കോഴിക്കോട്: ഓടുന്ന ട്രെയിനിന് നേരെ കല്ലെറിയാൻ നിൽക്കേണ്ട പിടിവീഴും. ട്രെയിനിന് നേരെ അടിക്കടിയുണ്ടാവുന്ന കല്ലേറുകളും അതിക്രമങ്ങളും കൂടിയ സാഹചര്യത്തിൽ കുറ്റക്കാരെ കണ്ടെത്താൻ കർശന നടപടികളുമായി റെയിൽവേ. വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾക്കു നേരെ കല്ലെറിയലുകളും മറ്റ് അതിക്രമങ്ങളും കൂടിയിട്ടുണ്ട്. പ്ലാറ്റ്ഫോമിലും സ്റ്റേഷൻ പരിസരങ്ങളിലും ആർ.പി.എഫ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. സംശയാസ്പദമായി ചുറ്റികറങ്ങുന്നവരെ പിടികൂടും. സ്കൂളുകളിലും പൊതു ഇടങ്ങളിലും ബോധവത്കരണ പ്രവർത്തനങ്ങളും റെയിൽവേ നടത്തുന്നുണ്ട്. സി.സി.ടി.വി.കൾ, പ്രാദേശിക അന്വേഷണങ്ങൾ എന്നിവ വഴിയാണ് കല്ലെറിയുന്നവരെ ആർ.പി.എഫ് കണ്ടെത്തുന്നത്. കേസുകളിൽ കുറ്റക്കാരെ കണ്ടെത്തുന്നുമുണ്ട്. സെക‍്ഷൻ 150, 152, 153, 154 എന്നീ വകുപ്പുകളാണ് കുറ്റക്കാർക്കെതിരെ ചുമത്തുക. ഒന്നു മുതൽ 10 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കും. കല്ലേറിൽ വന്ദേഭാരത് ട്രെയിനിന്റെ ജനൽച്ചില്ലുകൾ പൊട്ടുകയാണ് പതിവ്. മറ്റുള്ള ട്രെയിനുകളിൽ കല്ലുകൾ അകത്തെത്തി യാത്രക്കാർക്ക് സാരമായി പരിക്കേൽക്കുന്നുണ്ട്. കഴിഞ്ഞ മാർച്ചിൽ ട്രെയിനിനു നേരെ സാമൂഹ്യവിരുദ്ധർ നടത്തിയ കല്ലേറിൽ പി.ജി വിദ്യാർത്ഥിനി ഐശ്വര്യ രാമകൃഷ്ണന്റെ താടിയെല്ല് പൊട്ടുകയും രണ്ട് പല്ലുകൾ നഷ്ടമാകുകയും ചെയ്തിരുന്നു. ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ കടലുണ്ടിക്കും ഫറോക്കിനും ഇടയിലായിരുന്നു സംഭവം. എൻജിനിലേക്കും കല്ലെറിയുന്ന സംഭവങ്ങളുണ്ട്.
സുരക്ഷിതമല്ല ട്രെയിൻ യാത്ര
കനത്ത സുരക്ഷയിലാണ് ട്രെയിനുകളും റെയിൽവേ പരിസരങ്ങളുമെന്ന് അധികൃതർ വാദിക്കുമ്പോഴും ട്രെയിനിലും റെയിൽവേ ഭൂമിയിലും അതിക്രമിച്ചു കയറുന്നവരുടെ എണ്ണത്തിലും ഒരു കുറവുമില്ല. രാത്രിയും പകലും റെയിൽവേ ട്രാക്കിലും പ്ലാറ്റ്ഫോമിലുമായി നിരവധി പേരാണ് അതിക്രമിച്ചു കയറുന്നത്. റെയിൽവേ ട്രാക്കിന്റെ ആളൊഴിഞ്ഞ ഭാഗങ്ങൾ രാത്രിയായാൽ ഒത്തുകൂടൽ കേന്ദ്രമാണ്. ലഹരി മാഫിയ മുതൽ മദ്യപസംഘം വരെ ഇക്കൂട്ടത്തിലുണ്ട്. കമ്പാർട്ടുമെന്റുകളിൽ ടി.ടി.ആർ ഇല്ലാത്ത പ്രശ്നവും യാത്രക്കാർ നേരിടുന്നുണ്ട്.
കല്ലേറ്; സംസ്ഥാനത്ത് 72 സംഭവങ്ങൾ
2025 ജനുവരി മുതൽ 2026 മാർച്ച് വരെ കേരളത്തിൽ ട്രെയിനുകൾക്ക് നേരെ 72 കല്ലേർ അതിക്രമങ്ങളാണുണ്ടായത്. പാലക്കാട് ഡിവിഷന്റെ കീഴിൽ 32 കല്ലേറുകളും തിരുവനന്തപുരം ഡിവിഷനിൽ 40 കല്ലെറിഞ്ഞ സംഭവങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.
പാലക്കാട്ട് 25 കേസുകൾ രജിസ്റ്രർ ചെയ്തു. 20 പേരെ അറസ്റ്റ് ചെയ്തു. വന്ദേഭാരത് ട്രെയിനിന് നേരെ ആറ് തവണയാണ് കല്ലേറുണ്ടായത്. ഇതിൽ നാലെണ്ണം കണ്ടെത്തി. മധുക്കരൈ - പോടന്നൂർ, തിരൂർ - താനൂർ ഭാഗങ്ങളിലാണ് കല്ലേറുകൾ കൂടുതലുണ്ടാകുന്നത്. തിരുവനന്തപുരം ഡിവിഷന്റെ കീഴിൽ എട്ട് യാത്രക്കാർക്ക് പരിക്കേറ്റു. ഈ കേസുകളിൽ 32 പേരെ അറസ്റ്റ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |