കോട്ടയം : തിരഞ്ഞെടുപ്പ് ചൂടിനിടെ മഴക്കാല പൂർവ ശുചീകരണം തദ്ദേശ സ്ഥാപനങ്ങൾ മറന്നു. വേനൽ മഴ ശക്തമായതോടെ മാലിന്യം നിറഞ്ഞു കിടന്ന ഓടകളിൽ നിന്ന് മലിനജലം പുറത്തേക്ക് ഒഴുകുകയാണ്. മലിനജനം കുടിവെള്ള സ്രോതസുകളിലേയ്ക്ക് ഒഴുകിയിറങ്ങാൻ തുടങ്ങിയിട്ടും അധികൃതർക്ക് അനക്കമില്ല.
തിരഞ്ഞെടുപ്പിന്റെ ആവേശത്തിലായിരുന്നു തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻമാരും അംഗങ്ങളും ഉദ്യോഗസ്ഥരും. ഇതിനിടെ മാലിന്യത്തിന്റെ വാതിൽപ്പടി ശേഖരണം, പൊതുഇടങ്ങൾ മാലിന്യമുക്തമാക്കുക, വെള്ളക്കെട്ടുകൾ ഒഴിവാക്കുക, ജലാശയങ്ങളിലെ നീരൊഴുക്ക് തടസങ്ങൾ നീക്കുക എന്നിവയൊന്നും നടന്നില്ല. ഇതിനിടെ വേനൽമഴയും ശക്തമായി. ചെയ്യാൻ ഒരുപാടുണ്ട്. ഇതിനായി ജനപ്രതിനിധികളുടെയും മറ്റും യോഗം വിളിക്കണം. കുടുംബശ്രീ ഭാരവാഹികൾ, ആശാ പ്രവർത്തകർ, ഹരിതകർമ്മസേന, റസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകൾ, എൻ.ജി.ഒകൾ, എൻ.എസ്.എസ്, എൻ.സി.സി, ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ്, എസ്.പി.സി, യുവജനസംഘടനകൾ, യൂത്ത് ക്ലബുകൾ, വ്യാപാരി വ്യവസായികൾ, സന്നദ്ധ സാംസ്‌കാരിക സംഘടനകൾ തുടങ്ങിയവയുടെ സഹകരണം ഉറപ്പാക്കണം.
പിടിമുറുക്കി പകർച്ചവ്യാധികൾ
പകർച്ചവ്യാധികൾ വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. വൈറൽപ്പനിയ്ക്ക് പുറമെ ഡെങ്കിപ്പനി , മഞ്ഞിപ്പിത്ത കേസുകളും റിപ്പോർട്ട് ചെയ്തു. കൊതുകുകളുടെ പ്രജനനവും കൂടി. മണ്ണും മാലിന്യങ്ങളും അടിഞ്ഞ് ജലാശയങ്ങൾ നികന്നു. മഴ പെയ്താൽ തോടുകൾ കരകവിഞ്ഞ് വെള്ളം പരിസരത്തെ വീടുകളിലേക്ക് കയറും. കഴിഞ്ഞദിവസങ്ങളിലെ മഴയിലടക്കം ഇത് കാണാനായി. മുൻവർഷങ്ങളിൽ ഡ്രൈഡേകൾ നിശ്ചയിച്ച് ഈ സമയം പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. മാലിന്യ സംസ്‌കരണം ശാസ്ത്രീയമായി തദ്ദേശസ്ഥാപനങ്ങളിലൊന്നും നടക്കുന്നില്ല.
കൊതുകിനെ വളർത്തിയാൽ 10,000 വരെ പിഴ
വെള്ളംകെട്ടി നിന്ന്കൊതുക് പെരുകാനുള്ള സാഹചര്യം ഉണ്ടാക്കുന്നവർക്കെതിരെ കേസെടുക്കും.10,000 രൂപ വരെ പിഴയീടാക്കും. എലിപ്പനി സാധ്യത ഉള്ള ജലവുമായോ നനഞ്ഞ മണ്ണിലോ ജോലി ചെയ്യുന്നവർ ഡോക്സിസൈക്ലിൻ പ്രതിരോധ മരുന്നായി കഴിക്കണം. രോഗ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ സമീപിക്കണം.
ഡി.എം.ഒ ഡോ.എൻ.പ്രിയ, ജില്ലാ മെഡിക്കൽ ഓഫീസർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |