
ഇന്ത്യയുടെ വികസന യാത്രയിൽ വളരെക്കാലമായി കേരളം പ്രചോദനാത്മകമായ മാതൃകയാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആയുർദൈർഘ്യം 75.1 വയസാണ്. പ്രസവത്തെ തുടർന്നുള്ള മാതൃമരണങ്ങളും ഏറ്റവും കുറവ് കേരളത്തിലാണ്. വിദ്യാഭ്യാസം, ആരോഗ്യമേഖല, സാമൂഹിക തുല്യത എന്നിവയിലും പതിറ്റാണ്ടുകളായി മുന്നിൽ. ഇത്തരം കാര്യങ്ങൾ അഭിമാനകരമാണ്. അതേസമയം, അസൂയാവഹമായ ഈ സാമൂഹിക മാതൃകയ്ക്കൊപ്പം ഘടനാപരമായ സാമ്പത്തിക വെല്ലുവിളികളും സംസ്ഥാനം അഭിമുഖീകരിക്കുന്നുണ്ട്.
സമ്പദ് വ്യവസ്ഥയിൽ സേവന മേഖലയാണ് ആധിപത്യം പുലർത്തുന്നത്. സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ട് പ്രകടമാണ്. ഉറച്ച സാമൂഹിക സൂചകങ്ങളുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടിലൂടെ കടന്നുപോകുന്ന വേളയിലാണ് യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തുന്നത്. മാറിമാറി വന്ന യു.ഡി.എഫ്, എൽ.ഡി.എഫ് സർക്കാരുകൾ ക്ഷേമ പെൻഷനുകൾ, സബ്സിഡികൾ, പൊതുവിതരണം എന്നിവ വികസിപ്പിച്ചു. ഈ സമീപനം വലിയ സാമൂഹിക നേട്ടങ്ങൾ നൽകി. കേരള മാതൃകയെന്നത് സ്ഥാപിക്കപ്പെട്ടു. അതേസമയം ശമ്പളം, പെൻഷനുകൾ, പലിശ പേയ്‌മെന്റുകൾ എന്നിവയ്‌ക്കുള്ള ചെലവ് മൂലധന ചെലവുകളെ മറികടക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾ സൃഷ്‌ടിച്ചു.
യു.ഡി.എഫിന്റെ 'ഇന്ദിര ഗ്യാരന്റി'യിൽ പെൻഷനുകൾ പ്രതിമാസം 3,000 രൂപയായി ഉയർത്തുമെന്നാണ് വാഗ്ദാനം. വിപുലമായ കുടുംബാരോഗ്യ ഇൻഷ്വറൻസ്, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, സ്ത്രീ വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ സ്റ്റൈപന്റുകൾ, 5 ലക്ഷം പലിശ രഹിത യുവജന വായ്‌പകൾ എന്നിവയും വാഗ്ദാനം ചെയ്യുന്നു. നികുതി ഘടനയിൽ സമൂലമായ പരിഷ്കരണം, വ്യാവസായിക -വാണിജ്യ മേഖലകളിൽ കുതിച്ചുചാട്ടം, ചെലവ് ചുരുക്കൽ എന്നിവയില്ലാതെ ഈ വാഗ്ദാനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത് സംസ്ഥാനത്തെ പൂർണമായ സാമ്പത്തിക ഞെരുക്കത്തിലേക്ക് തള്ളിവിടും. വരുമാനത്തേക്കാൾ വേഗത്തിൽ കടം വാങ്ങൽ ത്വരിതപ്പെടും. കടം വീട്ടൽ ബാദ്ധ്യതകൾ വർദ്ധിക്കും. സാമ്പത്തിക നട്ടെല്ല് തകർക്കുന്നതിലേക്ക് അത് നയിച്ചേക്കും.
കേന്ദ്ര-സംസ്ഥാന ഏകോപനം നിർണായകമാണ്. അടിസ്ഥാന സൗകര്യങ്ങൾക്കടക്കം കേന്ദ്ര സഹായം നിർലോഭമായി ലഭിക്കണമെങ്കിൽ മുഖ്യമന്ത്രിയുടെ നിലപാടുകളും നിർണായകമാണ്. ചരിത്രവിജയം നേടിയ മൂന്ന് ബി.ജെ.പി എം.എൽ.എമാരായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ബി.ബി.ഗോപകുമാർ തുടങ്ങിയവർ വികസനത്തിന് ഊന്നൽ നൽകുന്നവരാണ്. എണ്ണത്തിനപ്പുറം, ആഴത്തിലുള്ള രാഷ്ട്രീയ വ്യത്യാസങ്ങൾ മറികടക്കാൻ സഹായിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ പുരോഗതിക്ക് കേന്ദ്രവുമായുള്ള സുപ്രധാന പാലമായി അവർക്ക് പ്രവർത്തിക്കാൻ കഴിയും.
ബി.ജെ.പി ഭരണം പിടിച്ച തിരുവനന്തപുരം കോർപ്പറേഷനിൽ ഫലപ്രദമായ നഗരഭരണമാണ് കാണുന്നത്. 2025ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്‌ത വിഴിഞ്ഞം തുറമുഖം, ഉദ്ഘാടന വർഷത്തിൽ തന്നെ ഏകദേശം 1.3 ദശലക്ഷം ടി.ഇ.യുവിന്റെ റെക്കാഡ് കാർഗോ കൈകാര്യം ചെയ്‌തു. ഇത് ആഗോള ശ്രദ്ധ നേടി. തന്ത്രപരമായ ട്രാൻസ്ഷിപ്പ്മെന്റ് കേന്ദ്രമായി ഉയർന്നുവരുന്നു. സഹകരണപരമായ ഫെഡറലിസത്തിന്റെയും സ്വകാര്യ-പൊതു പങ്കാളിത്തത്തിന്റെയും സാദ്ധ്യതകളെ ഈ വിജയം എടുത്തുകാണിക്കുന്നു. യു.ഡി.എഫ് സർക്കാരും ബി.ജെ.പി നിയമസഭാംഗങ്ങളും കക്ഷിരാഷ്ട്രീയ വേർതിരിവുകൾക്ക് അതീതമായി ഉയർന്നുവന്നാൽ, ഈ ഗതിവേഗത്തെ വിശാലമായ പരിഷ്കാരങ്ങളിലേക്ക് തിരിച്ചുവിടാനാകും. ഇത് സംസ്ഥാനത്തിന് ഗുണം ചെയ്യും.
സാമ്പത്തിക അടിത്തറ വിശാലമാക്കണം
കേരളത്തിലെ പൗരന്മാർ വിവേകമതികളും ഭാവി സംബന്ധിച്ച കാഴ്ചപ്പാടുള്ളവരുമാണ്. ഉത്പാദനക്ഷമതയിൽ നങ്കൂരമിട്ടുകൊണ്ട് ക്ഷേമം ശക്തിപ്പെടുത്താൻ കഴിയുമെന്ന് തെളിയിക്കാൻ യു.ഡി.എഫ് സർക്കാരിന് അവസരമുണ്ട്. കേരള സമൂഹത്തിന്റെ ശക്തിയെ സാമ്പത്തിക നേട്ടങ്ങളാക്കി മാറ്റാനാകും. ടൂറിസവുമായി ബന്ധപ്പെട്ട ഉത്പാദനം, ഹരിത ഊർജ്ജം, ഐ.ടി, വിജ്ഞാന സേവനങ്ങൾ തുടങ്ങിയവ വികസിപ്പിക്കണം. സാമ്പത്തിക അടിത്തറ വിശാലമാക്കുക, സാമ്പത്തിക അച്ചടക്കം സംരക്ഷിക്കുക, സഹകരണ ഭരണം വളർത്തുക എന്നിവ പരമപ്രധാനമാണ്. ദൈവത്തിന്റെ സ്വന്തം നാട് അപാരമായ സാദ്ധ്യതകൾ നിറഞ്ഞതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |