
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയാനും ശിക്ഷിക്കാനും 2012ൽ പാർലമെന്റ് പാസാക്കിയ പ്രൊട്ടക്ഷൻ ഒഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് (പോക്സോ) ആക്ട് ലക്ഷ്യമിട്ടത് അതിവേഗ നീതിയാണ്. എന്നാൽ, പ്രത്യേക പോക്സോ കോടതികൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ആയിരക്കണക്കിന് കേസുകൾ വർഷങ്ങളായി കെട്ടിക്കിടക്കുകയാണ്. ഇത് ഇരകളായ കുട്ടികളുടെ മാനസികാവസ്ഥയെ ഗുരുതരമായി ബാധിക്കുകയും നീതി നിഷേധിക്കുകയും ചെയ്യുന്നു.
സംസ്ഥാന ക്രൈം റെക്കാഡ്സ് ബ്യൂറോ ഡാറ്റ പ്രകാരം കേരളത്തിൽ നിലവിൽ 6,522 പോക്സോ കേസുകൾ വിചാരണ നടപടികൾ പൂർത്തിയാകാതെ കെട്ടിക്കിടക്കുന്നു. ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ തിരുവനന്തപുരത്താണ്- 1,370 കേസുകൾ. രണ്ടാമത് എറണാകുളം-704. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലും കേസുകളുടെ ഭാരം ഗണ്യമായി ഉയർന്നു നിൽക്കുന്നു.
രാജ്യവ്യാപകമായി, 2025 ഡിസംബർ 31വരെ 2,24,572 പോക്സോ കേസുകൾ വിചാരണ കാത്തിരിക്കുന്നു. 774 ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾ (398 എണ്ണം പോക്സോയ്ക്ക് മാത്രമായുള്ളത്) പ്രവർത്തിക്കുന്നുണ്ടെങ്കിലും ലക്ഷ്യം നിറവേറ്റാൻ കഴിയുന്നില്ല. 2025ൽ രാജ്യത്ത് 80,320 പുതിയ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടപ്പോൾ 87,754 കേസുകൾ തീർപ്പാക്കിയത് ശ്രദ്ധേയമാണ്- ഡിസ്പോസൽ റേറ്റ് 109%. ഇതാദ്യമായി പുതിയ കേസുകളെക്കാൾ കൂടുതൽ പഴയ കേസുകൾ ക്ലിയർ ചെയ്ത വർഷമായി. എന്നാൽ, കേരളത്തിൽ ഈ മുന്നേറ്റം പൂർണമായി പ്രതിഫലിക്കുന്നില്ല.
പുതുച്ചേരിയിൽ ഒരു പോക്സോ കേസ് തീർപ്പാക്കാൻ ശരാശരി 180 ദിവസം മതിയാകുമ്പോൾ ആന്ധ്രാപ്രദേശിൽ 257 ദിവസം. കേരളത്തിലിത് 796 ദിവസം (രണ്ടുവർഷം 66 ദിവസം).
കേരളത്തിൽ 56 പ്രത്യേക പോക്സോ/ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രവർത്തിക്കുന്നു. ഇതിൽ 14 എണ്ണം എക്സ്ക്ലൂസീവ് പോക്സോ കോടതികൾ. തിരുവനന്തപുരത്ത് ഏഴ് കോടതികൾ ഉണ്ടെങ്കിലും ഭാരം കുറയുന്നില്ല. നിയമ മന്ത്രാലയത്തിന്റെ ഡാറ്റപ്രകാരം കേരളത്തിലെ ഫാസ്റ്റ് ട്രാക്ക് കോടതികൾ ലക്ഷ്യമിട്ട 165 കേസുകൾക്ക് പകരം വളരെ കുറച്ചു മാത്രമേ തീർപ്പാക്കുന്നുള്ളൂ.
വൈകുന്നതിന്
പ്രധാന കാരണം
വിചാരണ വൈകുന്നതിന്റെ മുഖ്യകാരണം ഫോറൻസിക് പരിശോധനാ ഫലങ്ങളിലെ കാലതാമസമാണ്. ഡി.എൻ.എ, ഫോൺ റെക്കാഡുകൾ, ഡിജിറ്റൽ തെളിവുകൾ, മെഡിക്കൽ റിപ്പോർട്ടുകൾ എന്നിവ ലഭിക്കാൻ പലപ്പോഴും 6-12 മാസംവരെ എടുക്കുന്നു. കേരള ഹൈക്കോടതി പലതവണ ഫൊറൻസിക് ലാബുകളിലെ ഉപകരണങ്ങളുടെ അപര്യാപ്തതയടക്കം ചൂണ്ടിക്കാട്ടി അസംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
രണ്ടാമത്തെ പ്രധാന പ്രശ്നം അപൂർണ്ണമായ കുറ്റപത്രങ്ങൾ. POCSO നിയമപ്രകാരം 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണമെങ്കിലും ശാസ്ത്രീയ തെളിവുകളുടെ അഭാവം കാരണം പല കുറ്റപത്രങ്ങളും അപൂർണമാകുന്നു. ഇത് വിചാരണയുടെ തുടക്കംതന്നെ വൈകിക്കുന്നു.
മൂന്നാമത്, പരാതികളുടെ വർദ്ധനവ്. നിയമപരമായ അവബോധം വർദ്ധിച്ചതോടെ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കൂടിയിട്ടുണ്ട്. 2025ൽ മാത്രം കേരളത്തിൽ നൂറുകണക്കിന് പുതിയ കേസുകൾ. എന്നാൽ, കോടതികളുടെ എണ്ണം, ജഡ്ജിമാരുടെ ശക്തി, ലാബ് സൗകര്യങ്ങൾ എന്നിവ അതിനനുസൃതമായി വർദ്ധിപ്പിച്ചിട്ടില്ല.
ഇരകളുടെ ദുരവസ്ഥ
പോക്സോ കേസുകളിലെ ഇരകൾ ഭൂരിഭാഗവും 12 വയസിന് താഴെയുള്ള കുട്ടികളാണ്. വിചാരണ വൈകുന്നത് അവരുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. ട്രോമ, ഡിപ്രഷൻ, സ്കൂൾ ഡ്രോപ്പൗട്ട്, സമൂഹത്തിലെ കളങ്കം- ഇവയെല്ലാം കുട്ടികളുടെ ഭാവിയെ ഇരുണ്ടതാക്കുന്നു. നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്, നീതി വൈകുന്നത് കേസിന്റെ നിലനിൽപ്പിനെയും ബാധിക്കുമെന്നാണ്.
പരിഹാര മാർഗങ്ങൾ
ഫോറൻസിക് ലാബുകളുടെ ശക്തിപ്പെടുത്തൽ: ജില്ലാതലത്തിൽ അധിക ലാബുകൾ, ആധുനിക ഉപകരണങ്ങൾ, കൂടുതൽ സാങ്കേതിക ജീവനക്കാർ. ഫലങ്ങൾക്ക് ടൈംലൈൻ (പരമാവധി 90 ദിവസം) നിശ്ചയിക്കുക.
അന്വേഷണ ഉദ്യോഗസ്ഥരുടെ പരിശീലനം: പ്രത്യേക ട്രെയിനിംഗ്, ചൈൽഡ്-ഫ്രണ്ട്ലി ഇൻവെസ്റ്റിഗേഷൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കുക.
കൂടുതൽ കോടതികളും ജഡ്ജിമാരും: കേസുകളുടെ ലോഡ് അനുസരിച്ച് അധിക എക്സ്ക്ലൂസീവ് പോക്സോ കോടതികൾ. വീഡിയോ കോൺഫറൻസിംഗ്, ഇ-കോടതി സംവിധാനങ്ങൾ കൂടുതൽ ഫലപ്രദമാക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |