
തമിഴ് രാഷ്ട്രീയത്തിന്റെ ചക്രവാളത്തിൽ പൊടുന്നനെ പ്രത്യക്ഷപ്പെട്ട ഉദയസൂര്യനല്ല ജോസഫ് വിജയ് എന്ന ജനനായകൻ. അതിനുള്ള ഒരുക്കങ്ങൾ വളരെ ഒതുക്കത്തോടെ വർഷങ്ങൾക്ക് മുൻപേ ഇന്ന് ജനങ്ങളുടെ നൻപനായി മാറിയിരിക്കുന്ന ഈ വമ്പൻ സ്റ്റാർ തുടങ്ങിയിരുന്നു. രണ്ട് വർഷം മുമ്പ് 2024 ഫെബ്രുവരി 2നാണ് തമിഴക വെട്രി കഴകം എന്ന ടി.വി.കെ രൂപീകരിച്ചതെങ്കിലും അതിന്റെ അടിത്തറയായി നിലകൊണ്ടത് 2009ൽ വിജയ് ആരാധകരുടെ സംഘടനയായ വിജയ് മക്കൾ ഇയക്കം എന്ന വി.എം.ഐ ആണ്. ഈ രണ്ട് സംഘടനകളുടെയും ചുരുക്കെഴുത്തിൽ വി എന്ന അക്ഷരമുണ്ട്. വി എന്നാൽ വിജയ് എന്നുതന്നെയാണ് ഉൾക്കൊള്ളേണ്ടത്. ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവായി വിജയ് മുഖ്യമന്ത്രിയുടെ കസേരയിൽ പ്രതിഷ്ഠിതനായപ്പോൾ വി എന്ന അക്ഷരത്തിന് വിക്ടറി എന്ന അർത്ഥം കൂടി കൈവന്നിരിക്കുന്നു.
ഒന്നര ദശാബ്ദത്തിലേറെയായി വിജയ് മനസിൽ ചിന്തിച്ചിരുന്ന, സ്വപ്നം കണ്ടിരുന്ന ലക്ഷ്യമാണ് ഇപ്പോൾ പൂർത്തീകരിച്ചിരിക്കുന്നത്. ഇതിനുള്ള കരുത്ത് തമിഴ് സിനിമാ മണ്ണിൽ നിന്നാണ് ആ ഹീറോ നേടിയത്. ചടുലമായ ഡാൻസ് രംഗങ്ങളാണ് വിജയ്‌യെ തമിഴ്‌നാട്ടിലെ കൊച്ചുകുട്ടികളുടെ പോലും ആരാധനാപാത്രമാക്കി മാറ്റിയത്. ആഹ്ളാദ വേളകളിൽ ശരീരമാകെ ഇളക്കി സ്വയം മറന്നാണ് തമിഴ് ജനത ഡാൻസ് ചെയ്യുന്നത്. വന്യമായ ആ നൃത്തശൈലിയുടെ ആത്മാവ് ആവാഹിച്ച താളബോധമുള്ള ചുവടുകളാണ് വിജയ്‌യെ ഒന്നാമനാക്കിയത്. രജനീകാന്ത്, കമൽഹാസൻ, സൂര്യ, അജയ്, വിക്രം, ധനുഷ് തുടങ്ങിയ പ്രതിഭാധനന്മാരായ നടന്മാരെ പിന്നിലാക്കി ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നടനായി മാറാൻ വിജയ്‌ക്ക് കഴിഞ്ഞെങ്കിൽ രാഷ്ട്രീയത്തിലും ഇനിയൊരു രണ്ടാമനായി മാറാൻ വഴിയൊരുങ്ങില്ല എന്നുതന്നെ വേണം കരുതാൻ. ഡാൻസും ഫൈറ്റും ഒ.കെ ആയതാണ് എം.ജി.ആറിനെ തമിഴ് മക്കളുടെ സൂപ്പർ ഹീറോയാക്കിയത്. അതേവഴിയിൽ തന്നെയാണ് വിജയ്‌യും അധികാരത്തിലെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയായതിന് ശേഷം ഒരു തിരഞ്ഞെടുപ്പിൽ പോലും എം.ജി.ആർ നേതൃത്വം നൽകിയ എ.ഐ.എ.ഡി.എം.കെ പരാജയം രുചിച്ചിട്ടില്ല. മുഖ്യമന്ത്രി പദവിയിലിരുന്നാണ് എം.ജി.ആർ തമിഴ്‌നാടിനോട് വിടവാങ്ങിയത്. വിജയ് പിന്തുടരാൻ ആഗ്രഹിക്കുന്ന മാതൃകയും അതു തന്നെയാവും.
വിജയ്‌യുടെ ആരാധകരുടെ സംഘടനയ്ക്ക് തമിഴ്‌നാട്ടിൽ 80,000 ഫാൻ ക്ളബുകളാണുള്ളത്. അതിൽ ഭൂരിപക്ഷം അംഗങ്ങളും യുവാക്കളും യുവതികളുമാണ്. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടയിൽ ഒട്ടേറെ സാമൂഹ്യ പ്രവർത്തനങ്ങളിൽ അവർ പങ്കാളികളായിരുന്നു. വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്ടോപ്പ് നൽകുക, രക്തദാനം നടത്തുക, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാകുക തുടങ്ങിയ പ്രവർത്തനങ്ങൾ അവർ തുടർന്നുകൊണ്ടേയിരുന്നു. തമിഴ്‌നാട്ടിലുടനീളം വ്യാപിച്ചുകിടക്കുന്ന ഫാൻ ക്ളബുകളാണ് വിജയ്‌യുടെ പാർട്ടിയുടെ നാഡീവ്യൂഹമായി മാറിയത്. അതിനാൽ ഒരു ദിനം പൊടുന്നനെ റീലിൽ നിന്നിറങ്ങി വന്ന നായകൻ മുഖ്യമന്ത്രിയായി എന്ന ഫീൽ തമിഴ്‌നാട്ടുകാർക്ക് ഉണ്ടാകില്ല.
ജെല്ലിക്കെട്ടിനെതിരെ തമിഴ്‌നാട്ടിൽ നടന്ന പ്രക്ഷോഭത്തിൽ വിജയ് നേരിട്ട് പങ്കെടുത്തിരുന്നു. 2017ലാണത്. അതിന് മുമ്പുതന്നെ രാഹുൽഗാന്ധിയുമായും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തുതന്നെ നരേന്ദ്രമോദിയുമായും അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ നായകൻ അണ്ണാ ഹസാരെയുമായും മറ്റും അടുത്ത പരിചയവും സൗഹൃദവും വിജയ് പുലർത്തിയിരുന്നു. വിജയ് മുഖ്യമന്ത്രിയായപ്പോൾ മോദിയും രാഹുലും രാജ്യത്തെ ഏറ്റവും സുപ്രധാനമായ രണ്ട് സ്ഥാനങ്ങൾ അലങ്കരിക്കുന്നവരാണ് എന്നത് യാദൃച്ഛികമാവാം. ഒരാൾ പ്രധാനമന്ത്രിയും മറ്റൊരാൾ പ്രതിപക്ഷ നേതാവും.
തിരുക്കുറളിൽ നിന്ന് ഒരു വാചകമെങ്കിലും ഉദ്ധരിക്കാത്ത ഒരു രാഷ്ട്രീയ നേതാവും തമിഴ്‌നാട്ടിലില്ല. തിരുക്കുറൾ കമ്പോട് കമ്പ് പഠിക്കുകയും മനനം ചെയ്യുകയും പണ്ഡിതോചിതമായി സന്ദർഭാനുസരണം ഉപയോഗിക്കുകയും ചെയ്തിരുന്നവരിൽ കരുണാനിധിയോളം പോന്നവർ തമിഴ് രാഷ്ട്രീയത്തിൽ മറ്റാരുമില്ലെന്ന് പറയാം. ദ്രാവിഡ രാഷ്ട്രീയക്കാർ ദൈവ വിശ്വാസത്തിനെതിരായ നിലപാടുകളുമായി രംഗത്ത് വന്നവരാണെങ്കിലും 'പ്രപഞ്ചത്തിന്റെ ഉറവിടം ദൈവമാണ്' എന്ന് ആദ്യ വരിയിൽ തന്നെ പ്രഖ്യാപിക്കുന്ന തിരുക്കുറളാണ് അവർക്ക് ദിശാബോധം നൽകിയിരുന്ന പ്രാമാണിക ഗ്രന്ഥം. വിജയ്‌യും പാർട്ടി രൂപീകരിച്ചപ്പോൾ തിരുക്കുറളിലെ 'ജന്മം കൊണ്ട് എല്ലാ മനുഷ്യരും തുല്യരാണ്' എന്ന വാചകമാണ് ഉദ്ധരിച്ചത്. പാർട്ടിയുടെ നയപരിപാടികളിൽ തുല്യത, സാമൂഹ്യനീതി, അഴിമതി വിരുദ്ധത എന്നിവയ്ക്കാണ് പരമപ്രാധാന്യം നൽകിയിരിക്കുന്നത്. ഈ അടിസ്ഥാന കല്ലുകളിൽ ഉറച്ചുനിന്നാൽ വരും ദശാബ്ദങ്ങളിൽ വടവൃക്ഷം പോലെ തമിഴ് മണ്ണിൽ വിജയ്‌യുടെ പാർട്ടി തഴച്ചുവളരും എന്നുതന്നെയാണ് കണക്കാക്കേണ്ടത്.
അറുപത് വർഷങ്ങളായി തമിഴ്‌നാട്ടിൽ കൊടിപറത്തിയ ദ്രാവിഡ രാഷ്ട്രീയം പൊളിയാൻ കാരണം അതിനെ ചൂഴ്‌ന്ന് നിന്ന വൈരുദ്ധ്യാത്മകതയാണ്. വോട്ടിന് പണം നൽകുന്ന സമ്പ്രദായം വർഷങ്ങളായി തമിഴ‌്‌നാട്ടിൽ നിലനിന്നു പോന്നിരുന്നതാണ്. ആദ്യമായി വർഷങ്ങൾക്കുശേഷം വോട്ടിന് പണം നൽകാത്ത പാർട്ടിയാണ് ടി.വി.കെ. പണമിറക്കി അധികാരം നേടുമ്പോൾ ആ പണത്തിന്റെ പതിന്മടങ്ങ് അധികാരത്തിൽ നിന്ന് കൊയ്‌തെടുക്കുക 'സ്വാഭാവിക നീതി'യായി മാറും. എന്നാൽ, പൊതു ഖജനാവിലെ ഒരു രൂപ പോലും തനിക്കും തന്റെ പാർട്ടിക്കും വേണ്ട എന്ന വിജയ്‌യുടെ സത്യപ്രതിജ്ഞാവേളയിലെ പ്രഖ്യാപനം ജനങ്ങൾക്ക് നൽകുന്ന പ്രതീക്ഷ സീമാതീതമാണ്.
തമിഴ്‌നാട്ടിൽ വിജയ് ആണ് മുഖ്യമന്ത്രിയെങ്കിലും മന്ത്രിസഭയെ നിയന്ത്രിക്കാൻ കഴിയുന്ന ചരടിന്റെ ഒരറ്റം ഡി.എം.കെ നേതാവ് സ്റ്റാലിന്റെ കൈയിലാണിരിക്കുന്നത്. ടി.വി.കെയുടെ കൂട്ടുകക്ഷികളായ കോൺഗ്രസും, സി.പി.എമ്മും സി.പി.ഐയും മുസ്ളിംലീഗും വി.കെ.സിയുമൊക്കെ ഇപ്പോഴും ഡി.എം.കെ മുന്നണിയിലെ ഘടകകക്ഷികളാണ്. അതിനാൽ ഡി.എം.കെ ഭരണകാലത്തെ അഴിമതികളെക്കുറിച്ച് അത്രവേഗം അന്വേഷണ ഉത്തരവുകൾ ഇടാൻ വിജയ്‌ക്ക് കഴിയണമെന്നില്ല. ടി.വി.കെയ്ക്ക് പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനിച്ചത് വൈകി വന്ന ബുദ്ധിക്ക് ഉദാഹരണമാണ്. തിരഞ്ഞെടുപ്പിന് മുമ്പ് 70 സീറ്റുകളിലേറെ വിജയ് കോൺഗ്രസിന് വാഗ്ദാനം ചെയ്തിരുന്നു. അന്നത് സ്വീകരിച്ചിരുന്നെങ്കിൽ കുറഞ്ഞത് 25 എം.എൽ.എമാരെങ്കിലും കോൺഗ്രസിന്റേതായി സഭയിൽ ഇരിക്കുമായിരുന്നു. ജനവികാരം മനസിലാക്കുന്നതിൽ കോൺഗ്രസ് പിന്നാക്കംപോകുന്നു എന്നതിന്റെ തെളിവ് കൂടിയാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ.
തുടക്കത്തിൽ തന്നെ മൃഗീയ ഭൂരിപക്ഷം ലഭിച്ചിരുന്നെങ്കിൽ വിജയ് വഴിതെറ്റാനുള്ള എല്ലാ സാഹചര്യവും ഉരുത്തിരിയുമായിരുന്നു. കൂട്ടുകക്ഷി ഭരണമാണ് പലപ്പോഴും നയപരമായി ഔന്നത്യം പുലർത്തുന്ന ഒരു വലിയ നേതാവിനെ വാർത്തെടുക്കുന്നത്. അതുപോലെ തന്നെ വഴിത്തിരിവാകുന്ന വിപ്ളവകരമായ പല തീരുമാനങ്ങളും ഇന്ത്യയിൽ വരുത്തിയത് ഭൂരിപക്ഷം പോലും തുടക്കത്തിൽ ഇല്ലാതിരുന്ന തൊണ്ണൂറുകളിലെ നരസിംഹറാവുവിന്റെ കേന്ദ്ര സർക്കാരാണ്. റാവുവിനെയും വിജയ്‌യെയും താരതമ്യപ്പെടുത്താനാകില്ലെങ്കിലും ഭരണ പരിചയത്തിലെ പല കുറവുകളും പരിഹരിക്കാൻ കൂട്ടുകക്ഷി ഭരണം ദളപതിക്ക് തുണയാകുമെന്ന് വേണം കണക്കാക്കേണ്ടത്. വിദ്യാസമ്പന്നരായ നിരവധി സാങ്കേതിക വിദഗ്ദ്ധരും, ഐ.ഐ.ടിയിൽ നിന്ന് പാസായ പ്രൊഫഷണലുകളും ഡോക്ടർമാരും മറ്റും ഉൾപ്പെട്ടതാണ് ടി.വി.കെയുടെ എം.എൽ.എ സഞ്ചയം. സെങ്കോട്ടയ്യൻ എന്ന പരിണിതപ്രജ്ഞനായ മുതിർന്ന രാഷ്ട്രീയ നേതാവും അവർക്കൊപ്പമുണ്ട്. തമിഴ്‌നാട്ടിലെ ജനങ്ങൾ ഒരു മാറ്റം ആഗ്രഹിച്ചിരുന്ന വേളയിലെ വിജയ്‌യുടെ രംഗപ്രവേശത്തിന്റെ 'ഇൻട്രൊഡക്‌ഷൻ സീൻ' ഗംഭീരമായി. അതിനാൽ ക്ളൈമാക്സും മോശമാവില്ലെന്നല്ലേ കരുതേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |