തൃശൂർ : തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തൃശൂർ ജില്ലയിലെ മന്ത്രി സ്ഥാനത്തെക്കുറിച്ച് ചർച്ചകൾ സജീവമാകുന്നു.
കഴിഞ്ഞ 25 വർഷത്തിനിടെ ജില്ലയ്ക്ക് ഏറ്റവും കൂടുതൽ പ്രാതിനിധ്യം ലഭിച്ചത് ഒന്നാം പിണറായി സർക്കാരിന്റെ 2016 മുതൽ 2021 കാലഘട്ടമാണ്.
സി.പി.എമ്മിൽ നിന്ന് പ്രൊഫ.സി.രവീന്ദ്രനാഥും എ.സി.മൊയ്തീനും മന്ത്രിമാരായപ്പോൾ സി.പി.ഐയിൽ നിന്ന് വി.എസ്.സുനിൽ കുമാറിനും മന്ത്രി സ്ഥാനം ലഭിച്ചു. സി.പി.ഐയിലെ അഡ്വ.കെ.രാജൻ ചീഫ് വിപ്പായിരുന്നു. രണ്ടാം പിണറായി സർക്കാരിൽ കെ. രാധകൃഷ്ണൻ, കെ. രാജൻ, ഡോ. ആർ. ബിന്ദു എന്നിങ്ങനെ മൂന്ന് മന്ത്രിമാരുണ്ടായിരുന്നു. എന്നാൽ രാധകൃഷ്ണൻ എം.പിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ജില്ലയുടെ മന്ത്രിസ്ഥാനം രണ്ടായി ചുരുങ്ങി. 2001-2004 ൽ ആന്റണി സർക്കാരിൽ ജില്ലയ്ക്ക് മന്ത്രിമാരില്ലായിരുന്നു. തുടർന്ന് 2004 ൽ എ.കെ.ആന്റണി രാജിവച്ച് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോൾ കെ.പി.വിശ്വനാഥന് മന്ത്രി സ്ഥാനം ലഭിച്ചു. എന്നാൽ മറയൂർ ചന്ദനമുറി കേസുമായി ബന്ധപ്പെട്ട് പിന്നീട് രാജിവച്ചു.
അന്ന് തേറമ്പിൽ രാമകൃഷ്ണനായിരുന്നു സ്പീക്കർ. 2006-2011 വി.എസ് മന്ത്രി സഭയിൽ കെ.പി.രാജേന്ദ്രനായിരുന്നു ജില്ലയിൽ നിന്നുള്ള ഏക മന്ത്രി. 2011-2016 ഉമ്മൻ ചാണ്ടി സർക്കാരിൽ സി.എൻ.ബാലകൃഷ്ണൻ മന്ത്രിയും അഡ്വ.തോമസ് ഉണ്ണിയാടൻ ചീഫ് വിപ്പുമായി. പുതിയ യു.ഡി.എഫ് മന്ത്രിസഭയിൽ ജില്ലയിൽ ആർക്ക് മന്ത്രി സ്ഥാനം ലഭിക്കുമെന്നത് വ്യക്തതയില്ല. കോൺഗ്രസിലെ രാജൻ പല്ലൻ, സനീഷ് കുമാർ ജോസഫ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ.ജനീഷ് കുമാർ എന്നിവരും കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിലെ അഡവ.തോമസ് ഉണ്ണിയാടനുമാണ് തിരഞ്ഞെടുപ്പിൽ വിജയിച്ചവർ.
മന്ത്രിഭാഗ്യം ആർക്ക്
കോൺഗ്രസിന് നിലവിൽ പന്ത്രണ്ട് മന്ത്രി സ്ഥാനമാണ് ലഭിക്കുക. എന്നാൽ കോൺഗ്രസിൽ മന്ത്രിസ്ഥാനത്തിനായി പ്രമുഖരുടെ വലിയ നിര തന്നെയുണ്ട്. രാജൻ പല്ലനും ജനീഷും സഭയിൽ പുതുമുഖങ്ങളാണെങ്കിൽ സനീഷ് കുമാർ രണ്ടാം തവണയാണ് സഭയിലെത്തുന്നത്. അഡ്വ.തോമസ് ഉണ്ണിയാടന് മന്ത്രിസ്ഥാനം ലഭിക്കാൻ സാദ്ധ്യതയേറയാണ്. ജോസഫ് വിഭാഗത്തിന് മൂന്നു മന്ത്രി സ്ഥാനം ലഭിക്കുകയാണെങ്കിൽ മോൻസ് ജോസഫ്, അൻപു ജോസഫ്, ഉണ്ണിയാടൻ എന്നിവരെ പരിഗണിക്കാൻ സാദ്ധ്യതയേറെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |