SignIn
Kerala Kaumudi Online
Tuesday, 12 May 2026 2.48 AM IST

തോൽവി ന്യായീകരിക്കാൻ ‌'ഡീൽ' ആരോപണം

Increase Font Size Decrease Font Size Print Page

a

തിരഞ്ഞെടുപ്പിൽ ജയിക്കുന്നവർക്ക് അവരുടേതായ ന്യായീകരണങ്ങളുണ്ടാകുക സ്വാഭാവികമാണ്. എന്നാൽ ദയനീയമായി തോറ്റവർക്കും പിടിച്ചു നിൽക്കാൻ ന്യായീകരണ 'കാപ്‌സ്യൂളു'കൾ ഇറക്കാതെ നിവൃത്തിയില്ലല്ലോ. എന്ത്കൊണ്ട് തോറ്റു എന്ന ചോദ്യത്തിന് ജയിച്ച സ്ഥാനാർത്ഥിക്ക് കൂടുതൽ വോട്ട് കിട്ടിയതിനാലെന്ന ജയരാജൻ 'കാപ്‌സ്യൂൾ' പ്രസിദ്ധമാണ്. കൊല്ലം ജില്ലയിൽ ദയനീയമായി പരാജയമടഞ്ഞവർ ഇപ്പോൾ 'ഡീൽ' ആരോപണവുമായാണ് തങ്ങളുടെ തോൽവിയെ ന്യായീകരിക്കാൻ എത്തിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിൽ യു.ഡി.എഫും ബി.ജെ.പിയും അട്ടിമറി വിജയം നേടിയപ്പോൾ സി.പി.എമ്മിനും സി.പി.ഐ ക്കും കേരള കോൺഗ്രസിനുമാണ് കനത്ത തിരിച്ചടി നേരിട്ടത്. ജനവികാരം തിരിഞ്ഞു കൊത്തിയതാണെന്ന് ഏത് സാധാരണക്കാരനും മനസ്സിലാകുമെങ്കിലും അതൊരു താത്വികമായ വിലയിരുത്തലാകില്ലെന്ന തോന്നലാകാം 'ഡീൽ' ആരോപണവുമായി രംഗത്തെത്താൻ പരാജയപ്പെട്ടവരെ പ്രേരിപ്പിച്ചതെന്ന് വേണം കരുതാൻ. ജില്ലയിലെ 11 സീറ്റുകളിൽ എട്ടിലും ഇക്കുറി വമ്പൻ വിജയം നേടിയത് യു.ഡി.എഫാണ്. സംസ്ഥാനത്താകെ വീശിയടിച്ച യു.ഡി.എഫ് തരംഗത്തിന്റെ കാറ്റാണ് ജില്ലയിലും വീശിയടിച്ചതെന്നതാണ് വാസ്തവം. എൽ.ഡി.എഫ് രണ്ട് സീറ്റിൽ ഒതുങ്ങിയെന്ന് മാത്രമല്ല, ജയിച്ചിടത്ത് ഭൂരിപക്ഷം ഗണ്യമായി ഇടിയുകയും ചെയ്തു. സംസ്ഥാനത്ത് ബി.ജെ.പി വിജയക്കൊടി നാട്ടിയ മൂന്ന് സീറ്റുകളിലൊന്ന് നേടിയ കൊല്ലം അക്കാര്യത്തിൽ റെക്കാഡ് സ്ഥാപിക്കുകയും ചെയ്തു. ബി.ജെ.പി ക്ക് ചാത്തന്നൂരിൽ അക്കൗണ്ട് തുറക്കാൻ അവസരം ഒരുക്കിയെന്ന പഴിയും കേൾക്കേണ്ടി വന്നത് എൽ.ഡി.എഫ് ഘടക കക്ഷിയായ സി.പി.ഐക്കാണ്. സി.പി.എം മത്സരിച്ച 5 സീറ്റുകളിൽ കൊട്ടാരക്കരയിൽ മന്ത്രി കെ.എൻ. ബാലഗോപാൽ കടന്നുകൂടിയത് കഷ്ടിച്ചാണ്. ബാക്കി നാലിടത്തും ദയനീയമായി തോൽവിയട‌ഞ്ഞു. സി.പി.ഐ മത്സരിച്ച നാല് സീറ്റിൽ പുനലൂരിൽ മാത്രം വിജയിച്ചെങ്കിലും ഇടത് കോട്ടയായ ഇവിടെ 2021 ൽ നേടിയ ഭൂരിപക്ഷത്തിൽ വൻ ചോർച്ചയുണ്ടായി. പത്തനാപുരത്ത് കാൽ നൂറ്റാണ്ടായി തുടർച്ചയായി ജയിച്ചു വന്ന കെ.ബി. ഗണേശ് കുമാറിന് ഇക്കുറി അടി തെറ്റിയത് സംസ്ഥാനത്താകെ ചർച്ചയായെന്ന് മാത്രമല്ല, ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ പരാജയം ഗതാഗത വകുപ്പ് ജീവനക്കാർ പൊങ്കാലയിട്ട് ആഘോഷിക്കുന്നതും കൗതുക കാഴ്ചയായി. കേരള കോൺഗ്രസ് ബി എന്ന പാർട്ടി തന്നെ ഗണേശിന്റെ പരാജയത്തോടെ ഇല്ലാതായി.

ഡീൽ ആരോപണം

എൽ.ഡി.എഫ് വിജയിച്ച കൊട്ടാരക്കര, യു.ഡി.എഫ് വിജയിച്ച പത്തനാപുരം, ബി.ജെ.പി വിജയിച്ച ചാത്തന്നൂർ എന്നിവിടങ്ങളിലാണ് തോറ്റവ‌ർ ഡീൽ ആരോപണവുമായി രംഗത്തിറങ്ങിയത്. കൊട്ടാരക്കരയിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിലും പത്തനാപുരത്ത് യു.ഡി.എഫും ബി.ജെ.പിയും തമ്മിലും ചാത്തന്നൂരിൽ സി.പി.ഐ യും ബി.ജെ.പിയും തമ്മിലും ഡീൽ ഉണ്ടായിരുന്നുവെന്നാണ് ആരോപണം ഉന്നയിക്കുന്നവരുടെ വാദം. കൊട്ടാരക്കരയിൽ കെ.എൻ. ബാലഗോപാലിനെ വിജയിപ്പിക്കാൻ ഡീൽ നടന്നുവെന്ന് ആരോപിക്കുന്നത് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റായ കൊടിക്കുന്നിൽ സുരേഷ് എം.പി ആണ്. സി.പി.എം വിട്ട് കോൺഗ്രസിൽ ചേക്കേറി സംസ്ഥാനത്ത് ആദ്യം സി.പി.എമ്മിനെ ഞെട്ടിച്ച പി. ഐഷാ പോറ്റിയായിരുന്നു ഇവിടെ എതിർ സ്ഥാനാർത്ഥി. വെറും 1012 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബാലഗോപാൽ വിജയിച്ചത്. ബി.ജെ.പി ഭരിക്കുന്ന നെടുവത്തൂർ ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് നേടിയ ലീഡാണ് ഡീൽ ആരോപണത്തിന് തെളിവായി പറയുന്നത്. ചാത്തന്നൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനും പകരം കൊട്ടാരക്കരയിൽ സി.പി.എം സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനും ആയിരുന്നുവത്രെ ഡീൽ. ഇതിനായി ബാലഗോപാലിന്റെ സഹോദരനായ കരാറുകാരൻ കോടികൾ ഒഴുക്കിയെന്ന ഗുരുതര ആരോപണവും കൊടിക്കുന്നിൽ സുരേഷ് ഉന്നയിച്ചു. പി. ഐഷാ പോറ്റിയെ എങ്ങനെയും തോല്പിക്കുക എന്ന ലക്ഷ്യമായിരുന്നു സി.പി.എമ്മിന്. കോടികൾ ഒഴുക്കിയിട്ടും മുക്കിയും മൂളിയും നേരിയ ഭൂരിപക്ഷത്തിനാണ് ബാലഗോപാൽ ജയിച്ചതെന്നും കൊടിക്കുന്നിൽ പറഞ്ഞു.

പത്തനാപുരത്ത് ചതിയെന്ന് ഗണേശ്കുമാർ

യു.ഡി.എഫും ബി.ജെ.പിയും തമ്മിൽ ഡീലുണ്ടാക്കി തന്നെ ചതിയിലൂടെ തോല്പിച്ചുവെന്നാണ് പത്തനാപുരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന മന്ത്രി കെ.ബി. ഗണേശ് കുമാറിന്റെ വിലാപം. 2021 ൽ പത്തനാപുരത്ത് എൻ.ഡി.എ സ്ഥാനാർത്ഥിക്ക് 12,000 ന് മേൽ വോട്ട് ലഭിച്ചെങ്കിൽ ഇക്കുറി ട്വന്റി ട്വന്റി സ്ഥാനാർത്ഥിക്ക് ലഭിച്ചത് 7031 വോട്ടാണ്. പട്ടാഴി, പട്ടാഴി വടക്കേക്കര, മേലില, തലവൂർ പഞ്ചായത്തുകളിലെ ചില ബൂത്തുകളിൽ ഇക്കുറി ബി.ജെ.പി ക്ക് വോട്ടില്ല. തലവൂർ പഞ്ചായത്തിലെ പിടവൂർ വാർഡിൽ ബി.ജെ.പി മെമ്പറായിട്ടും അവിടെ എൻ.ഡി.എക്ക് ലഭിച്ചത് രണ്ട് വോട്ടാണ്. ഇത് ചതിയാണ്, ചതിച്ചാണ് തന്നെ തോല്പിച്ചതെന്നും താൻ എങ്ങോട്ടും പോകില്ലെന്നും പത്തനാപുരത്ത് തന്നെ ഉണ്ടാകുമെന്നും ഗണേശ്കുമാർ പറഞ്ഞു. എന്നാൽ ഗണേശ് കുമാറിന്റെ ഓഫീസിലുള്ളവരടക്കം തനിക്ക് വോട്ട് ചെയ്തെന്ന് പത്തനാപുരത്തെ നിയുക്ത എം.എൽ.എയും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ ജ്യോതികുമാർ ചാമക്കാല തിരിച്ചടിച്ചു. സി.പി.എം, സി.പി.ഐ വോട്ടുകൾ വ്യാപകമായി തനിയ്ക്കനുകൂലമായി ചെയ്തിട്ടുണ്ട്. ഗണേശ്കുമാർ തോൽക്കണമെന്നാഗ്രഹിച്ച മറ്റു പാർട്ടി അനുഭാവികളും വോട്ട് ചെയ്തിട്ടുണ്ടാകുമെന്നും ജ്യോതികുമാർ പറഞ്ഞു. 10 വർഷമായി 15 ശതമാനം വോട്ട് എൽ.ഡി.എഫിന് പത്തനാപുരത്ത് കുറഞ്ഞിട്ടുണ്ട്. 2016 ൽ എൽ.ഡി.എഫിനുണ്ടായിരുന്ന 75,000 വോട്ട് 2021 ൽ 65,000 ആയും 2026 ൽ 60,000 ആയും കുറഞ്ഞു. കാര്യങ്ങൾ പഠിക്കാതെ ബ.ജെ.പി ഡീൽ ആരോപണം ഉന്നയിക്കരുതെന്ന് നേമം, കഴക്കൂട്ടം, ചാത്തന്നൂർ മണ്ഡലങ്ങളിലെ കണക്ക് നിരത്തി ജ്യോതികുമാർ ചാമക്കാല പറഞ്ഞു.

ചാത്തന്നൂരിൽ കോൺഗ്രസിൽ കാലുവാരൽ

ബി.ജെ.പി സ്ഥാനാർത്ഥി ബി.ബി. ഗോപകുമാറിനെ നിയുക്ത എം.എൽ.എ ആക്കിയതിലൂടെ രാഷ്ട്രീയ ചരിത്രത്തിൽ ഇടം നേടിയ ചാത്തന്നൂരിലും ഡീൽ ആരോപണം ഉന്നയിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി സൂരജ് രവി രംഗത്തെത്തി. 11 ൽ എട്ടിടത്തും യു.ഡി.എഫ് മിന്നുന്ന വിജയം നേടിയപ്പോൾ ചാത്തന്നൂരിൽ മാത്രമാണ് യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പോയത്. കൊട്ടാരക്കരയിൽ സി.പി.എമ്മിനെ സഹായിച്ചപ്പോൾ ചാത്തന്നൂരിൽ സി.പി.എം ബി.ജെ.പിയെ സഹായിച്ചെന്ന് ആരോപണം ഉയർന്നെങ്കിലും കഴി‌ഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും ചാത്തന്നൂരിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്താണെന്നും ഇക്കുറി കോൺഗ്രസിൽ നിന്നാണ് കാലുവാരൽ ഉണ്ടായതെന്നും ബി.ജെ.പി കേന്ദ്രങ്ങൾ തിരിച്ചടിച്ചു. യു.ഡി.എഫ് സ്ഥാനാ‌ർത്ഥിക്കൊപ്പം നിന്നവർ രാത്രി മറുചേരിയുമായി 'ഡീൽ' ഉറപ്പിച്ചുവെന്ന് യു.ഡി.എഫിലുള്ളവർ തന്നെയാണ് ആരോപിക്കുന്നത്. ഇവിടെ മറിഞ്ഞത് സി.പി.എം വോട്ടുകൾ മാത്രമല്ല, കോൺഗ്രസിലെ ഒരു വിഭാഗവും പതിവുപോലെ കാലുവാരിയെന്നും ആരോപണം ഉണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും സി.പി.എം ശക്തി കേന്ദ്രങ്ങളിൽ ബി.ജെ.പി മുന്നേറിയിരുന്നു. സി.പി.എം ഭരിക്കുന്ന പൂതക്കുളം പഞ്ചായത്തിലും ഇക്കുറി ലീഡ് ചെയ്തത് എൻ.ഡി.എ ആണ്. യു.ഡി.എഫ് നേതാക്കൾക്കിടയിലെ അനൈക്യവും ആര് സ്ഥാനാർത്ഥിയായി വന്നാലും തോല്പിക്കാൻ കച്ചകെട്ടി നിൽക്കുന്ന നേതാക്കളുമാണ് ചാത്തന്നൂരിൽ യു.ഡി.എഫിന്റെ പരാജയത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ.

ന്യായീകരിക്കാൻ പാടുപെട്ട് എൽ.ഡി.എഫ്

എൽ.ഡി.എഫ് കോട്ടയായിരുന്ന ജില്ലയിൽ ആഞ്ഞടിച്ച യു.ഡി.എഫ് സുനാമിയിൽ ഒലിച്ചുപോയത് എൽ.ഡി.എഫിന്റെ മൂന്ന് ലക്ഷത്തോളം വോട്ടുകളാണ്. 11 മണ്ഡലങ്ങളിലായി ഇത്രയും വോട്ടുകൾ നഷ്ടമായപ്പോൾ യു.ഡി.എഫിന് 10 മണ്ഡലങ്ങളിലും വോട്ട് വിഹിതം ഗണ്യമായി വർദ്ധിച്ചു. സി.പി.എം സ്ഥാനാർത്ഥികൾ മത്സരിച്ച ഓരോ മണ്ഡലത്തിലും 30,000 മുതൽ 40,000 വോട്ടുകൾ വരെ നഷ്ടപ്പെട്ടത് മുൻകൂട്ടി കാണാനായില്ലെന്നതിന്റെ ഞെട്ടലിലാണ് പാർട്ടി നേതൃത്വം. 2021 ൽ ജില്ലയിൽ 1.75 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം എൽ.ഡി.എഫിനുണ്ടായിരുന്നെങ്കിൽ ഇക്കുറി യു.ഡി.എഫിന് 1.10 ലക്ഷം വോട്ടുകൾ കൂടുതൽ ലഭിച്ചു. ഈ വോട്ട് ചോർച്ച മുൻകൂട്ടി കാണാൻ സി.പി.എം നേതൃത്വത്തിനായില്ലെന്ന വിമർശനമാണുയരുന്നത്. തിരഞ്ഞെടുപ്പിന് ശേഷം സി.പി.എം ജില്ലാ നേതൃത്വം നടത്തിയ അവലോകനത്തിൽ ഇരവിപുരത്ത് അനായാസമായി ജയിക്കുമെന്നും കുണ്ടറയിൽ 500 ൽ താഴെ വോട്ടിന്റെ വ്യത്യാസത്തിൽ സി.പി.എം സ്ഥാനാർത്ഥി തോൽക്കുമെന്നുമായിരുന്നു വിലയിരുത്തൽ. ഫലം വന്നപ്പോൾ ഇരവിപുരത്തും കുണ്ടറയിലും സി.പി.എം സ്ഥാനാർത്ഥികൾ തോറ്റുവെന്ന് മാത്രമല്ല, കുണ്ടറയിൽ ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായ 32,564 വോട്ടിനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി പി.സി. വിഷ്ണുനാഥ് ജയിച്ചുകയറിയത്. ഒരു മണ്ഡലത്തിൽ പോലും സി.പി.എം വോട്ട് വിഹിതം കൂട്ടാനായില്ലെന്ന് മാത്രമല്ല, വിജയിച്ച ഏക സീറ്റായ കൊട്ടാരക്കരയിൽ കഷ്ടിച്ച് കടന്നുകൂടിയെന്ന് മാത്രം. യു.ഡി.എഫ് തരംഗത്തിൽ ലഭിച്ച കച്ചിത്തുരുമ്പാണിതെന്നതാണ് ഏക ആശ്വാസം. 4 സീറ്റിൽ മത്സരിച്ച സി.പി.ഐ പുനലൂർ സീറ്റ് മാത്രം നിലനിർത്തിയെങ്കിലും കഴിഞ്ഞ തവണ പി.എസ്. സുപാൽ നേടിയ 37,057 വോട്ടിന്റെ ഭൂരിപക്ഷം 21,529 ആയി കുറഞ്ഞു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY