
റായ്പൂർ: മുംബയ് ഇന്ത്യൻസിനെതിരായ വിജയത്തിന് ശേഷം തന്റെ ശരീരത്തിലുണ്ടായിരുന്ന പരിക്കിന്റെ ചിത്രം പങ്കുവച്ച് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു താരം ക്രുണാൽ പാണ്ഡ്യ. വയറിന്റെ ഭാഗത്തുണ്ടായ പരിക്കിന്റെ ഫോട്ടോയാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കിട്ടത്. 'ചില മുറിവുകൾ നമ്മൾ നടത്തിയ പോരാട്ടം വെറുതെയായില്ല എന്നതിന്റെ തെളിവാണ്.' എന്നായിരുന്നു ചിത്രത്തിലെ അടിക്കുറിപ്പ്.
മത്സരം നടക്കുമ്പോൾ പലതവണ താരത്തിന് പരിക്കേറ്റിരുന്നു. എന്നാൽ അതൊന്നും വകവയ്ക്കാതെ അദ്ദേഹം കളി തുടരുകയായിരുന്നു. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചിൽ ക്രുണാലിന്റെ തകർപ്പൻ അർദ്ധ സെഞ്ച്വറിയാണ് ആർസിബിക്ക് തുണയായത്. മുംബയ് ഉയർത്തിയ 167 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബിക്ക് മോശം തുടക്കമായിരുന്നു. വിരാട് കൊഹ്‌ലി തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾഡൻ ഡക്കായി മടങ്ങിയപ്പോൾ ടീം 39 റൺസിൽ രണ്ട് വിക്കറ്റ് എന്ന നിലയിൽ പതറി. എന്നാൽ ക്രുണാലിന്റെ മിന്നും പ്രകടനം കളിയുടെ ഗതിയെ തന്നെ മാറ്റിമറിച്ചു. കഠിനമായ പേശീവലിവും വേദനയും വകവയ്ക്കാതെ 46 പന്തുകളിൽ നിന്ന് അഞ്ച് സിക്സറുകളും നാല് ബൗണ്ടറിയും സഹിതം 73 റൺസാണ് പാണ്ഡ്യ നേടിയത്.
നിലവിലെ ജയത്തോടെ 14 പോയിന്റുമായി ആർസിബി ടേബിളിൽ രണ്ടാമതെത്തിയപ്പോൾ, തോൽവിയോടെ മുംബയ് ഇന്ത്യൻസ് പ്ലേ ഓഫ് കാണാതെ പുറത്തായി. അവസാന ഓവറിൽ 12 റൺസായിരുന്നു ആർസിബിക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. മുംബയ്‌യുടെ രാജ് അംഗദ് ബാവ എറിഞ്ഞ ഓവറിൽ എക്‌സ്‌ട്രാ റണ്ണുകളും ഭുവനേശ്വർ കുമാറിന്റെ സിക്സറും കളി ആർസിബിക്ക് അനുകൂലമാക്കി. അവസാന പന്തിൽ റാസിഖ് സലാം ദാർ വിജയറൺ കുറിച്ചതോടെ അവസാന പന്തിൽ തകർപ്പൻ ജയം സ്വന്തമാക്കുകയായിരുന്നു ആർസിബി.
KRUNAL PANDYA - AN ABSOLUTE FIGHTER. 🫡 pic.twitter.com/UvUc0r0qGC
— Mufaddal Vohra (@mufaddal_vohra) May 11, 2026
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |