ആറ് മാസംകൊണ്ട് അഭയം നൽകിയത് 170 കുട്ടികൾക്ക്
കൊച്ചി: കേസുകൾക്ക് പഞ്ഞമില്ല, പക്ഷേ പ്രവർത്തിക്കാൻ നിവൃത്തിയുമില്ല. ജീവനക്കാരുടെ ക്ഷാമത്താൽ നട്ടം തിരിയുകയാണ് എറണാകുളം ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി). ആറ് മാസം കൊണ്ട് അഭയം നൽകിയത് 171 കുട്ടികൾക്ക്. വിവിധ കേസുകളിൽപ്പെട്ട് പൊലീസിന്റെ പക്കൽ എത്തിയതും നാടുവിട്ടെത്തിയതും പോക്‌സോ കേസിൽ ഉൾപ്പെട്ടതും അടക്കമുള്ള കുട്ടികൾക്കാണ് അഭയമായത്. 85 ആൺകുട്ടികളും 86 പെൺകുട്ടികളും.
കാക്കനാട്ടെ ഓഫീസിൽ സി.ഡബ്ല്യു.സി അംഗങ്ങൾക്ക് സ്വീപ്പർമാരുടെ ജോലി വരെ ചെയ്യേണ്ടി വരുന്നുണ്ട്. ഒരേയൊരു ഡാറ്റാ എൻട്രി ഓപ്പറേറ്റർ മാത്രമാണുള്ളത്. ഒരു സെക്രട്ടറി, രണ്ട് ക്ലാർക്ക്, മൂന്ന് ടൈപ്പിസ്റ്റ്, മൂന്ന് ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഒരു സ്വീപ്പർ ഉൾപ്പെടെ പത്ത് ജീവനക്കാരാണ് വേണ്ടത്.
ജുഡീഷൽ അധികാരങ്ങളുള്ള പുതിയ സി.ഡബ്ല്യു.സി അധികാരമേറ്റത് 2025 നവംബറിലാണ്. ശേഷം 600ഓളം കേസുകൾ പരിഗണിച്ചു. എല്ലാത്തിലും തീർപ്പും കൽപ്പിച്ചു. 43 കുട്ടികളെ ട്രെയിനിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി കേസുകൾ ഉൾപ്പെടെ മുന്നിലെത്തി. പ്രായപൂർത്തിയാകുന്നതിന് മുന്നേ വിവാഹിതരായ പെൺകുട്ടികൾ, അമ്മമാരാകേണ്ടി വന്നവർ, പീഡനങ്ങൾക്ക് ഇരകളായവർ, ട്രെയിനിൽ നാട് വിട്ടവർ തുടങ്ങിയ കേസുകളാണ് അന്യ സസ്ഥാനങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നതിലേറെയും.
ശ്രദ്ധേയ സംഭവങ്ങൾ
പൂനെയിൽ നിന്ന് കാണാതായി റെയിൽവേ ചൈൽഡ് ലൈനിലൂടെ ലഭിച്ച ആൺകുട്ടിയെ കുടുംബത്തോടൊപ്പം തിരികെ അയക്കാനായി.
തിരുനെൽവേലി സ്വദേശി ബാലനെ റെയിൽവേ ചൈൽഡ് ലൈനിലൂടെ രക്ഷപ്പെടുത്തി നാട്ടിലേക്ക് തിരിച്ചയച്ചു.
അനധികൃതമായി കൈമാറിയ കുഞ്ഞിനെ വീണ്ടെടുത്ത് മാതാപിതാക്കളെ ഏൽപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |