SignIn
Kerala Kaumudi Online
Monday, 11 May 2026 6.19 AM IST

ഇനി അഞ്ച് ദിവസം 'വേനൽ'മഴക്കാലം

Increase Font Size Decrease Font Size Print Page
d

ജില്ലയിൽ വേനൽമഴ കുറവ്

കൊച്ചി: പൊള്ളുന്ന ചൂടിന് ആശ്വാസമായി വേനൽമഴ തുടരുന്നു. വരുംദിവസങ്ങളിൽ എറണാകുളത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജില്ലയിൽ നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നിവയാണ് അലർട്ട് പട്ടികയിലുള്ള മറ്റ് ജില്ലകൾ. മഴയ്‌ക്കൊപ്പം മിന്നലിനും മണിക്കൂറിൽ 40–50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാദ്ധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. തീരപ്രദേശങ്ങളെ പോലെ മലയോര മേഖലകളിലും ജാഗ്രത പാലിക്കണം. രാത്രികാല മലയോര യാത്രകൾക്ക് നിയന്ത്രണമുണ്ട്.

ശക്തമായ വേനൽമഴ ലഭിക്കുന്നുണ്ടെങ്കിലും ജില്ലയിൽ മഴലഭ്യതയിൽ 34 ശതമാനം കുറവുണ്ട്. മാർച്ച് ഒന്ന് മുതൽ മേയ് 10 വരെയുള്ള കാലയളവിൽ 209.9 മില്ലി മീറ്റർ മഴയാണ് ജില്ലയിൽ ലഭിക്കേണ്ടിയിരുന്നത്. എന്നാൽ 137.7 മില്ലി മീറ്റർ മഴയേ ലഭിച്ചിട്ടുള്ളൂ. സംസ്ഥാനത്തും വേനൽമഴ ലഭ്യത കുറവാണ്. ഇക്കാലയളവിൽ 198.1 മില്ലി മീറ്റർ മഴ ലഭിക്കേണ്ടയിടത്ത് 161.8 മില്ലി മീറ്റർ മഴയേ കിട്ടിയിട്ടുള്ളൂ. 18ശതമാനത്തിന്റെ കുറവ്.

മാർച്ചിൽ 15 ശതമാനം വേനൽമഴ പെയ്‌തെങ്കിലും ഏപ്രിലിൽ 63 ശതമാനം ഇടിവുണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ കേരളമാകെ ശക്തമായ മഴ പെയ്തതാണ് സംസ്ഥാനത്തെ ഭേദപ്പെട്ട നിലയിലേക്കെത്തിച്ചത്. ലക്ഷദ്വീപിലും ഇക്കുറി വേനൽമഴ കുറവാണ്. 55 ശതമാനം കുറവ് രേഖപ്പെടുത്തി. 77 മില്ലി മീറ്റർ മഴ വേണ്ടയിടത്ത് 34.5 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. മാഹിയിൽ 50 ശതമാനം കുറവുണ്ട്. സംസ്ഥാനത്തെ എട്ട് ജില്ലകളിൽ വേനൽമഴ കാര്യമായി ലഭിച്ചിട്ടില്ല. നാല് ജില്ലകളിൽ അധികമഴയും രണ്ട് ജില്ലകളിൽ ഭേദപ്പെട്ട മഴയും ലഭിച്ചു.

മുന്നിൽ കണ്ണൂർ


ഏറ്റവുമധികം വേനൽമഴ ലഭിച്ചത് കണ്ണൂരാണ് (39 ശതമാനം). കോഴിക്കോട് (32), കാസർകോട് (26), പത്തനംതിട്ട (21) എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. തൃശൂരിലും വയനാട്ടിലും സാധാരണ നിലയിലുള്ള മഴ ലഭിച്ചു.

 വേനൽമഴകുറഞ്ഞ ജില്ല (%)
ആലപ്പുഴ- 30
എറണാകുളം - 34
ഇടുക്കി - 35
കൊല്ലം - 48
കോട്ടയം - 25
മലപ്പുറം - 32
പാലക്കാട് - 39
തിരുവനന്തപുരം-28

അഞ്ച് ദിവസം ശക്തമായ വേനൽമഴയ്ക്ക് സാദ്ധ്യതയുണ്ട്. കാലവർഷം എപ്പോഴെത്തുമെന്നത് ഇപ്പോൾ പറയാനാവില്ല

രാജീവൻ എരിക്കുളം

കാലാവസ്ഥ വിദഗ്ദ്ധൻ

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL