
കോട്ടയം : വേനൽ മഴകനത്തതോടെ മലയോര ടൂറിസത്തിന് ഭീഷണിയാവുകയാണ് അപ്രതീക്ഷിത ഇടിമിന്നൽ. അന്യസംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ അവധിയാഘോഷിക്കാൻ ആളുകൾ കൂട്ടമായി എത്തുന്ന ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കൽ കല്ല്, വാഗമൺ എന്നിവിടങ്ങളിലാണ് മിന്നൽ ടൂറിസത്തിന് വിഘാതമാകുന്നത്. ഉച്ചകഴിഞ്ഞ് ഈ മേഖലകളിലേയ്ക്ക് എത്തുന്നവർക്ക് മുന്നറിയിപ്പ് നൽകിയാണ് കയറ്റിവിടുന്നത്. വാഗമണ്ണിൽ മിന്നലേറ്റുള്ള മരണം പതിവായതോടെ മിന്നൽ രക്ഷാചാലകം വ്യാപകമായി സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഈ പരിസരങ്ങളിലെ വീടുകളിൽ ഇടിമിന്നൽ ഏൽക്കുന്നത് പതിവാണ്. അതേസമയം ഇല്ലിക്കൽക്കല്ല്, ഇലവീഴാപ്പൂഞ്ചിറ മേഖലകളിൽ മിന്നൽ ഏൽക്കാനുള്ള സഹാചര്യം കൂടുതലാണ്. മഴപെയ്താൽ കയറി നിൽക്കാൻ സ്ഥലം പോലുമില്ല. ശരാശരി 500 പേർ സീസൺ സമയത്ത് രണ്ട് സ്ഥലങ്ങളിലും എത്തുന്നുണ്ട്. വാഗമണ്ണിൽ ആയിരത്തിലേറെപ്പേരാണ് ദിവസമെത്തുന്നത്. അവധി ദിനങ്ങളിൽ ഇത് കൂടും.
സുരക്ഷാ സംവിധാനങ്ങളില്ല
ഇല്ലിക്കൽക്കല്ലിലും ഇലവീഴാപ്പൂഞ്ചിറയിലും കൂടുതൽ മിന്നൽ രക്ഷാചാലകം ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനം ഡി.ടി.പി.സി ഒരുക്കണമെന്നാണ് ആവശ്യം. മഴ നനയാതിരിക്കാൻ പ്രത്യേക സംവിധാനങ്ങളും ഇലവീഴാപ്പൂഞ്ചിറയിൽ സുരക്ഷാ വേലികളും വേണം. അത്യാഹിതം സംഭവിച്ചാൽ ഈ ഭാഗത്ത് മികച്ച സൗകര്യങ്ങളുള്ള ആശുപത്രിയുമില്ല. മൺസൂൺ ടൂറിസം പാക്കേജിൽ ഇല്ലിക്കൽക്കല്ലും ഇടംപിടിച്ചിട്ടുള്ളതിനാൽ സഞ്ചാരികളുടെ ഇഷ്ടയിടമാണ് രണ്ടും.
കരുതണം ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ
മിന്നൽ ലക്ഷണം കണ്ടാൽ സുരക്ഷിതസ്ഥാനത്തേയ്ക്ക് മാറുക
ഒരു കാരണവശാലും ജലാശയങ്ങളിൽ ഇറങ്ങരുത്
ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ മിന്നൽ സാദ്ധ്യതാ സമയം
''ഇലവീഴാപ്പൂഞ്ചിറയിൽ മിന്നൽ സാദ്ധ്യത കൂടുതലാണ്. കുട്ടികളുമായി പോകുന്നവരോട് ജീപ്പ് സൗകര്യം പ്രയോജനപ്പെടുത്തണമെന്നാണ് പറയാറുള്ളത്.
രതീഷ്, വ്യാപാരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |