
മാന്ദ്യ ഭീഷണി ശക്തമാകുന്നു
കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധം ക്രൂഡോയിൽ വിലയിൽ കുതിപ്പുണ്ടാക്കിയതോടെ ആഗോള സാമ്പത്തിക ലോകം കടുത്ത അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നു. ഇന്ധന വില വർദ്ധന ലോകമൊട്ടാകെ കടുത്ത സാമ്പത്തിക മാന്ദ്യമുണ്ടാക്കുമെന്ന ആശങ്ക ശക്തമാണ്. ഇറാൻ മുന്നോട്ടുവെച്ച സമാധാന കരാർ നിർദേശങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിക്കളഞ്ഞതോടെ ക്രൂഡോയിൽ വില ഇന്നലെ ബാരലിന് 103 ഡോളർ കവിഞ്ഞു. ഇതോടെ ലോകമെമ്പാടുമുള്ള ഓഹരി വിപണികൾ മൂക്കുകുത്തി. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ പണമൊഴുക്കിയതോടെ ഡോളറും അമേരിക്കൻ ബോണ്ടുകളും ശക്തിയാർജിച്ചു. യൂറോപ്പിലും അമേരിക്കയിലും ഇന്ധന ശേഖരം കുറയുന്നതിനാൽ വ്യാവസായിക ഉത്പാദനം മന്ദഗതിയിലാക്കുന്നതിന് കമ്പനികൾ നിർബന്ധിതരായേക്കും. ഇന്ധന അനിശ്ചിതത്വം ഏഷ്യയിലെയും യൂറോപ്പിലെയും ഓഹരി വിപണികളിലും വിൽപ്പന സമ്മർദ്ദം രൂക്ഷമാക്കി. നാണയപ്പെരുപ്പം നേരിടാനായി ലോകത്തിലെ പ്രമുഖ കേന്ദ്ര ബാങ്കുകൾ പലിശ വർദ്ധന അടക്കമുള്ള നടപടികളിലേക്ക് കടന്നേക്കുമെന്ന് വിലയിരുത്തുന്നു.
തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരികൾ
ക്രൂഡോയിൽ വിലക്കയറ്റത്തിനൊപ്പം രാജ്യത്ത് കൊവിഡ് കാലത്തിന് സമാനമായ സാമ്പത്തിക, വ്യാപാര നിയന്ത്രണങ്ങളുണ്ടാകുമെന്ന ആശങ്കയും ഇന്ത്യൻ ഓഹരി വിപണിയ്ക്ക് ഇന്നലെ തിരിച്ചടിയായി. ഇന്ത്യയുടെ ഇറക്കുമതി ബിൽ കുത്തനെ കൂടുന്നതും വിദേശ നാണയ ശേഖരത്തിലെ കനത്ത ഇടിവും കണക്കിലെടുത്ത് വർക്ക് ഫ്രം ഹോം, സ്വർണം, ഭക്ഷ്യ എണ്ണ, രാസവളം എന്നിവയുടെ ഉപഭോഗ നിയന്ത്രണം അടക്കമുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഗാർഹിക ഉപഭോക്താക്കളോടും ബിസിനസ് സമൂഹത്തോടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ആഹ്വാനം നടത്തിയിരുന്നു. വിദേശ യാത്രകൾ ഒഴിവാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഇതോടെ ജുവലറി, യാത്ര, ഹോട്ടൽ മേഖലയിലെ ഓഹരികൾ വിൽപ്പന സമ്മർദ്ദം നേരിട്ടു. കല്യാൺ ജുവലേഴ്‌സ് ഓഹരി വില 11 ശതമാനം ഇടിഞ്ഞു. മുഖ്യ സൂചികയായ സെൻസെക്സ് 1,312.91 പോയിന്റ് 76,015.28ൽ അവസാനിച്ചു. നിഫ്‌റ്റി 360.30 പോയിന്റ് ഇടിവോടെ 23,815.85ൽ വ്യാപാരം പൂർത്തിയാക്കി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളിലും കനത്ത തകർച്ചയുണ്ടായി.
റെക്കാഡ് താഴ്ചയിൽ രൂപ
ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ കരുത്താർജിച്ചതും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ റെക്കാഡ് ഇടിവുണ്ടാക്കി. ഡോളറിനെതിരെ രൂപയുടെ മൂല്യം 82 പൈസ നഷ്‌ടത്തോടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന തലമായ 95.31ൽ അവസാനിച്ചു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വൻ തോതിൽ പണം പിൻവലിച്ചതും രൂപയ്ക്ക് സമ്മർദ്ദം സൃഷ്‌ടിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |