SignIn
Kerala Kaumudi Online
Monday, 11 May 2026 6.20 AM IST

സ്കൂൾ കെട്ടിടം ഫിറ്റ്നസ്, ശുചീകരണം സർക്കാർ പണം തുച്ഛം, കീശകീറി അദ്ധ്യാപകർ

Increase Font Size Decrease Font Size Print Page

പ്രവേശനോത്സവം ഉൾപ്പെടെ നടത്താൻ വേണ്ടത് രണ്ടു ലക്ഷം

കൊല്ലം: പുതിയ അദ്ധ്യയന വർഷം പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ, കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനും പരിസരം വൃത്തിയാക്കാനും പണം കണ്ടെത്താനാവാതെ സ്കൂൾ അധികൃതർ.

ഈ വർഷം മുതൽ സ്‌കൂളുകൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ തദ്ദേശ സ്വയംഭരണ വകുപ്പ്, കെ.എസ്.ഇ.ബി, ഫയർ ആൻഡ് റെസ്‌ക്യു, ഫോറസ്റ്റ്, ആരോഗ്യ വകുപ്പ് എന്നിവരുടെ എൻ.ഒ.സി നിർബന്ധമാണ്. സ്വന്തമായി വാഹനമുള്ള സ്‌കൂളുകൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ സർട്ടിഫിക്കറ്റും അനിവാര്യം. എന്നാൽ സ്കൂളുകൾക്ക് സാമ്പത്തിക സഹായം എങ്ങുനിന്നും ലഭിക്കുന്നില്ല.

തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ലഭ്യമാകാത്തതിനാൽ ദിവസക്കൂലി നൽകി സ്കൂൾ പരിസരം വൃത്തിയാക്കേണ്ട അവസ്ഥയാണ്. കൊല്ലം നഗരത്തിലെ ഒരു പ്രധാന വിദ്യാലയത്തിൽ കഴിഞ്ഞ വർഷം 1.45 ലക്ഷമാണ് സ്കൂൾ തുറപ്പുമായി ബന്ധപ്പെട്ട് ചെലവായത്. പ്രവേശനോത്സവം ഉൾപ്പെടെ ഇത്തവണ 2 ലക്ഷം കടന്നേക്കുമെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്. ചെറിയ സ്‌കൂളിൽ ഫിറ്റ്‌നസ് നടപടികൾ പൂർത്തിയാക്കാൻ കുറഞ്ഞത് 35,000 രൂപയെങ്കിലും വേണം. ഇതിനു പുറമെയാണ് പ്രവേശനോത്സവത്തിനുള്ള ചെലവ്.

പണം കണ്ടെത്താൻ നെട്ടോട്ടം


 പ്രവേശനോത്സവത്തിന് മാത്രമായി എസ്.എസ്.കെ വഴി ലഭിച്ചിരുന്ന തുച്ഛമായ കേന്ദ്ര ഫണ്ട് നിറുത്തലാക്കി

 കോർപ്പറേഷൻ 25,000 രൂപയും ജില്ലാ പഞ്ചായത്ത് 50,000 രൂപയും വകയിരുത്തിയിട്ടുണ്ട്

 പക്ഷേ പണം സ്കൂൾ അധികൃതർ മുൻകൂട്ടി ചെലവാക്കണം

 ചെലവിന്റെ ബില്ല് സമർപ്പിച്ചാൽ തുക അനുവദിക്കും

 പഴയ കെട്ടിടങ്ങളിലെ വയറിംഗ് മാറ്റാൻ വലിയ തുക വേണം

 ഓരോ ക്ലാസ് മുറിയിലും ഫയർ എക്സ്റ്റിംഗ്യുഷറുകൾ (സിലിണ്ടർ) വേണമെന്ന് ഫയർഫോഴ്സ്

 ആറ് കിലോയുടെ ഒരു സിലിണ്ടറിന് വിപണിയിൽ 1,770 രൂപ

 പത്തിലധികം ക്ലാസ് മുറികളുള്ള സ്‌കൂളുകൾക്ക് ഭീമമായ ചെലവ്

 പി.ടി.എ ഫണ്ട് കൂടി ലഭ്യമല്ലെങ്കിൽ ഇതെല്ലാം അദ്ധ്യാപകരുടെ തലയിൽ

 ഈ നിർദ്ദേശങ്ങൾ ലഭിച്ചത് ആഴ്ചകൾക്ക് മുൻപ് മാത്രം


അദ്ധ്യാപകർക്ക് വിശ്രമമില്ല


പ്രൈമറി സ്‌കൂളുകളുടെ അവസ്ഥ അതീവ ദയനീയമാണ്. ക്ലർക്കോ പ്യൂണോ ഇല്ലാത്ത സ്‌കൂളുകളിൽ പ്രധാന അദ്ധ്യാപകർക്ക് ഞായറാഴ്ചകളിൽ പോലും വിശ്രമമില്ലാത്ത അവസ്ഥ. ഓരോ വകുപ്പിലും നേരിട്ടെത്തി അപേക്ഷകൾ നൽകുന്നതും ശുചീകരണത്തിന് മേൽനോട്ടം വഹിക്കുന്നതും ഇവർ തന്നെ. സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കിയെന്ന് കാണിച്ച് പ്രധാന അദ്ധ്യാപകർ സത്യപ്രസ്താവന നൽകണം. ഇവ കെ-സ്മാർട്ട് വഴി അപ്‌ലോഡ് ചെയ്താൽ മാത്രമേ ഫിറ്റ്‌നസ് നടപടി പൂർത്തിയാകൂ. ജൂൺ 1 ന് മുൻപ് ഫിറ്റ്‌നസ് ലഭിച്ചില്ലെങ്കിൽ സ്‌കൂൾ തുറപ്പ് പ്രതിസന്ധിയിലാകും.


ഫിറ്റ്‌നസ് ലഭിക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുള്ള സ്കൂളുകളുടെ കാര്യത്തിൽ, ഇതുമായി ബന്ധപ്പെട്ട നടപടികൾ വിലയിരുത്താൻ കളക്ടറുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും


വിദ്യാഭ്യാസ വകുപ്പ് അധികൃതർ

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL