
ന്യൂഡൽഹി: ഞെട്ടിക്കുന്ന തോൽവിയാണ് കേരളത്തിൽ സംഭവിച്ചതെന്നും അതിന്റെ കാരണങ്ങൾ ആഴത്തിൽ അവലോകനം ചെയ്യുമെന്നും സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി പറഞ്ഞു. പൊളിറ്റ് ബ്യൂറോ യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ മണ്ഡലത്തിലുമുള്ള തോൽവിയുടെ കാരണങ്ങൾ വിശകലനംചെയ്യും. സംസ്ഥാനക്കമ്മിറ്റി തലം മുതൽ ഇന്നു ചർച്ച തുടങ്ങും. പാർട്ടി അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും അഭിപ്രായങ്ങൾ പരിഗണിക്കും. തിരഞ്ഞെടുപ്പുഫലം ചർച്ച ചെയ്യാൻ മെയ് 22 മുതൽ 24 വരെ ഡൽഹിയിൽ കേന്ദ്ര കമ്മിറ്റി യോഗം ചേരും. തുടർന്ന് വീണ്ടും സംസ്ഥാന സെക്രട്ടേറിയറ്റ് ചേരും.
മതേതരത്വത്തിന് പേരുകേട്ട കേരളത്തിൽ ബി.ജെ.പി മൂന്നു സീറ്റ് നേടിയത് ഭീഷണിയാണ്. സി.പി.എമ്മിനെതിരെ തെറ്റായ ആരോപണങ്ങളുയർത്തിയ കോൺഗ്രസിന്റെ മൃദുസമീപനമാണ് ബി.ജെ.പിയുടെ വളർച്ചയ്ക്കിടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ്: തീരുമാനം കേരളത്തിൽ
സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിനെ കേരളനേതൃത്വം തീരുമാനിക്കും. ഈ വിഷയം പി.ബി ചർച്ച ചെയ്തിട്ടില്ല. പിണറായി പ്രതിപക്ഷനേതാവ് ആകുമോ എന്ന ചോദ്യത്തിന് വ്യക്തികളല്ല തീരുമാനമെടുക്കേണ്ടതെന്നായിരുന്നു മറുപടി. ഉചിതമായ സമയത്ത് പി.ബിയുടെ ഇടപെടലുണ്ടാകുമെന്നും എം.എ.ബേബി പറഞ്ഞു.
മുതിർന്ന നേതാവെന്ന നിലയിലാണ് പിണറായി തിരഞ്ഞെടുപ്പിനെ നയിച്ചത്. തോൽവിയുടെ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കേണ്ട ആവശ്യമില്ല. പാർട്ടി ഒന്നായിട്ടാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതുമായി ബന്ധപ്പെട്ട തീരുമാനമെടുത്ത നേതാക്കളുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് തെളിഞ്ഞാൽ പരിഹരിക്കപ്പെടണം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് തോൽവിക്കുശേഷം തിരുത്തലുണ്ടായി. അവ മതിയായില്ലെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചു.
സി.പി.എം നേതൃയോഗങ്ങൾ ഇന്നു മുതൽ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനും തിരഞ്ഞെടുപ്പ് പരാജയകാരണങ്ങൾ വിലയിരുത്താനുമായി സി.പി.എം സംസ്ഥാന നേതൃയോഗങ്ങൾ ഇന്നു തുടങ്ങും. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും നാളെയും മറ്റന്നാളും സംസ്ഥാന കമ്മിറ്റിയും ചേരും. പ്രതിപക്ഷ നേതൃസ്ഥാനം പിണറായി വിജയൻ ഏറ്റെടുക്കുന്നതിൽ യോഗത്തിൽ തീരുമാനമുണ്ടാകും. അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നതിനെ കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തിൽ അംഗങ്ങൾ പിന്തുണച്ചിരുന്നു. അതേസമയം, പിണറായി വിജയൻ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇന്നു ചേരുന്ന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്യും. പിണറായി നിലപാട് അറിയിക്കുമെന്നാണ് സൂചന. അദ്ദേഹത്തെ പ്രതിപക്ഷ നേതാവാക്കി, കെ.എൻ.ബാലഗോപാലിനെ ഉപനേതാവാക്കാൻ സി.പി.എം ആലോചിച്ചിരുന്നു. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന് സി.പി.ഐ കടുത്ത നിലപാട് എടുത്തതോടെ ഈ നീക്കം ഉപേക്ഷിച്ചു. പരാജയത്തിന്റെ ഉത്തരവാദിത്വവും ആരോഗ്യകാരണവും ചൂണ്ടിക്കാട്ടി പിണറായി മാറിനിന്നാൽ കെ.എൻ.ബാലഗോപാലിനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കുമെന്നാണ് സൂചന. സജി ചെറിയാൻ, പി.എ.മുഹമ്മദ് റിയാസ് എന്നിവരെയും പരിഗണിക്കും.
വോട്ടുബാങ്കിലെ ചോർച്ച
പരിശോധിക്കാൻ സി.പി.ഐ
ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടിക്ക് ഇടയാക്കുന്ന തരത്തിൽ പരമ്പരാഗത വോട്ട് ബാങ്കിൽ വൻ ചോർച്ച സംഭവിച്ചതായുംകാരണം ആഴത്തിൽ പരിശോധിക്കണമെന്നും ഡൽഹിയിൽ ചേർന്ന സി.പി.ഐ ദേശീയ കൗൺസിൽ വിലയിരുത്തി. പരിശോധന നടത്താൻ കേരളഘടകത്തോട് ആവശ്യപ്പെട്ടതായി യോഗ തീരുമാനങ്ങൾ വിശദീകരിച്ച ജനറൽ സെക്രട്ടറി ഡി. രാജ അറിയിച്ചു.
പ്രത്യയശാസ്ത്ര-മതേതര അടിത്തറയിലുണ്ടായ തകർച്ച പരിഹരിക്കാൻ ഇടതു പാർട്ടികളുടെ കൂട്ടായ പരിശ്രമം വേണമെന്നും യോഗം ചൂണ്ടിക്കാട്ടി. തിരക്കുകളുള്ളതിനാൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് അറിയിച്ച കേരളത്തിൽ നിന്നുള്ള ചില ദേശീയ കൗൺസിൽ അംഗങ്ങൾക്ക് അവധി നൽകിയിരുന്നതായി രാജ പറഞ്ഞു.
തമിഴ്നാട്ടിൽ വിജയ്യുടെ ടി.വി.കെയ്ക്ക് പിന്തുണ നൽകിയതിന്റെ പേരിൽ ഡി.എം.കെ ഇന്ത്യ മുന്നണി വിട്ടത് ദേശീയ തലത്തിൽ തിരിച്ചടിയാകാതിരിക്കാൻ സി.പി.ഐ ഇടപെടൽ നടത്തും. തമിഴ്നാട്ടിൽ കോൺഗ്രസ് കൈക്കൊണ്ട ഏകപക്ഷീയമായ നിലപാടാണ് ഇതിനു ഇടയാക്കിയത്. ബി.ജെ.പിയുടെ നീക്കങ്ങൾ ചെറുക്കാനാണ് ഇടതു പാർട്ടികൾ ടി.വി.കെയ്ക്ക് പിന്തുണ നൽകിയതെന്നും രാജ വിശദീകരിച്ചു.
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ആഗസ്റ്റ് ആറു മുതൽ 15 വരെ രാജ്യവ്യാപകമായി ജില്ലാ പദയാത്രകൾ നടത്താൻ തീരുമാനിച്ചു. സെപ്തംബർ 28ന് ഡൽഹിയിൽ ചലോ മാർച്ച് സംഘടിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |