
മാന്നാർ: അപകട ഭീഷണി ഉയർത്തി പാതയോരത്ത് നിന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു മാറ്റി. തിരുവല്ല - മാവേലിക്കര സംസ്ഥാന പാതയിൽ മാന്നാർ നായർ സമാജം സ്കൂളിനു സമീപത്ത് അപകടാവസ്ഥയിൽ നിന്ന വൻ മരങ്ങളുടെ ശിഖരങ്ങളാണ് പൊതുമരാമത്ത് വകുപ്പ് മാന്നാർ നിരത്ത് വിഭാഗം മുറിച്ച് മാറ്റിയത്. പാതയോരത്തെ മരങ്ങളുടെ അപകടഭീഷണിയെക്കുറിച്ച് കേരളകൗമുദി നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
മഴക്കാലത്തിന് മുന്നോടിയായുള്ള സുരക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ മരം മുറിക്കലിനായി മാന്നാർ സ്റ്റോർ ജംഗ്ഷൻ മുതൽ കുറ്റിയിൽ ജംഗ്ഷൻ വരെയുള്ള ഭാഗത്തെ റോഡിൽ കൂടിയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ച് പൊതുമരാമത്ത് വകുപ്പ് നേരത്തേ അറിയിപ്പ് നൽകിയിരുന്നു. ആലുംമൂട് പുഞ്ച റോഡ്, തട്ടാരമ്പലം - മാന്നാർ എന്നീ റോഡുകൾ വഴി വാഹന ഗതാഗതം തിരിച്ച് വിടുന്നതിനായി നിലയുറപ്പിച്ച് പൊലീസും ഈ ഭാഗത്തെ വൈദ്യുതി വിഛേദിച്ച് കെ.എസ്.ഇ.ബിയും മാന്നാർ ഗ്രാമ പഞ്ചായത്തും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. വലിയ ക്രെയിനുകൾ ഉപയോഗിച്ച് രാവിലെ ഒമ്പതു മുതൽ ആരംഭിച്ച പ്രവൃത്തികൾ വൈകിട്ട് അഞ്ച് മണിയോടെയാണ് അവസാനിച്ചത്. അസി.എഞ്ചിനീയർ ബിജുന എലിസബത്ത്, ഓവർസിയർ രാജ്മോഹൻ എന്നിവർ നേതൃത്വം നൽകി. വൈകിട്ട് അഞ്ചരയോടെ ഇതുവഴിയുളള വാഹനഗതാഗതം പുനഃസ്ഥാപിച്ചു. മാന്നാർ മുട്ടേൽ പാലത്തിന് അക്കരെ ബുധനൂർ ഭാഗത്ത് അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റുന്നതിനും ഉടൻ തന്നെ നടപടി കൈക്കൊള്ളുമെന്ന് പൊതുമരാമത്ത് വകുപ്പ് മാന്നാർ നിരത്ത് വിഭാഗം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |