SignIn
Kerala Kaumudi Online
Sunday, 10 May 2026 6.58 PM IST

സംസ്ഥാനത്ത്   മുഖ്യമന്ത്രിപദം  ആർക്ക്? സസ്‌പെൻസ് തുടരുന്നു;  എന്താകും   ഹൈക്കമാൻഡിന്റെ തീരുമാനം

Increase Font Size Decrease Font Size Print Page
congress

ന്യൂഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ കോൺഗ്രസ് കേന്ദ്ര നേതൃത്വ തീരുമാനത്തിൽ അനിശ്ചിതത്വം തുടരുന്നു. ഇന്നലെ എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന മൂന്ന് മണിക്കൂർ നീണ്ട ചർച്ചയിലും അന്തിമ പ്രഖ്യാപനം ഉണ്ടായില്ല. ഘടകകക്ഷികളുമായി രാഹുൽ ഗാന്ധി സംസാരിച്ച ശേഷം ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.


മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ കെ.സി വേണുഗോപാലിനാണ് നിലവിൽ സാദ്ധ്യത. എന്നാൽ വിഡി സതീശനും രമേശ് ചെന്നിത്തലയും അവകാശവാദത്തിൽ നിന്നും പിന്മാറിയിട്ടില്ല. ചർച്ചയിൽ തന്റെ സീനിയോറിറ്റിയും അനുഭവസമ്പത്തും രമേശ് ചെന്നിത്തല ബോദ്ധ്യപ്പെടുത്തി. ഇതിൽ ഹൈക്കമാൻഡ് തൃപ്തി രേഖപ്പെടുത്തിയതായാണ് സൂചന. മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ നിലപാടുകൾ രാഹുൽ ഗാന്ധി നേരിട്ട് ചോദിച്ചറിയും. മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ സോണിയാ ഗാന്ധിയുടെ തീരുമാനവും നിർണായകമാകുമെന്നാണ് റിപ്പോർട്ടുകൾ.


ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം എന്തുതന്നെയായാലും അത് അംഗീകരിക്കുമെന്ന് മൂന്ന് നേതാക്കളും ഖാർഗെയെയും രാഹുലിനെയും അറിയിച്ചു. അതേസമയം മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അണികൾ അച്ചടക്കം പാലിക്കാത്തതിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയിരുന്നത്. ചേരിതിരിഞ്ഞുള്ള പ്രകടനങ്ങളും പോസ്റ്റർ യുദ്ധങ്ങളും പാർട്ടിയുടെ സംസ്‌കാരത്തിന് ചേർന്നതല്ല. ഇത്തരം പ്രവണതകൾ ഉടൻ അവസാനിപ്പിക്കണമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി വ്യക്തമാക്കി.


ഇന്നലെ വൈകീട്ട് നാല് മണിക്ക് തുടങ്ങിയ യോഗത്തിൽ നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവരും പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി പദത്തെ ചൊല്ലി പാർട്ടിയിൽ യാതൊരു വിധത്തിലുള്ള ഭിന്നതയും ഉണ്ടാവരുതെന്ന് രാഹുൽ ഗാന്ധി അണികൾക്ക് കർശന നിർദ്ദേശം നൽകി. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ഉറപ്പ് നൽകിയതോടെയാണ് ചർച്ചകൾ അവസാനിച്ചത്. ചർച്ചകൾക്ക് ശേഷം വിഡി സതീശനും, കെസിയും ഇന്നലെ തന്നെ കേരളത്തിലേക്ക് മടങ്ങിയിരുന്നു. ഇന്നാണ് രമേശ് ചെന്നിത്തല കേരളത്തിലേക്ക് തിരിക്കുക.

TAGS: CM, KERALA, LATESTNEWS, CM ANNOUNCEMENT, UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA