
തൃശൂർ: കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചകൾ മുറുകുന്നതിനിടെ വാടാനപ്പിള്ളിയിൽ സി.പി.എം പ്രവർത്തകൻ 'കെ.സി നയിക്കട്ടെ" എന്നെഴുതിയ ബോർഡ് സ്ഥാപിച്ചതിനെച്ചൊല്ലി വാക്പോര്. സി.പി.എം നേതൃത്വമറിയാതെ 'സേവ് കോൺഗ്രസ്" എന്ന പേരിൽ ബോർഡ് വയ്ക്കില്ലെന്നും അവരുടെ ജീർണതയാണിതെന്നും ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് കുറ്റപ്പെടുത്തി. ചെയ്തത് തെറ്റാണെന്നും പാർട്ടി നയത്തിനു വിരുദ്ധമാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ വ്യക്തമാക്കി.
സി.സി ടിവി ദൃശ്യം പുറത്തുവന്നതോടെയാണ് സി.പി.എം പ്രവർത്തകൻ അരവാശ്ശേരി മുഹമ്മദ് ബോർഡ് വച്ചത് പുറത്തറിഞ്ഞത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എസ്.ദീപന്റെ പരാതിയിൽ കേസെടുത്ത വാടാനപ്പിള്ളി പൊലീസ്, മുഹമ്മദിനെ അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. ശനിയാഴ്ച രാത്രി ഫ്ലക്സ് വച്ചശേഷം ഞായറാഴ്ച രാവിലെ മുഹമ്മദ് തന്നെ ബോർഡിന്റെ ഫോട്ടോ ഫേസ്ബുക്കിലിട്ടിരുന്നു.
അതിനിടെ, വാട്‌സാപ് ഗ്രൂപ്പിലിട്ട ഇയാളുടെ ശബ്ദസന്ദേശം പുറത്തുപോയതും സി.പി.എമ്മിനു തലവേദനയായി. 'നമുക്ക് ഏറ്റവും ദേഷ്യമുള്ള കോൺഗ്രസിന്റെ ബോർഡ് വച്ചത് ആ പാർട്ടിയിൽ വിപ്ലവം സൃഷ്ടിക്കാനായാണ്. ക്യാമറയുള്ളത് അറിഞ്ഞില്ല. മൊബൈൽ ഷോപ്പിലെ ക്യാമറ കേടാണെന്നാണ് കരുതിയത്. ആ ധൈര്യത്തിലാണ് ഫ്ലക്‌സ് വച്ചത്". - ശബ്ദസന്ദേശത്തിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |