SignIn
Kerala Kaumudi Online
Tuesday, 12 May 2026 2.53 AM IST

പിൻവാതിൽ നിയമനം ആരോപിച്ച് കെ.എസ്.യു പ്രതിഷേധം കണ്ണൂർ ജില്ലാ പൊലീസ് ഹൗസിംഗ് സൊസൈറ്റി പരീക്ഷ തടസപ്പെട്ടു

Increase Font Size Decrease Font Size Print Page
police
കണ്ണൂർ ജില്ലാ പൊലീസ് സഹകരണ സംഘത്തിലേക്കു നടന്ന എഴുത്തു പരീക്ഷയിൽ അവസരം നിഷേധിച്ചെന്ന് ആരോപിച്ച് പരീക്ഷാ ഹാളിൽ കയറി പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരുമായി പൊലീസ് ചർച്ച നടത്തുന്നു.

പരീക്ഷ മാറ്റിവച്ചു, അന്വേഷണം പ്രഖ്യാപിച്ചു


കണ്ണൂർ: കണ്ണൂർ ജില്ലാ പൊലീസ് ഹൗസിംഗ് സൊസൈറ്റിയിൽ പ്യൂൺ, നൈറ്റ് വാച്ച്മാൻ തസ്തികകളിലേക്ക് ഇന്നലെ രാവിലെ നടത്തിയ നിയമന പരീക്ഷ കെ.എസ്.യു പ്രതിഷേധത്തിൽ അലങ്കോലപ്പെട്ടു. അപേക്ഷ നൽകിയ ചില ഉദ്യോഗാർത്ഥികൾക്ക് ഹാൾ ടിക്കറ്റ് ലഭിക്കാത്തതും പരീക്ഷ രഹസ്യമായി നടത്തി ഇഷ്ടക്കാർക്ക് നിയമനം നൽകാൻ ശ്രമിക്കുന്നുവെന്നുമുള്ള ആരോപണം ഉയർത്തിയാണ് കെ.എസ്.യു പ്രവർത്തകർ പരീക്ഷ തടഞ്ഞത്.
ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാടിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പരീക്ഷാ ഹാളിലേക്ക് ഇരച്ചുകയറി ചോദ്യപേപ്പറുകളും ഉദ്യോഗാർത്ഥികളുടെ ഹാൾ ടിക്കറ്റുകളും വലിച്ചുകീറി. ഹാളിൽ ഇൻവിജിലേറ്ററുമായും സൊസൈറ്റി അധികൃതരുമായും സംഘർഷം ഉണ്ടാവുകയും ചെയ്തു.
സി.പി.എമ്മിന് വേണ്ടപ്പെട്ടവരുടെ മാത്രം അപേക്ഷ സ്വീകരിച്ചെന്നും പാർട്ടി പ്രസിദ്ധീകരണത്തിൽ മാത്രം പരസ്യം നൽകിയെന്നും കെ.എസ്.യു ആരോപിച്ചു. ആർക്ക് നിയമനം നൽകണമെന്ന് മുൻകൂട്ടി തീരുമാനിച്ച്, അന്നേ ദിവസം തന്നെ എഴുത്ത് പരീക്ഷയ്ക്ക് ശേഷം അഭിമുഖം നടത്തി നിയമനം പൂർത്തിയാക്കാൻ ശ്രമിച്ചുവെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

സംഘർഷ വിവരമറിഞ്ഞ് നിയുക്ത കണ്ണൂർ എം.എൽ.എ അഡ്വക്കറ്റ് ടി.ഒ മോഹനൻ ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ സ്ഥലത്തെത്തി. പരീക്ഷ റദ്ദ് ചെയ്ത് അപേക്ഷ നൽകിയ മുഴുവൻ ഉദ്യോഗാർത്ഥികൾക്കും അവസരം നൽകണമെന്ന് ടി.ഒ. മോഹനൻ ആവശ്യപ്പെട്ടു.

ഏപ്രിൽ 6ന് നേരിട്ട് ഓഫീസിൽ ഹാജരായി അപേക്ഷ നൽകിയ ഉളിയൽ സ്വദേശി മുഹമ്മദ് റയീസ് ഉൾപ്പെടെ ഒന്നിലധികം അപേക്ഷകർക്ക് ഹാൾ ടിക്കറ്റ് ലഭിക്കാത്ത വിഷയത്തിൽ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർക്ക് നേരത്തെ പരാതി നൽകിയിരുന്നു.
സ്ഥലത്തെത്തിയ കണ്ണൂർ സിറ്റി എ.സി.പി ഹരിപ്രസാദ് ഇരുവിഭാഗവുമായി ചർച്ച നടത്തി. പരാതി അന്വേഷിക്കുമെന്നും ക്രമക്കേട് കണ്ടെത്തിയാൽ പരീക്ഷ റദ്ദ് ചെയ്യുമെന്നും ജോയിന്റ് രജിസ്ട്രാർ ഉറപ്പ് നൽകിയതായി എ.സി.പി അറിയിച്ചു. തുടർന്ന് പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായി ജോയിന്റ് രജിസ്ട്രാർ ഔദ്യോഗികമായി അറിയിച്ചു.

സൊസൈറ്റിയിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. ഓഡിറ്റ് വിഭാഗത്തിനു മുന്നിൽ വൗച്ചറുകൾ പോലും ഹാജരാക്കാൻ സെക്രട്ടറിക്ക് സാധിച്ചിട്ടില്ല. അപേക്ഷ നൽകിയ മുഴുവൻ ഉദ്യോഗാർത്ഥികൾക്കും പരീക്ഷ എഴുതാൻ അവസരം നൽകണം.
ഹരികൃഷ്ണൻ പാളാട്, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ്


ഇഷ്ടക്കാർക്ക് വേണ്ടി രഹസ്യമായി പരീക്ഷ നടത്തുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഏപ്രിൽ മാസത്തിൽ പ്രധാന പത്രങ്ങളിൽ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നു. അപേക്ഷ നൽകിയ മുഴുവൻ ഉദ്യോഗാർത്ഥികൾക്കും രജിസ്ട്രേഡ് തപാൽ വഴി അറിയിപ്പ് നൽകിയിരുന്നു.
ശ്രീജിത്ത്, സൊസൈറ്റി സെക്രട്ടറി

TAGS: LOCAL NEWS, KANNUR, KSU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL