
കേരളത്തിന്റെ ധാർമ്മിക മന:സാക്ഷിയായി നിലകൊള്ളുകയും വാക്കും തൂലികയും പ്രവൃത്തിയും കൊണ്ട് തിരുത്തൽ ശക്തിയായി മാറുകയും ചെയ്ത ഡോ. സുകുമാർ അഴീക്കോടിന്റെ ജന്മശതാബ്ദി ദിനമാണ് നാളെ. ശബ്ദമില്ലാത്തവർക്കു വേണ്ടി ശബ്ദിച്ച പ്രഭാഷണകലയുടെ പെരുന്തച്ചൻ ഉയർത്തിയ ചിന്തകൾക്ക് മരണമില്ല.
“ശബ്ദമില്ലാത്തവർക്കു വേണ്ടി ഞാൻ ശബ്ദിക്കും. എന്റെ തൊണ്ടയിലെ മാംസപേശികളുടെ അവസാന ചലനം നിലയ്ക്കുന്നതുവരെ.” തന്റെ സപ്തതിയാഘോഷ വേളയിൽ ഡോ. സുകുമാർ അഴീക്കോട് പ്രഖ്യാപിച്ചതാണിത്. അരനൂറ്റാണ്ടിലേറെക്കാലം ശബ്ദമില്ലാത്തവർക്ക് വേണ്ടി സാർത്ഥകമായി ശബ്ദിച്ചു വിജയം വരിച്ച പ്രഭാഷണത്തിന്റെ പെരുന്തച്ചന്റെ വാക്കുകൾ അവിശ്വസിക്കാൻ ഒരു കേരളീയനും കഴിയുമായിരുന്നില്ല. മുൻകാല അനുഭവം അങ്ങനെയാണ്.
സപ്തതിയാഘോഷ വേദിയിൽവച്ച് നടത്തിയ ഈ പ്രഖ്യാപനം അദ്ദേഹം പാലിക്കുകയും ചെയ്തു. രോഗബാധിതനായി തൃശൂർ അമല ആശുപത്രിയിൽ പ്രവേശിക്കുംവരെ അദ്ദേഹം അവശർക്കും ആലംബഹീനർക്കും വേണ്ടി ശബ്ദം ഉയർത്തി. അതുമാത്രമല്ല, അനാവശ്യ കോണുകളിൽ നിന്നും പൊങ്ങിയ അക്രമത്തിന്റെയും അഴിമതിയുടെയും അനീതിയുടെയും അപശബ്ദങ്ങൾക്കെതിരായും അഴീക്കോടിന്റെ ശബ്ദം ഉയർന്നിരുന്നു.
സാഹിത്യ വിമർശകനായി തുടങ്ങി സമഗ്രവിമർശകനായി പരിണമിച്ച ഒരേ ഒരു വ്യക്തിയേ കേരളത്തിലുള്ളൂ- ഡോ.സുകുമാർ അഴീക്കോട്. സാമൂഹിക തിന്മകൾക്കെതിരെ ഇത്ര ഫലപ്രദമായി പ്രതികരിച്ച മറ്റൊരു സാംസ്കാരിക നായകൻ ഇല്ല. ചെറുപ്പം മുതൽ കേട്ടുതുടങ്ങിയ “ഉണരുവിൻ,അഖിലേശനെ സ്മരിപ്പിൻ/ക്ഷണമെഴുന്നേല്പിൻ അനീതിയോടെതിർപ്പിൻ”എന്ന വാഗ്ഭടാനന്ദ ഗുരുദേവന്റെ ആഹ്വാനം, മരണക്കിടക്കയിൽ ആയപ്പോഴും അഴീക്കോടിനെ ആവേശം കൊള്ളിച്ചിരുന്നു. അനീതിയെ എതിർക്കുന്നതിൽ മാത്രമല്ല, അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഇല്ലാതാക്കുന്നതിനും അദ്ദേഹം മുന്നിട്ടിറങ്ങി. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളിൽ ഉണ്ടായിരുന്ന അവഗാഹം ഇക്കാര്യത്തിൽ അദ്ദേഹത്തിന് പ്രേരണ ആയിട്ടുണ്ട്.
ഈശ്വരവിശ്വാസി ആയിരുന്നെങ്കിലും ഒരു ക്ഷേത്രത്തിലും ദർശനത്തിന് പോയിട്ടില്ല. സാമൂഹിക വിമർശനത്തിനും പ്രതികരണങ്ങൾക്കും അഴീക്കോട് ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയത് പ്രഭാഷണവും എഴുത്തുമാണ്. വിമർശനങ്ങൾക്ക് മാത്രമല്ല ആശയ പ്രചാരണത്തിനും അദ്ധ്യാപനത്തിനും പ്രസംഗകലയെ ആദ്ദേഹം പ്രയോജനപ്പെടുത്തി. എതിർപ്പുകളെ
കൂസാതെ വർഗീയതയ്ക്കും വിഘടനവാദത്തിനും എതിരെ അഴീക്കോട് മുറിവേറ്റവർക്ക് വേണ്ടി നിരന്തരം ശബ്ദിച്ചുകൊണ്ടിരുന്നു.
“എന്റെ ജീവിതത്തെ പ്രചോദിപ്പിച്ചു കൊണ്ടു നില്ക്കുന്ന മൂന്നു പ്രഭാവങ്ങളുണ്ട് –ഉപനിഷത്തും സാഹിത്യവും ഗാന്ധിജിയും. ഒന്ന് ആത്മാനുഭൂതിയെയും മറ്റേത് വികാരാനുഭൂതിയെയും ഒടുക്ക ത്തത് കർമ്മാനുഭൂതിയെയും എനിക്കു തെളിയിച്ചു തന്നു. ഇവയിൽ പ്രതിബിംബിച്ചു കണ്ടു ഞാൻ ജീവിതത്തിന്റെ സമഗ്രത എന്ന് ’തത്ത്വമസി’യുടെ ആമുഖത്തിൽ അഴീക്കോട് വെളിപ്പെടുത്തിയിട്ടുണ്ട്. എല്ലാറ്റിനും തുടക്കമായത് സാഹിത്യമാണ്. സാഹിത്യ വിമർശനത്തിൽ നിന്നാണ് സാമൂഹിക വിമർശനത്തിലും രാഷ്ട്രീയ വിമർശനത്തിലും എത്തിച്ചേർന്നതെന്ന് കാണാൻ വിഷമമില്ല. പ്രഭാഷണത്തിന്റെ പെരുന്തച്ചനായി മാറാനും കാരണം അതുതന്നെ.
”ഉത്കൃഷ്ടമായ ആശയങ്ങൾ ജനങ്ങൾക്കിടയിൽ എത്തിക്കുന്നതിന് ഡോ. അഴീക്കോട് സ്വീകരിച്ചിട്ടുള്ള മാദ്ധ്യമം പ്രഭാഷണമാണ്. എഴുത്തിനെക്കാൾ ഒട്ടും കുറയാത്ത ശക്തിയുള്ള വാചാപ്രസംഗങ്ങൾ. യഥാർത്ഥ പ്രശ്നം, മാദ്ധ്യമം പ്രഭാഷണമോ പ്രബന്ധമോ എന്നതല്ല രണ്ടിന്റേയും ഉള്ളടക്കമാണ്. അതിന്റെ കാര്യത്തിൽ വലിയൊരു ജനസേവനമാണ് അഴീക്കോട് ചെയ്യുന്നത്. എന്തുകൊണ്ടെന്നാൽ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ വിഷയം സമൂഹമാണ്. അതിൽ പ്രകടമാകുന്ന തിന്മകൾക്കെതിരെ പോരാടാനുള്ള ആഹ്വാനമാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ സർവത്ര കാണുന്നത്. സമൂഹത്തിലെ തിന്മകൾക്കെതിരെ തൂലിക ചലിപ്പിക്കുന്ന ഏതൊരെഴുത്തുകാരനും നടത്തുന്നതിനേക്കാൾ ഒട്ടും കുറയാത്ത സേവനമാണ് പ്രഭാഷകനായ അഴീക്കോട് നടത്തിക്കൊണ്ടിരിക്കുന്നത് ”എന്നാണ് ഇ.എം.എസ്. നമ്പൂതിരിപ്പാട് അഴീക്കോടിന്റെ പ്രഭാഷണങ്ങളെ വിലയിരുത്തിയിട്ടുള്ളത്.
‘’ഒരു വലിയ പ്രഭാഷകന് രണ്ടു മുഖമാണുള്ളത്.അയാളിൽ ഒരു പ്രവാചകനും വിദ്വേഷിയായ ഒരു പതിത മാലാഖയുമുണ്ട്”എന്നാണ് ഒരു നല്ല പ്രഭാഷകനായ പ്രൊഫ. കെ.പി. അപ്പന്റെ അഭിപ്രായം. ഭാവിയോട് സംസാരിക്കുന്നത് പ്രവാചകനാണ്. ദൈവനിന്ദയെ ഓർമ്മിപ്പിക്കും വിധം ആരാദ്ധ്യമായ പലതിന്റെയും നേരെ ക്രോധം ചൊരിയുന്നത് അയാളിലെ വിദ്വേഷിയായ പതിത മാലാഖയാണ്. ഈ രണ്ടു മുഖങ്ങളും അഴീക്കോടിൽ കാണാമെന്നും അപ്പൻ വിശദീകരിക്കുന്നു.
’’പ്രസംഗിക്കുമ്പോൾ വാക്കിന്റെ വെളിച്ചത്തിലേക്കാണ് അദ്ദേഹം പോകുന്നത്. വാക്കുകൾക്ക് ഇടറാത്ത കണ്ഠം അഴീക്കോട് കൊടുക്കുന്നു. അതോടൊപ്പം ശ്രോതാക്കൾക്ക് വാക്കുകളുടെ തപസ് അദ്ദേഹം നല്കുന്നു. സ്വാതന്ത്ര്യം എന്റെ മനസിൽ പ്രതിഷ്ഠ നേടട്ടേ എന്ന പ്രാർത്ഥനയാണ് അഴീക്കോടിന്റെ പ്രസംഗങ്ങൾക്ക് പിന്നിലുള്ളത്'' എന്നും അപ്പൻ അഴീക്കോടിന്റെ പ്രസംഗത്തെ വിലയിരുത്തുന്നു.
ചെമ്മനം ചാക്കോ പറയും പോലെ, “കേൾക്കുവോർക്കുള്ളിൽ ചൂടും വെട്ടവും നല്കുവാൻ /വാക്കുകളൂരച്ചു വേദികളിൽ തീജ്വാല സൃഷ്ടിക്കുമായിരുന്ന അഴീക്കോടിന് “ ഏറ്റവും ഇഷ്ടപ്പെട്ട ജോലി അദ്ധ്യാപനമായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യൻ കൂടിയായിരുന്ന ഡോ.എം.എൻ.കാരശ്ശേരിയുമായുള്ള ഒരഭിമുഖത്തിൽ ഇക്കാര്യം അഴീക്കോട് തുറന്നു പറയുന്നുണ്ട്:
“കോളേജിൽ മലയാളം അദ്ധ്യാപകനാകണം എന്നതായിരുന്നു എന്റെ ജീവിതാഭിലാഷം. മം ഗലാപുരം സെന്റ് അലോഷ്യസ് കോളേജിൽ ലക്ചററായതോടെ അത് നിറവേറി.’’ ഹൈസ്കൂൾ മുതൽ യൂണിവേഴ്സിറ്റി വരെയുള്ള വിവിധ തലങ്ങളിൽ പഠിപ്പിച്ചിട്ടുണ്ടെങ്കിലും ഹൈസ്കൂൾ ക്ലാ സുകളിൽ പഠിപ്പിക്കാനാണ് ഇഷ്ടവും സന്തോഷവും’’ എന്നും അദ്ദേഹം ഈ അഭിമുഖത്തിൽ വ്യക്ത മാക്കുകയുണ്ടായി. വലിയ പ്രഭാഷകനായി മാറുന്നതിന് അദ്ധ്യാപനവൃത്തിയും അദ്ദേഹത്തെ സഹായിച്ചിട്ടുണ്ടാകണം.
1926 മേയ് 12നു കണ്ണൂരിലെ അഴീക്കോട് ജനിച്ച സുകുമാർ അഴീക്കോടിന്റെ ഒരു വർഷം നീണ്ടു നിന്ന ജന്മശതാബ്ദി ആഘോഷങ്ങൾ ഈ മേയ് 12നു കണ്ണൂരിൽ സമാപിക്കുകയാണ്.
മുക്കാൽ നൂറ്റാണ്ടുകാലം കേരളത്തിന്റെ ധാർമ്മിക മന:സാക്ഷിയായി നിലകൊള്ളുകയും നാക്കും തൂലികയും പ്രവൃത്തിയും കൊണ്ട് തിരുത്തൽ ശക്തിയായി മാറുകയും ചെയ്ത സുകുമാർ അഴീക്കോടിന്റെ ശതാബ്ദിയാഘോഷ സമാപന വേളയിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്കു മുമ്പിൽ ആദരാഞ്ജലി.
കാഴ്ചപ്പാടും നിലപാടും
ഏത് വിഷയത്തെ കുറിച്ചും അഴീക്കോടിന് തന്റേതായ കാഴ്ചപ്പാടും നിലപാടുമുണ്ടായിരുന്നു. അനീതിയെയും അഴിമതിയെയും എതിർക്കുമ്പോഴും അശരണർക്ക് വേണ്ടി വാദിക്കുമ്പോഴും അദ്ദേഹത്തിന്റെ വാക്കുകൾക്ക് വല്ലാത്ത മൂർച്ചയും ശക്തിയും ആയിരുന്നു. കേരളത്തിലെ സാമൂഹിക, സാംസ്കാരിക,രാഷ്ട്രീയ,സാഹിത്യ മേഖലകളിൽ ഗുണപരമായ മാറ്റങ്ങൾക്ക് വഴി തെളിച്ച നിരവധി വിവാദങ്ങൾക്ക് അദ്ദേഹം തിരികൊളുത്തിയിട്ടുണ്ട്.
പ്രസംഗങ്ങൾ മൂലം തനിക്ക് എന്തെങ്കിലും നഷ്ടപ്പെടുമെന്നോ ആരെങ്കിലും ശത്രുക്കളാകുമെന്നോ അദ്ദേഹത്തിന് ഉത്കണ്ഠയില്ലായിരുന്നു. പ്രഭാഷണത്തിന്റെ ശരമുനയേറ്റ പല വമ്പന്മാരും അദ്ദേഹത്തിന്റെ ശത്രുക്കളായി മാറി. ശരിയായ കാര്യത്തിന് വേണ്ടിയാണ് താൻ നിലകൊള്ളുന്നതെന്ന ഉത്തമ ബോദ്ധ്യം അദ്ദേഹത്തിനുണ്ടായിരുന്നതിനാൽ ഈ എതിർപ്പുകളെയൊന്നും തരിമ്പും വകവച്ചില്ല.
(ലേഖകന്റെ ഫോൺ: 9446794431)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |