതൽ എല്ലാ വീടുകളിലേക്കും പഞ്ചായത്ത് കുടിവെള്ളമെത്തിക്കുന്നുണ്ട്. വെള്ളം ശേഖരിക്കാനുള്ള ടാങ്കും പഞ്ചായത്ത് നൽകിയിട്ടുണ്ട്. എന്നാൽ അവർ നിൽക്കുന്ന സ്ഥലത്തേക്ക് വെള്ളവുമായെത്തുന്ന വണ്ടിയെത്താൻ ബുദ്ധിമുട്ടാണ്. എസ്.ടി നഗറിൽ അംബേദ്കർ പദ്ധതി പ്രകാരം ഒരുകോടിയുടെ വികസനങ്ങൾ നടക്കുന്നുണ്ട്. അവിടേക്ക് മാറി താമസിക്കാൻ നിരവധി തവണ പറഞ്ഞെങ്കിലും താമസം മാറാൻ അവർ തയ്യാറല്ല.
എൻ.ശ്രീജിത്ത്
മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |