
തിരുവനന്തപുരം: സർക്കാരിന്റെ പക്കലുള്ള ഡാറ്റ (വിവരങ്ങൾ) വിറ്റഴിക്കാൻ സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും അനുമതി നൽകി സംസ്ഥാനത്തിന്റെ പുതിയ കരട് ഡാറ്റനയം. പിണറായി സർക്കാരിന്റെ അവസാനകാലത്ത് ഐ.ടി വകുപ്പ് തയ്യാറാക്കിയ കരട്നയം പൊതുജനാഭിപ്രായം തേടി വെബ്സൈറ്രിൽ പ്രസിദ്ധീകരിച്ചു. ഇന്റേണൽ ഡേറ്ര വിഭാഗത്തിൽപെട്ട വിവരങ്ങൾ സ്റ്റാർട്ടപ്പുകൾ, വ്യവസായ സ്ഥാപനങ്ങൾ, ഏജൻസികൾക്കടക്കം സ്വകാര്യ മേഖലയിൽ വിൽക്കാൻ കരടുനയം വ്യവസ്ഥ ചെയ്യുന്നു.
ജനങ്ങളുടെ വ്യക്തിഗത വിവരങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ മാറ്രം വരുത്തിയാവണം കൈമാറേണ്ടത്. വ്യക്തിഗത വിവരങ്ങളോ രഹസ്യസ്വഭാവമുള്ള വിവരങ്ങളോ അതേപടി വിൽക്കരുത്. സർക്കാർ സ്ഥാപനങ്ങൾക്കായിരിക്കും ഡാറ്റയുടെ ഉടമസ്ഥാവകാശം. അതത് സ്ഥാപനങ്ങളുടെ ഐ.ടി ഇൻഫ്രാസ്ട്രക്ചറിൽ ഡാറ്റ നിലനിറുത്തും.അതേസമയം, ഈ നയം പുതിയ യു.ഡി.എഫ് സർക്കാർ അതേപടി തുടരുമോയെന്ന് വ്യക്തമല്ല.
ഡാറ്റ ശേഖരിക്കാനും സംഭരിക്കാനും പരിപാലിക്കാനും നിക്ഷേപം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് പണമീടാക്കിയുള്ള ഡാറ്റവില്പനയെന്ന് കരട് നയത്തിലുണ്ട്. ബന്ധപ്പെട്ട അധികാരിയുടെ അനുമതിയോടെയാവണം ഡാറ്റ കൈമാറേണ്ടത്. ലാഭേച്ഛയില്ലാതെ ചെലവ് ഈടാക്കുകയെന്ന തത്വത്തിലായിരിക്കണം സ്ഥാപനങ്ങൾ വിലനിശ്ചയിക്കേണ്ടത്. വകുപ്പുകൾക്കിടയിൽ ഡാറ്റ പങ്കുവയ്ക്കുന്നത് സൗജന്യമായിരിക്കും.
സർക്കാർ ഫണ്ടുപയോഗിച്ച് ഉത്പാദിപ്പിക്കുന്ന ഡാറ്റ പങ്കുവയ്ക്കാൻ എല്ലാ സർക്കാർ സ്ഥാപനങ്ങളും ബാദ്ധ്യസ്ഥരാണ്. അനധികൃത ഇടപെടലുകൾ അനുവദിക്കില്ല. കേന്ദ്ര-സംസ്ഥാന നിയമങ്ങൾ അതേപടി പാലിക്കണം. നയരൂപീകരണം നടത്തുന്നവർ, ഗവേഷകർ, വിദ്യാഭ്യാസവിദഗ്ദ്ധർ, സംരംഭകർ, വ്യവസായികൾ എന്നിവർക്കടക്കം പ്രയോജനം ലഭിക്കും. തർക്കപരിഹാരത്തിന് സംസ്ഥാനതല സമിതിയും അപ്പീൽസമിതിയുമുണ്ടാക്കും.
അടിസ്ഥാന ഓപ്പൺഡാറ്റ സൗജന്യമായി ജനങ്ങൾക്ക് ലഭ്യമാക്കും. രാജ്യസുരക്ഷ, രഹസ്യാത്മകത, സ്വകാര്യത എന്നിങ്ങനെയുള്ള ഡാറ്റയുടെ നെഗറ്റീവ് ലിസ്റ്റ് വകുപ്പുകൾ തയ്യാറാക്കണം.
സുരക്ഷ ഉറപ്പാക്കണം
1.ഡാറ്റ ലഭ്യമാക്കുന്നത് സ്റ്റാർട്ടപ്പുകൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും പുതിയ അവസരങ്ങളൊരുക്കും. അതിലൂടെ ഇന്നൊവേഷനും സാമ്പത്തികവളർച്ചയും പ്രോത്സാഹിപ്പിക്കും. ഡാറ്റ ആവർത്തിച്ച് ശേഖരിക്കുന്നത് ഒഴിവാക്കുന്നതിലൂടെ ചെലവ് കുറയും
2. വ്യക്തിഗത ഡാറ്റ പങ്കുവയ്ക്കുമ്പോൾ എൻക്രിപ്ഷൻ, ആക്സസ് കൺട്രോൾ, സമ്മതപത്രം, ഓഡിറ്റ് ട്രയലുകൾ എന്നിങ്ങനെ സുരക്ഷയുറപ്പാക്കണം. സുതാര്യതയും നിയമപാലനവും ഉറപ്പാക്കാൻ വകുപ്പുകൾ ചീഫ് ഡാറ്റഓഫീസറെ നിയോഗിക്കണം
ആറ് നേട്ടങ്ങൾ
പൊതുസേവനം മെച്ചപ്പെടുത്തും
ദുരന്തനിവാരണം കാര്യക്ഷമമാക്കും
ഗവേഷണം പ്രോത്സാഹിപ്പിക്കും
വ്യവസായ വളർച്ച ത്വരിതപ്പെടുത്തും
സാമ്പത്തിക വികസന അവസരമുണ്ടാവും
ഫലപ്രദമായ ഭരണനിർവഹണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |