സംഘടിച്ചെത്തിയ പ്രവർത്തകർ പിരിഞ്ഞുപോയി
കൽപ്പറ്റ: പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി പ്രകടനം നടത്താൻ ഒരുങ്ങിയ പ്രവർത്തകരെ നേതാക്കൾ ഇടപെട്ട് തടഞ്ഞു. കൽപ്പറ്റയിലും സുൽത്താൻ ബത്തേരിയിലുമാണ് കോൺഗ്രസ് പ്രവർത്തകർ വലിയ റാലി നടത്താൻ ഒരുങ്ങിയത്. ഇന്നലെ വൈകിട്ട് നാലിന് കൽപ്പറ്റയിലും 5.30ന് ബത്തേരിയിലും റാലി നടത്താനായിരുന്നു നീക്കം. പോസ്റ്റർ തയ്യാറാക്കി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഇത് കണ്ട് ആയിരക്കണക്കിന് പ്രവർത്തകരാണ് പ്രകടനത്തിന് തയ്യാറെടുത്തത്. പിന്നാലെ ഡി.സി.സി നേതൃത്വം ഉൾപ്പെടെ ഇടപെട്ടാണ് പ്രകടനം ഒഴിവാക്കിയത്. പരമ്പരാഗത ഗ്രൂപ്പുകളിൽ ഉള്ള പ്രവർത്തകർ ഉൾപ്പെടെ വി.ഡി. സതീശന് പരസ്യ പിന്തുണയുമായി രംഗത്തെത്തിയത് നേതാക്കളെ ഞെട്ടിച്ചിട്ടുണ്ട്. ബത്തേരിയിലെ യുവകോൺഗ്രസ് നേതാവാണ് റാലിയുടെ സംഘാടനത്തിന് നേതൃത്വം നൽകിയത്. ഇദ്ദേഹത്തെ സംസ്ഥാനനേതാക്കൾ ഉൾപ്പെടെ ഫോണിൽ വിളിച്ച് റാലിയിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് അവസാന നിമിഷം റാലി ഉപേക്ഷിച്ചത്. റാലിക്കായി നിരവധി പ്രവർത്തകർ ബത്തേരിയിലും കൽപ്പറ്റയിലും എത്തിയിരുന്നു. ജില്ലയിലെ മൂന്ന് എം.എൽ.എമാരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി.വേണുഗോപാലിനെ പിന്തുണച്ചത് യു.ഡി.എഫ് പ്രവർത്തകർക്കിടയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മുസ്ലിം ലീഗ് ജില്ലാനേതാക്കൾ തന്നെ പ്രതിഷേധം പരസ്യമായി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |